2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വംശഹത്യയുടെ 21 നാളുകള്‍; ലോകമേ കണ്‍ തുറന്നു കാണൂ ഇസ്‌റാഈല്‍ തകര്‍ത്തെറിഞ്ഞ ഗസ്സയെ

വംശഹത്യയുടെ 21 നാളുകള്‍; ലോകമേ കണ്‍ തുറന്നു കാണൂ ഇസ്‌റാഈല്‍ തകര്‍ത്തെറിഞ്ഞ ഗസ്സയെ

21 നാളുകളാവുന്നു ഗസ്സയില്‍ ഇസ്‌റാഈല്‍ നരനായാട്ട് തുടങ്ങിയിട്ട്. ലോകത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായ ഗസ്സയെ തകര്‍ത്തു തരിപ്പണമാക്കിക്കഴിഞ്ഞു സയണിസ്റ്റ്. രണ്ട് ലക്ഷം ഹൗസിങ് യൂനിറ്റുകളാണ് ഇവിടെ തകര്‍ക്കപ്പെട്ടത്. ഏഴായിരത്തിലേറെ ആളുകളെ കൊന്നൊടുക്കി. പൂക്കള്‍ വിടര്‍ന്നു നിന്നിരുന്ന പാതയോരങ്ങളില്‍ തകര്‍ച്ചയുടെ അവശിഷ്ടങ്ങളും പുകപടലങ്ങളും മാത്രമാണ് കാണുന്നത്.

പല കുടുംബങ്ങളേയും വേരോടെ പിഴുതെറിഞ്ഞുവെന്ന് ഫലസ്തീന്‍ മന്ത്രി മുഹമ്മദ് സിയാറ പറയുന്നു. ആശുപത്രികള്‍ ആരാധനാലയങ്ങള്‍ ബേക്കറികള്‍ കുടിവെള്ള സംഭരണികള്‍ മാര്‍ക്കറ്റുകള്‍ സ്‌കൂളുകള്‍ തുടങ്ങി തകര്‍ത്തെറിഞഞ്ഞ പൊതു സ്ഥാപനങ്ങളും നിരവധി. തകര്‍ന്നടിഞ്ഞ ഗസ്സയുടെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ഇന്ധനക്ഷാമം രൂക്ഷമായതോടെ 24 മണിക്കൂറിനകം പ്രദേശത്ത് ആംബുലന്‍സുകളുടെ സേവനവും അവസാനിക്കുമെന്ന് മാധ്യമപ്രവര്‍ത്തകനായ വാലിദ് മഹ്മൂദ് ട്വീറ്റ് ചെയ്യുന്നു.

ഇന്ധനം ക്ഷാമം രൂക്ഷമായതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം യു.എന്‍ അറിയിച്ചിരുന്നു. ആശുപത്രികള്‍ നിറഞ്ഞു കവിയുകയും യു.എന്‍ ലോകഭക്ഷ്യപദ്ധതി വഴി ഭക്ഷണം വിതരണം ചെയ്തിരുന്ന ബേക്കറികള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഗസ്സയില്‍ 20 ലക്ഷം പേര്‍ ജീവിതത്തിനു വേണ്ടി പൊരുതുകയാണെന്നും ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യുവിലെ ജൂലിയറ്റ് ട്രൗമ പറയുന്നു.

ഗസ്സക്കുമേല്‍ ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചാണ് ഗസ്സയെ ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ക്കുന്നത്. ഒക്ടോബര്‍ ഏഴുമുതല്‍ തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 7,028 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 66 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

ഗസ്സയില്‍ തുടരുന്ന ഇസ്‌റാഈലിന്റെ കിരാതമായ ആക്രമണത്തില്‍ ചികിത്സ കിട്ടാതെ അരലക്ഷം ഗര്‍ഭിണികള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.എന്നുംഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് വെള്ളമോ ഭക്ഷണമോ സുരക്ഷിതമായി പ്രസവിക്കാനുള്ള സൗകര്യമോ മരുന്നോ ലഭിക്കുന്നില്ലെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് അറിയിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.