2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഇനിയൊന്നിനും തകര്‍ക്കാനാവാത്ത വിധം ഞങ്ങളെ കരുത്തരാക്കിയ, സങ്കല്‍പങ്ങള്‍ക്കതീതമായ അഞ്ച് കഠിന വര്‍ഷങ്ങള്‍’ ശ്വേത സഞ്ജീവ് ഭട്ടിന്റെ, ഹൃദയം തൊടുന്ന കുറിപ്പ്

‘ഇനിയൊന്നിനും തകര്‍ക്കാനാവാത്ത വിധം ഞങ്ങളെ കരുത്തരാക്കിയ, സങ്കല്‍പങ്ങള്‍ക്കതീതമായ അഞ്ച് കഠിന വര്‍ഷങ്ങള്‍’ ശ്വേത സഞ്ജീവ് ഭട്ടിന്റെ, ഹൃദയം തൊടുന്ന കുറിപ്പ്

ന്യൂഡല്‍ഹി: ‘സഞ്ജീവ് ഒരു പോരാളിയാണ്..ഒത്തിരി കഠിനതകളെ അതിജീവിച്ചവനാണ്. കഴിഞ്ഞ 22 വര്‍ഷങ്ങള്‍, പ്രത്യേകിച്ച് ഈ അഞ്ചു വര്‍ഷങ്ങള്‍ സഞ്ജീവ് സങ്കല്‍പിക്കാന്‍ പോലുമാവാത്ത കഠിനതകളും പ്രയാസങ്ങളുമാണ് ഞാനും കുട്ടികളും താണ്ടിയത്. എത്രയെന്നു വെച്ചാന്‍ ഇനിയൊന്നിനും ഞങ്ങളെ തകര്‍ക്കാനാവാത്ത വിധം’ വ്യാജകേസില്‍ മുന്‍ ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് തടവിലാക്കപ്പെട്ടിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തില്‍ വികാരനിര്‍ഭരവും പ്രചോദനപരവുമായ കുറിപ്പ് ട്വിറ്ററില്‍ (എക്‌സ്) പങ്കുവെച്ച് ഭാര്യ ശ്വേത. സ്വന്തം കുടുംബമോ കമ്യൂണിറ്റിയോ ഒന്നുമല്ലാത്ത, തനിക്കറിയുക പോലും ചെയ്യാത്ത ഒരു പറ്റം മനുഷ്യര്‍ ഫാസിസത്തിന്റെ കൊടുംക്രൂരതകള്‍ക്കിരയാകുന്നതു കണ്ട് അവര്‍ക്കുവേണ്ടി മര്‍ദ്ദകര്‍ക്കെതിരെ വിരല്‍ചൂണ്ടിയതുകൊണ്ടു മാത്രമാണ് സുഖസ്വാസ്ഥ്യങ്ങളില്‍ കഴിയേണ്ട ഈ മനുഷ്യന്‍ നാലാണ്ടുകളായി തടവറയില്‍ കഴിയുന്നത

‘അചഞ്ചലമായ ധീരതയും അജയ്യമായ ആത്മവീര്യവും പ്രതിധ്വനിക്കുന്നതാണ് സഞ്ജീവ് ഭട്ട് എന്ന പേര്. സഞ്ജീവിന്റെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്താനും തകർക്കാനും കഴിയുമെന്ന് കരുതിയാണ് ഭരണകൂടം അദ്ദേഹത്തെ ജയിലിലടച്ചത്. എന്നാൽ അദ്ദേഹം കൂടുതൽ ശക്തനാവുകയാണുണ്ടായതെന്നും ശ്വേത കുറിച്ചു. ഭയവും അത്യാഗ്രഹവും കൊണ്ട് വികലാംഗരായ ദുർബലരായ ഭീരുക്കൾക്ക് സഞ്ജീവിനെപ്പോലെയുള്ള ഒരാളുടെ ധീരതയും ശക്തിയും അളക്കാൻ കഴിയില്ല. സഞ്ജീവിന്റെ ശബ്ദം ഇല്ലാതാക്കാൻ ഭരണകൂടം തങ്ങളുടെ അധികാരത്തെയും സ്ഥാപനങ്ങളെയും ആസൂത്രിതമായി ദുരുപയോഗം ചെയ്തുവെന്നും ശ്വേത പറഞ്ഞു. സഞ്ജീവ് ഭട്ടിൻറെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പ് വായിക്കാം
‘അഞ്ച് വർഷം മുമ്പ് ഈ ദിവസം, ഞങ്ങളുടെ ഹൃദയത്തെ അത്രമേൽ തകർത്ത അത്രമേൽ ആഴമേറിയൊരു അനീതിക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു. ധീരനായ, സത്യസന്ധനായ, നിർഭയനായ സഞ്ജീവ് ഭട്ട് എന്ന ഉദ്യോഗസ്ഥന്റെ ആത്മവീര്യം തകർക്കാനും, സത്യത്തോടും നീതിയോടുമുള്ള അദ്ദേഹത്തിൻറെ അചഞ്ചലമായ പ്രതിബദ്ധതയെ നിശബ്ദമാക്കാനുമുള്ള വിഫലവും നിർലജ്ജവുമായുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന സർക്കാർ അദ്ദേഹത്തെ വ്യാജ കേസിൽ തടവിലാക്കി.

ഇന്ന്, സഞ്ജീവിനെ തീർത്തും അനീതിപരമായി തടവിൽ പാർപ്പിച്ച് 5 വർഷം പൂർത്തിയാക്കുന്ന, നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തിന്റെ 5 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ,
സഞ്ജീവിന്റെ അചഞ്ചലമായ ശക്തി, അചഞ്ചലമായ ധൈര്യം, അചഞ്ചലമായ നിശ്ചയദാർഢ്യം എന്നിവയാൽ പ്രചോദിതരായി ഞങ്ങൾ സധൈര്യം നിൽക്കുകയാണ്.

