2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മലപ്പുറത്ത് തട്ടമിടാത്ത പെണ്‍കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടം: കെ. അനില്‍കുമാര്‍, വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി മാറ്റുന്നത് വിവരക്കേട്: കെടി ജലീല്‍

മലപ്പുറത്ത് തട്ടമിടാത്ത പെണ്‍കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടം: കെ. അനില്‍കുമാര്‍,വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി മാറ്റുന്നത് വിവരക്കേട്: കെടി ജലീല്‍

കോഴിക്കോട്: മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്ന് സി.പി.എം നേതാവ് അഡ്വ. കെ. അനില്‍കുമാര്‍. എന്നാല്‍ ഈ പ്രസ്താവനെ തള്ളി കെ.ടി ജലീല്‍ രഗത്തെത്തി. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും ജലീല്‍ പ്രതികരിച്ചു.

ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിള്‍ ശരിയായ ബോധ്യമില്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും പ്രതികരിക്കരുത്. സ്വന്തം നിരീക്ഷണങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടേതാണെന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. വര്‍ഗീയമനോഭാവമുള്ളവരും രാഷ്ടീയവൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യുമെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

   

പരാമര്‍ശത്തിനെതിരെ എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരും രംഗത്തെത്തി. മലപ്പുറത്തെ പെണ്ണുങ്ങളെക്കാള്‍ മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് പാലിക്കുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുള്ള കണ്ണൂരും കാസര്‍കോടുമാണെന്ന് സന്താര്‍ പന്തല്ലൂര്‍ പറഞ്ഞു. പാര്‍ട്ടിക്ക് മുസ്‌ലിംളെ കുറിച്ച് ഒരു ചുക്കും അറിയില്ല. രണ്ട് പതിറ്റാണ്ട് മുന്‍പ്, കാംപസുകളില്‍ തട്ടമിട്ട ഉമ്മച്ചിക്കുട്ടികള്‍ വിരളമായിരുന്നെങ്കില്‍ ഇന്നത് നേരെ തിരിച്ചാണ്. അതിന്റെ കാരണം ഒരു പാര്‍ട്ടിയുമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് മരിക്കുന്നത് വരെ അദ്ദേഹത്തിന്റെ മത ചിഹ്നമായ തലപ്പാവ് ധരിച്ചിരുന്നു. അത് ഒരിക്കല്‍ പോലും അഴിച്ചു വെപ്പിക്കാന്‍ സാധിക്കാത്ത കക്ഷിയാണ് കമ്യൂണിസ്റ്റ് പാര്‍ടി. ആ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം ഇപ്പോള്‍ അവകാശപ്പെടുന്നത്, തട്ടം തലയിലിടാന്‍ തന്നാല്‍, അത് വേണ്ട എന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഉണ്ടായത്‌കൊണ്ടാണെന്ന്.
പാര്‍ട്ടിക്ക് മുസ്‌ലിംകളെ കുറിച്ചു ഒരു ചുക്കും അറിയില്ലെന്ന് വ്യക്തം. രണ്ട് പതിറ്റാണ്ട് മുമ്പ്, കാമ്പസുകളില്‍ തട്ടമിട്ട ഉമ്മച്ചിക്കുട്ടികള്‍ വിരളമായിരുന്നു. ഇന്നത് നേരെ തിരിച്ചാണ്. അതിന്റെ കാരണം ഒരു പാര്‍ട്ടിയുമല്ല.
പിന്നെ ഈ നാടിനെ കുറിച്ച് പാര്‍ട്ടി ഒന്ന് പഠിക്കണം. മലപ്പുറത്തെ പെണ്ണുങ്ങളെക്കാള്‍ മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് പാലിക്കുന്നത്, പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന കണ്ണൂരും കാസര്‍കോഡുമാണെന്ന് അനുഭവം. തെക്കുള്ളവര്‍ കൂടുതല്‍ തുറന്നിടുന്നത് കാണാം. ഇതൊന്നും ഒരു പാര്‍ട്ടിയുടെയും സ്വാധീനം കാരണമല്ല.
അറബ് രാജ്യങ്ങളില്‍ പോലും ലിബറല്‍മോഡേണിസ്റ്റ് ഫെമിനിസ്റ്റ് പാര്‍ന്റെമിക് രോഗബാധയേറ്റവര്‍ തട്ടം വലിച്ചെറിയുന്നത് കാണാം. പാര്‍ട്ടിക്ക് വേണമെങ്കില്‍ അതിന്റെ പിതൃത്വവും ഏറ്റെടുക്കാം
രാജസ്ഥാനിലെയും മറ്റും പെണ്ണുങ്ങള്‍ മതജാതി വ്യത്യാസമന്യേ തലയും മുഖവും മറക്കുന്നത് പാര്‍ട്ടി അവിടെ ഇല്ലാത്തത് കൊണ്ടാണ് എന്ന് ആരും പറയാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി. രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടന എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ്’23 നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം. മലപ്പുറത്തുനിന്നു വരുന്ന പുതിയ പെണ്‍കുട്ടികളെ കാണണം. തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടായെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായാണ്, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നാണു ഞങ്ങള്‍ വിശ്വസിക്കുന്നത്. സ്വതന്ത്രചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല. മുസ്ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിനു നന്ദി പറയേണ്ടത് എസ്സെന്‍സിനോടല്ല, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടാണ്. ഒരു യുക്തിവാദപ്രസ്ഥാനത്തിന്റെയും പിന്തുണ കൊണ്ടല്ല പട്ടിണി മാറുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു.

