
ഗീതയെ ഇന്ത്യയ്ക്ക് തിരിച്ചേല്‍പ്പിച്ച പാകിസ്താനിലെ ഇഥി ഫൗണ്ടേഷന് സ്ഥാപകന്‍ അബ്ദുല്‍ സത്താര്‍ ഇഥി കഷ്ടതയില്ലാത്തവരുടെ ലോകത്തേയ്ക്ക്. കഷ്ടത നിറഞ്ഞ ബാല്യമാണ് പാകിസ്താനിലെ ഫാദര്‍ തെരേസയെന്ന് വിളിക്കപ്പെടുന്ന ഈ മനുഷ്യസ്്നേഹിയെ നിരവധി പേരുടെ കണ്ണീരൊപ്പാന്‍ പ്രാപ്തനാക്കിയത്. മഹാനായ സേവകനെ നഷ്ടമായി എന്നായിരുന്നു പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അനുശോചന സന്ദേശം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി ഗീതയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ മുന്‍കൈയെടുത്തത് സത്താര്‍ ഇഥിയായിരുന്നു. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഥി ഫൗണ്ടേഷന്റെ സംരക്ഷണത്തിലായിരുന്നു ഗീത കഴിഞ്ഞിരുന്നത്.
ഹിന്ദുവായി തുടരാനുള്ള ഗീതയുടെ ആഗ്രഹം സത്താര്‍ ഇഥി സംരക്ഷിച്ചു. ഗീത എന്ന പേര് നല്കിയതും സത്താര്‍ ഇഥിയാണ്. ഹൈന്ദവ ആചാരപ്രകാരം വര്‍ഷങ്ങളോളം ഗീതയെ വളര്‍ത്തിയ ശേഷം ഇന്ത്യയിലെ ബന്ധുക്കളെ തിരിച്ചറിഞ്ഞതോടെയാണ് ഗീതയെ ഇന്ത്യയിലേക്ക് അയക്കാന്‍ അദ്ദേഹം തയാറായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഗീതയെ ഇന്ത്യയിലെത്തിച്ചപ്പോള്‍ ഇഥി ഫൗണ്ടേഷന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു കോടി രൂപ സംഭാവന നല്‍കാമെന്ന വാഗ്്ദാനം ചെയ്തെങ്കിലും സത്താര്‍ ഇഥി നിരസിക്കുകയായിരുന്നു.
കഴിഞ്ഞ മാസം അസുഖബാധിതനായി ചികിത്സയ്ക്ക് മുന്‍ പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരി സഹായം നല്കിയപ്പോഴും ഇഥി നിരസിച്ചു. 1924 ജനുവരി ഒന്നിന് ബോംബെ പ്രസിഡന്‍സിക്ക് കീഴിലുള്ള ഗുജറാത്തിലാണ് അദ്ദേഹം ജനിച്ചത്. 1947ലെ വിഭജനത്തോടെ പാകിസ്താനിലെ കറാച്ചിയിലെത്തി. 1951 ലാണ് പാവങ്ങളെ സഹായിക്കാന്‍ ഫൗണ്ടേഷന് സ്ഥാപിച്ചത്.
1986ല്‍ പൊതുപ്രവര്‍ത്തനത്തിനുള്ള മഗ്്സാസെ അവാര്‍ഡ് ജേതാവായ ഇഥി പലതവണ നൊബേല്‍ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം മകന് ഫൈസല്‍ ഇഥിയെ അദ്ദേഹം ട്രസ്റ്റിന്റെ ചുമതലയും ഏല്‍പ്പിച്ചിരുന്നു. അശരണരായ പതിനായിരക്കണക്കിന് പേര്‍ക്ക് തണലൊരുക്കിയാണ് ഇഥി വിടവാങ്ങുന്നത്.