ഈ ഭരണകൂടം അവരുടെ അധികാരത്തെയും അധികാര സംവിധാനങ്ങളേയും ദുർവിനിയോഗം ചെയ്തു.
എന്നാൽ അവരുടെ നീക്കങ്ങളൊന്നും അദ്ദേഹത്തെ തകർത്തില്ല. പകരം പകരം, ഈ കഴിഞ്ഞ വർഷങ്ങൾ സഞ്ജീവിനെ അചഞ്ചലമായ ശക്തിയുടെയും വഴങ്ങാത്ത ധൈര്യത്തിന്റെയും പ്രതീകമാക്കി മാറ്റി.

സഞ്ജീവിന്റെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്താനും തകർക്കാനും കഴിയുമെന്ന് ഈ ഭരണകൂടം കരുതി. എന്നാൽ, ഭയവും അത്യാഗ്രഹവും കൊണ്ട് ഇഴയുന്ന ഭീരുക്കളും ദുർബലരുമായ ഇവർക്ക് സഞ്ജീവിനെപ്പോലെയുള്ള ഒരാളുടെ ധീരതയും ശക്തിയും അളക്കാൻ കഴിയില്ല. ഇത്തരം സമ്മർദങ്ങൾക്ക് വിധേയനാകുന്നയാളല്ല അദ്ദേഹം. അടിച്ചമർത്തപ്പെടുമ്പോൾ നിരാശനാകുന്ന തരക്കാരനല്ല സഞ്ജീവ്. കൂടുതൽ കരുത്തോടെ പോരാടുക തന്നെ ചെയ്യും. ഈ ഭരണകൂടത്തെപ്പോലെ ഭയത്താൽ കെട്ടിപ്പടുത്ത അധികാരത്തിലല്ല, മറിച്ച് സഞ്ജീവിന്റെ ശക്തി അദ്ദേഹത്തിന്റെ സത്യസന്ധത, ആത്മാർഥത, നിലപാടുകൾ, കുടുംബം എന്നിവയിലാണ്. ഒപ്പം അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് അഭ്യുദയകാംക്ഷികളും അദ്ദേഹത്തിന് അതിരില്ലാത്ത ശക്തി പകരുന്നു.

അടിച്ചമർത്താനുള്ള ദയാശൂന്യരായ ഭരണകൂടത്തിന്റെ ശ്രമങ്ങൾ സഞ്ജീവിനെ മുമ്പത്തേക്കാൾ കൂടുതൽ ശക്തനാക്കിയിട്ടേയുള്ളൂ. അദ്ദേഹം ഒരു പോരാളിയാണ്. പ്രതിസന്ധികളെ അതിജീവിച്ചവനാണ്. കഴിഞ്ഞ 22 വർഷം, പ്രത്യേകിച്ച് കഴിഞ്ഞ അഞ്ച് വർഷം സഞ്ജീവും ഞാനും ഞങ്ങളുടെ കുട്ടികളും സങ്കൽപ്പിക്കാൻ കഴിയാത്ത രീതിയിലുള്ള പ്രതിസന്ധികളും പ്രശ്‌നങ്ങളും സഹിക്കുകയും അതിജീവിക്കുകയും ചെയ്തവരാണ്. അതുവഴി, ഞങ്ങളെല്ലാവരും എന്നത്തേക്കാളും കരുത്തോടെ ഉയർന്നുനിൽക്കുന്നുണ്ട്. ഞങ്ങളെ തകർക്കാൻ കെൽപ്പുള്ള ഒന്നും ഇനിയുണ്ടാകില്ല.

അധികാരം പലപ്പോഴും തത്ത്വത്തെ തുരത്തുന്ന ഒരു ലോകത്ത്, സഞ്ജീവ് എല്ലായ്‌പോഴും ധൈര്യത്തോടെ തന്റെ നിലപാടിൽ ഉറച്ചുനിന്നു. മനസ്സാക്ഷിയില്ലാതെ ബലപ്രയോഗം നടത്തുന്ന വ്യവസ്ഥയെ അഭിമുഖീകരിച്ചിട്ടും, എപ്പോഴും തന്റെ സത്യവും സമഗ്രതയും മുറുകെ പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സഞ്ജീവിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം, സത്യത്തെയും അഖണ്ഡതയെയും ഒരിക്കലും തടവിലാക്കാനാവില്ലെന്ന ഓർമപ്പെടുത്തലാണ്. ദൃഢമായ ധീരതയും അജയ്യമായ ആത്മവീര്യവും പ്രതിധ്വനിക്കുന്നതാണ് സഞ്ജീവ് ഭട്ട് എന്ന പേര്. തുടരുന്ന അന്യായമായ പീഡനങ്ങൾക്കുമുന്നിലെ പ്രതിരോധത്തിന്റെയും നീതിയുടെയും പ്രതീകമാണത്.

ഒരുമിച്ച് നിന്ന് അനീതിയുടെ അന്ധകാരം അകറ്റുമെന്നും സത്യത്തിന്റെയും നീതിയുടെയും വെളിച്ചത്തിലേക്ക് നയിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം. കുടുംബത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും അകന്ന് കഴിയേണ്ടി വന്ന വർഷങ്ങളുടെ പട്ടികയിൽ അവസാനത്തേതാകട്ടെ ഇത്… സഞ്ജീവിനെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്ന് നമുക്ക് ഒരുമിച്ച് ശപഥം ചെയ്യാം’ ശ്വേത ട്വിറ്ററിൽ കുറിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.