2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അവകാശങ്ങള്‍ മുന്നാക്ക മേലാളന്മാര്‍ തട്ടിയെടുത്താലും, മറ്റൊരു പിന്നാക്കക്കാരന് കിട്ടരുതെന്ന വാശിയിലാണ് പിന്നാക്കക്കാരുടെ മിശിഹമാര്‍- സത്താര്‍ പന്തല്ലൂര്‍

 

സര്‍ക്കാര്‍ സര്‍വിസില്‍ മുന്നാക്ക സംവരണത്തിനു സംസ്ഥാന മന്ത്രിസഭയുടെ അവസാന വിജ്ഞാപനവും വരാന്‍ പോവുന്നു. പാവപെട്ടവന്‍ എന്നു പറഞ്ഞു, രണ്ടര ഏക്കര്‍ ഭൂമിയും നാലു ലക്ഷം വാര്‍ഷിക വരുമാനവുമുള്ളവര്‍ക്ക്, ഓപണ്‍ ക്വാട്ടയില്‍ നിന്ന് 10 ശതമാനം സംവരണം നല്‍കാനൊരുങ്ങുന്നു. എല്ലാവര്‍ക്കും തുല്യമായി കിട്ടേണ്ടതിന്റെ 10ശതമാനം നഷ്ടപ്പെടുന്നു. പക്ഷേ, ഇവിടെ ആര്‍ക്കും ഒരു കുലുക്കവുമില്ല.

സംവരണം എന്നത് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെ ഭരണ പങ്കാളിത്തത്തിലേക്ക് എത്തിക്കാന്‍ ഭരണഘടന ശില്‍പികള്‍ കണ്ടെത്തിയ താല്‍ക്കാലിക വഴിയാണ്. സാമ്പത്തിക പ്രയാസം തീര്‍ക്കുകയല്ല അതിന്റെ അടിസ്ഥാന ലക്ഷ്യം. സാമൂഹിക വിവേചനങ്ങള്‍ കൊണ്ട് മുഖ്യാധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് പൊതുധാരയില്‍ എത്താനുള്ള വഴിയാണത്. അതിനെയാണ് ഒരു തരത്തിലുള്ള സമൂഹിക വിവേചനത്തിനും ഇരകളാകാത്ത മുന്നാക്ക വിഭാഗത്തിനു നീക്കിവയ്ക്കുന്നത്. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ എല്ലാ വിഭാഗത്തിനും ലഭിക്കേണ്ട 10 ശതമാനം നഷ്ടമാകുന്നു എന്നതാണ് അതിന്റെ ഫലം. നിലവില്‍ സര്‍ക്കാര്‍ സര്‍വീസുകളിലെല്ലാം, ജനസംഖ്യയില്‍ പിന്നാക്കമായിട്ടും മുന്നാക്കക്കാരുടെ ആധിപത്യമാണ്. അവര്‍ക്ക് ഇനി 10 ശതമാനം സംവരണം കൂടി നല്‍കുന്നതോടെ, എല്ലാ മുന്നാക്കകാര്‍ക്കും സര്‍ക്കാര്‍ ജോലി ഉറപ്പ് വരുത്തുകയാണ് ഗവണ്‍മെന്റ്. അഥവാ മുന്നാക്കക്കാരുടെ ആധിപത്യം ഒരിക്കലും ഇവിടെ അവസാനിക്കില്ലെന്ന സന്ദേശം നല്‍കുകയാണവര്‍.

പിന്നാക്ക ജനവിഭാഗങ്ങള്‍ അസംഘടിതരും സമ്മര്‍ദ്ദശക്തികളുമല്ലെന്ന ധാരണയിലാണ് സര്‍ക്കാര്‍ ഈ ധിക്കാരം മുഴുവന്‍ കാട്ടിക്കൂട്ടുന്നത്. തങ്ങളുടെ അവകാശങ്ങള്‍ മുന്നാക്ക മേലാളന്മാര്‍ തട്ടിയെടുത്താലും, മറ്റൊരു പിന്നാക്കക്കാരന് കിട്ടരുതെന്ന വാശിയിലാണ് പിന്നാക്കക്കാരുടെ മിശിഹമാര്‍. കൊല്ലത്തെ ഓപ്പണ്‍ സര്‍വകലാശാലയുടെ വി.സി ആയി ഒരു ന്യൂനപക്ഷ പിന്നാക്കവിഭാഗത്തില്‍ പെട്ടയാള്‍ വന്നപ്പോള്‍, അതിനെതിരെ പച്ചയ്ക്ക് വര്‍ഗീയത വിളമ്പി രംഗം കലുഷമാക്കുന്ന വെള്ളാപളളിമാര്‍ അതിന്റെ ഒടുക്കത്തെ ഉദാഹരണമാണ്. ആ സ്ഥാനത്ത് ഒരു മുന്നാക്കക്കാരന്‍ വന്നാല്‍ ഇവര്‍ക്കൊന്നും ഒരു ജാതി പ്രശ്‌നവും ഇല്ലതാനും. വലിയ യുക്തി ഉപയോഗിച്ചു ‘സംവരണം തന്നെ മഹാ പാപമാണെന്നു’ പറയുന്നവരും മുന്നാക്ക സംവരണ കാര്യത്തില്‍ മൗനമാണ്.

പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങേണ്ട പ്രതിപക്ഷത്തിന്റെ ശ്രദ്ധ മറ്റു പലതിലുമാണ്. തങ്ങളെ ‘താക്കോല്‍ സ്ഥാന’ങ്ങളിലേക്ക് പ്രതിഷ്ഠിക്കുന്ന മുന്നാക്ക തമ്പുരാക്കന്മാരെ പിണക്കിയാല്‍ അധികാരത്തിലെത്താനാവില്ലെന്ന ആശങ്കയാണവര്‍ക്ക്. ഭരണത്തിലിരിക്കുന്നവരുടെ കാര്യമാണ് മഹാ കഷ്ടം. പീഢിത പിന്നാക്ക ജന വിഭാഗങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷം, ഇവിടത്തെ ജാതീയതയെയും സാമൂഹിക വിവേചനത്തെയും മാന്യമായി അഭിസംബോധ ചെയ്യാന്‍ ഇന്നോളം അവര്‍ക്ക് സാധിച്ചിട്ടില്ല എന്നതു തന്നെ കാരണം. എല്ലാത്തിനെയും സാമ്പത്തിക മാനദണ്ഡങ്ങള്‍ വെച്ചു അളക്കുന്ന അബദ്ധമാണ് അവരുടേത്. ഇവിടെയും അവര്‍ത്തിക്കുന്നത് അതു തന്നെ. കേരളത്തിലെ ഇടതുപക്ഷത്തിന്റെ വേട്ടു ബാങ്ക് പിന്നാക്ക ജനവിഭാഗങ്ങളായിട്ടും, അവരെ അവഗണിച്ചു മുന്നാക്കക്കാരുടെ പിന്നാലെ പായാനുളള സര്‍ക്കാര്‍ ശ്രമം ഇടതു പ്രത്യയശാസ്ത്ര പരാജയം കൂടിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.