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തും.

തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പര്‍ദ്ദയിട്ട മുസ്‌ലിം സഹോദരിയെ വര്‍ഷങ്ങളായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൗണ്‍സിലറാക്കിയ പാര്‍ട്ടിയാണ് സി.പി.ഐ(എം). സ്വതന്ത്രചിന്ത എന്നാല്‍ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ട. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റുവെന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല.

ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജല്‍പ്പനങ്ങള്‍ മുസ്‌ലിംലീഗിന്റെ നിലാപാടല്ലാത്തത് പോലെ, മന്ത്രി വീണാ ജോര്‍ജിനെതിരെ കെ.എം ഷാജി ഉപയോഗിച്ച സംസ്‌കാരശൂന്യ വാക്കുകള്‍ ലീഗിന്റെ നയമല്ലാത്തത് പോലെ, അഡ്വ. അനില്‍കുമാറിന്റെ അഭിപ്രായം സി.പി.ഐ.എമ്മിന്റേതുമല്ലെന്ന് തിരിച്ചറിയാന്‍ വിവേകമുള്ളവര്‍ക്കാവണം.

കേരളത്തിലെ 26% വരുന്ന മുസ്‌ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിനുപോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവര്‍ത്തകര്‍ക്കും സാഹിത്യകലാസാംസ്‌കാരിക നായകര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും മതസാമുദായിക നേതാക്കള്‍ക്കുമില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകള്‍ പലപ്പോഴും സംഭവിക്കുന്നത്. അവര്‍ ഏത് രാഷ്ട്രീയചേരിയില്‍ പെട്ടവരാണെങ്കിലും ശരി.

ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ തന്റെ നിരീക്ഷണങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടേതാണെന്ന് വ്യങ്ങ്യമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കില്‍ വര്‍ഗീയമനോഭാവമുള്ളവരും രാഷ്ടീയവൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യും.

എന്റെ സുഹൃത്തും സി.പി.ഐ(എം) ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവുമായ എ.എം ആരിഫ് എം.പിയുടെ വന്ദ്യ മാതാവ് ഒരാഴ്ചമുന്‍പാണു മരണപ്പെട്ടത്. ഞാന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കളുള്ള നാടാണ് കേരളം. ബഹുജന പാര്‍ട്ടിയാണ് സി.പി.ഐ(എം).

അതുമറന്ന് ചില തല്‍പരകക്ഷികള്‍ അഡ്വ. അനില്‍കുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സി.പി.ഐ.എമ്മിന്റേതാണെന്നു വരുത്തിത്തീര്‍ത്ത് വിശ്വാസികളായ മുസ്‌ലിം വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേര്‍ന്നതല്ല.

ഞങ്ങളുടെ മകള്‍ സുമയ്യ ബീഗം എം.ബി.ബി.എസ് പൂര്‍ത്തിയാക്കി ഡോക്ടറായി. അന്തമാനിലെ പോര്‍ട്ട്ബ്ലയറിലെ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് അവള്‍ പഠിച്ചത്. നല്ല മാര്‍ക്കോടെ വിജയിച്ചു. ഞാനും ഭാര്യയും സുമയ്യയെ കൂട്ടാനും, 2017 ബാച്ചിന്റെ ‘ഫെയര്‍വെല്‍ സെറിമണി’യില്‍ പങ്കെടുക്കാനുമാണ് പോര്‍ട്ട്ബ്ലയറില്‍ എത്തിയത്. ചടങ്ങില്‍ സ്വാഗതം പറഞ്ഞത് സുമയ്യയാണ്. തട്ടമിട്ട അവള്‍ പുരോഗമന ചിന്തയില്‍ ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസമുള്ള, തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.