
കേരളം വിറങ്ങലിച്ച് നിന്ന പ്രളയദിനങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ എല്ലാവരും വാനോളം പുകഴ്ത്തുന്നു. എല്ലാം വാക്കുകള്‍കൊണ്ടുള്ള പ്രകടനങ്ങള്‍ മാത്രം. മത്സ്യത്തൊഴിലാളികള്‍ക്കു തീര്‍ച്ചയായും സംസ്ഥാനം ചെയ്തുകൊടുക്കേണ്ടതായി പലതുമുണ്ടായിരുന്നു. അതെല്ലാം സൗകര്യപൂര്‍വം വിസ്മരിക്കപ്പെട്ടു. അതില്‍ പ്രധാനമാണ് ഓഖി ദുരിതാശ്വാസം. ഓഖി ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളും അതിനു മുഖ്യമന്ത്രി നല്കിയ മറുപടിയും ഒരു കാര്യം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും കണക്കുകളില്‍ ചില വ്യത്യാസങ്ങളുണ്ടെങ്കിലും ഫണ്ട് വിനിയോഗത്തില്‍ വലിയ അലംഭാവം ഉണ്ടായി എന്നത്.
കഴിഞ്ഞ ഏപ്രില്‍ 20 വരെ ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കിട്ടിയ 104.24 കോടി രൂപയും അടിയന്തര ദുരിതാശ്വാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച133 കോടി രൂപയുമുള്‍പ്പെടെ മൊത്തം ലഭിച്ചത് 237.24 കോടി രൂപയാണെന്നാണു പ്രതിപക്ഷനേതാവിന്റെ കണക്ക്. ഇതില്‍ ഏപ്രില്‍ 20 വരെ സര്‍ക്കാര്‍ ചെലവഴിച്ചതാകട്ടെ 25.11 കോടി രൂപ മാത്രമാണെന്നും അദ്ദേഹം പറയുന്നു. അതായത്, ലഭിച്ച തുകയുടെ 11 ശതമാനം മാത്രം.
മുഖ്യമന്ത്രി കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞ കണക്കനുസരിച്ച്, മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കു കിട്ടിയതു 107 കോടി രൂപയാണ്; ഇതില്‍ 65.68 കോടി രൂപ ഇതുവരെ ചെലവഴിച്ചു. ഇപ്പോള്‍ നടന്നുവരുന്നതും ഉത്തരവു പുറപ്പെടുവിക്കാനുള്ളതുമായ പദ്ധതികള്‍ക്കായി 84.90 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ളതു കൂടാതെ സംസ്ഥാന ദുരിതാശ്വാസ പ്രതികരണ നിധിയിലേക്കു മറ്റൊരു 111 കോടി രൂപ ലഭിച്ചിരുന്നു. അങ്ങനെ ആകെ ലഭിച്ച 218 കോടി രൂപയില്‍ 116.79 കോടി രൂപ ഇതുവരെ ചെലവഴിക്കുകയോ അതിനുള്ള ഉത്തരവാകുകയോ ചെയ്തിട്ടുണ്ട്.
നാനാവിഭാഗങ്ങളില്പ്പെട്ടവരുടെ പണമാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വന്നിട്ടുള്ളത്. സംഭാവന നല്കിയവര് അത് എത്രയുംവേഗം അര്‍ഹതയുള്ളവരുടെ കൈകളില്‍ എത്തണമെന്നാഗ്രഹിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ പ്രവഹിക്കുന്നുണ്ട്.
ഓരോ ദുരന്തവുമായി ബന്ധപ്പെട്ടു ശേഖരിച്ച പണം പൂര്‍ണമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ ജനങ്ങളുടെ ഔദാര്യവും പങ്കുവയ്ക്കല്‍ സന്നദ്ധതയും വളര്‍ത്തിയെടുക്കാനാവൂ.
സഹായം നല്കുന്ന ഏതൊരാള്‍ക്കും അത് യഥാവിധി ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ആഗ്രഹമുണ്ടാ
വും. അതു നിറവേറ്റിക്കൊടുക്കാന്‍ സര്‍ക്കാരിനു സാധിക്കണം. കിട്ടാത്തതിനെക്കുറിച്ചു പരാതിപ്പെടുന്നതിനുപകരം കിട്ടിയതു നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ഉള്ള നീക്കമാണ് വേണ്ടത്. പരസ്പരം പഴിചാരി കരുണവറ്റാത്ത ജനങ്ങളുടെ മനസിനെ വേദനിപ്പിക്കുന്നതിന് പകരം വകമാറാതെ ചെലവഴിച്ച് സുതാര്യത തെളിയിക്കാന്‍ കഴിയാണം. അതാണ് പൊതുജനം പ്രതീക്ഷിക്കുന്നത്.