2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ജെ.എൻ.യുവിലെ ആദ്യ വനിതാ വൈസ് ചാന്‍സലറായി ശാന്തിശ്രീ ധൂലിപ്പുടി

ജെഎൻയു വൈസ് ചാൻസലറായി അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയ എം.ജഗദേഷ് കുമാറിനെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ചെയർമാനായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമനം

 

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശായുടെ   ആദ്യ വനിത വൈസ് ചാന്‍സലറായി പ്രൊഫസർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ നിയമിച്ചു. 5 വര്‍ഷമാണ് നിയമനത്തിന്‍റെ കാലാവധി. ശാന്തിശ്രീ പണ്ഡിറ്റിനെ വി സിയാക്കുന്നതില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയിട്ടുണ്ട്.

59 കാരിയായ ശാന്തിശ്രീ പണ്ഡിറ്റ് ജെ എന്‍ യുവിലെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്നു. നിലവില്‍ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമാണ്. എംഫിലും ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡിയും ജെഎന്‍യുവില്‍ നിന്നാണ് പണ്ഡിറ്റ് പൂര്‍ത്തിയാക്കിയത്.  

 
 

തെലുങ്ക്, തമിഴ്, മറാത്തി, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്, കന്നഡ, മലയാളം, കൊങ്കണി എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ള ശാന്തിശ്രീ  ചെന്നൈയിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഒന്നാം റാങ്കോടെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ ഡിപ്ലോമയും,1983-ൽ മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് ഹിസ്റ്ററി ആൻഡ് സോഷ്യൽ സൈക്കോളജിയിൽ  ബിഎ ബിരുദവും കരസ്ഥമാക്കി .  ബിരുദ പഠനത്തിൽ യൂണിവേഴ്സിറ്റി ഒന്നാം റാങ്കും സ്വർണ്ണ മെഡൽ ജേതാവും ആയിരുന്നു. പൊളിറ്റിക്കൽ സയൻസിൽ  ബിരുദാനന്തര ബിരുദവും  നേടിയിട്ടുണ്ട്.  

1988ല്‍ ഗോവ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ശാന്തിശ്രീ തന്‍റെ അധ്യാപന ജീവിതം ആരംഭിക്കുന്നത്. ശേഷം 1993 ല്‍ പൂണെ സര്‍വകലാശാലയിലേക്ക് മാറി. വിവിധ അക്കാമദമിക് കമ്മിറ്റികളില്‍ ഉന്നത സ്ഥാനം വഹിച്ചിട്ടുള്ള ശാന്തിശ്രീ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി), ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) അംഗം, കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള വിസിറ്റേഴ്സ് നോമിനി എന്നി പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

രാജ്യത്തെ രണ്ട് പ്രധാന കേന്ദ്ര  സർവ്വകലാശാലകളിൽ   രണ്ട് വനിതാ വൈസ് ചാൻസലർമാരെ നിയമിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിന് വലിയ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു.  പ്രൊഫസർ നജ്മ അക്തറിനെ ജാമിയ മില്ലിയ ഇസ്ലാമിയയുടെ വൈസ് ചാൻസലറായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രൊഫസർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ ജെഎൻയു വൈസ് ചാൻസലറായി നിയമിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.