2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

കള്ളം പറയരുത്; കണക്ക് പറയും, സത്യം


നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ മുഖമുദ്ര. ബഹുസ്വരതയാണ് അതിന്റെ സൗന്ദര്യം. അവിടെ മതത്തിന്റെയോ ജാതിയുടെയോ നിറത്തിന്റെയോ ലിംഗവ്യത്യാസങ്ങളുടെയോ വേലിക്കെട്ടുകളില്ല. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകളെ ഈ ബഹുസ്വരത കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഏകശിലാകേന്ദ്രിതമായ മതരാഷ്ട്രമാണ് ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള പരിവാര്‍ സംഘടനകളുടെ സ്വപ്‌നവും ലക്ഷ്യവും. നാഗ്പൂരിലെ മോഹിദെവാഡയില്‍ 1925ലെ വിജയദശമി നാളിലാണ് രാഷ്ട്രീയ സ്വയംസേവകസംഘം സംഘടനാരൂപം കൈക്കൊള്ളുന്നത്. അന്നുതൊട്ട് ഇന്നുവരെയുള്ള എല്ലാ വിജയദശമിനാളിലും നാഗ്പൂരില്‍ ആര്‍.എസ്.എസ് സര്‍സംഘ് ചാലകിന്റെ പ്രഭാഷണവും പതിവാണ്. ആര്‍.എസ്.എസില്‍ അവസാന വാക്ക് സര്‍സംഘ് ചാലകിന്റേതാണ്. കെ.എസ് സുദര്‍ശനന്റെ പിന്‍ഗാമിയായി 2009 മാര്‍ച്ചിലാണ് മോഹന്‍ മധുകര്‍ ഭാഗവത് എന്ന മോഹന്‍ഭാഗവത് സര്‍സംഘ് ചാലക് പദവിയിലെത്തുന്നത്. വര്‍ഷങ്ങളായി അദ്ദേഹം നടത്തിവരുന്ന പ്രഭാഷണങ്ങളില്‍ പരമതവിദ്വേഷവും പകയും മാത്രമാണ് നുരഞ്ഞുപൊങ്ങാറുള്ളത്. ഇത്തവണയും അതില്‍ മാറ്റമൊന്നുമുണ്ടായില്ല. രാജ്യത്ത് ‘നിര്‍ബന്ധിത മതപരിവര്‍ത്തന’വും മതാടിസ്ഥാനത്തിലുള്ള ‘അസന്തുലിതാവസ്ഥ’യും നിലനില്‍ക്കുന്നുണ്ടെന്നാണ് വിജയദശമിനാളില്‍ ഭാഗവത് നടത്തിയ വിദ്വേഷപരാമർശം. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കു നേരെയാണ് മോഹന്‍ ഭാഗവതിന്റെ അസ്ത്രമുന എന്നതു വ്യക്തം. യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത അസത്യങ്ങളാണ് പരിവാര്‍ നേതാക്കളും അനുയായികളും കാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പച്ചക്കള്ളങ്ങള്‍ കെട്ടിയെഴുന്നള്ളിക്കുന്നതിനുമുമ്പ്, നരേന്ദ്രമോദി സര്‍ക്കാര്‍ പുറത്തുവിട്ട ജനസംഖ്യാ സെന്‍സസ് ഉൾപ്പെടെയുള്ള രേഖകളെങ്കിലും ഒന്നു പരിശോധിക്കാമായിരുന്നു.
2019-21ലെ ദേശീയ കുടുംബാരോഗ്യ മന്ത്രാലയ സര്‍വേപ്രകാരം രാജ്യത്തെ ഹിന്ദു സ്ത്രീകള്‍ക്ക് ശരാശരി 1.94 ശതമാനം കുട്ടികള്‍ ജനിക്കുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് 2.36 ശതമാനം കുട്ടികളാണ് ജനിക്കുന്നത്. ഇവയ്ക്കിടയിലെ അന്തരം 0.42 ശതമാനം മാത്രം. 1992ല്‍ ഈ അന്തരം 1.1 എന്ന നിലയിലായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഹിന്ദു സ്ത്രീകള്‍ക്കു ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 30 ശതമാനവും മുസ്‌ലിം സ്ത്രീകള്‍ക്കു ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 35 ശതമാനവുമാണ് കുറവുണ്ടായത്. 2016ല്‍ 2.2 ശതമാനമായിരുന്നു രാജ്യത്തെ ജനനനിരക്ക്. പുതിയ കണക്കുപ്രകാരം അത് വെറും രണ്ടു ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. ജനനനിരക്ക് 2.1 ശതമാനം ആയാല്‍ തന്നെ ജനസംഖ്യാനിയന്ത്രണം സാധ്യമാവുമെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട് ഉള്‍പ്പെടെ പറയുന്നത്. അതിലും താഴെയാണ് നിലവില്‍ രാജ്യത്തെ ജനനനിരക്ക്. ഒരു ശതമാനത്തിനും താഴെ മാത്രമാണ് 12 സംസ്ഥാനങ്ങളിലെ ജനനനിരക്കെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊതുമധ്യത്തില്‍ ഇത്തരം കണക്കുകള്‍ ലഭ്യമായിരിക്കുമ്പോഴാണ്, രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ പെരുകുന്നുവെന്ന പെരുംനുണ ആര്‍.എസ്.എസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.

‘വര്‍ധിച്ചുവരുന്ന മതപരിവര്‍ത്തനമാണ്’ മോഹന്‍ഭാഗവത് പ്രസംഗത്തിനിടെ പറഞ്ഞ മറ്റൊരു അസത്യം. പുട്ടിനു പീരപോലെ ഇതും കാലങ്ങളായി സംഘ്പരിവാര്‍ ശക്തികള്‍ പറയുന്ന കല്ലുവച്ച കള്ളമാണ്. ഈ നുണ ലക്ഷ്യം വയ്ക്കുന്നതാകട്ടെ മുസ്‌ലിംകളേക്കാള്‍ ക്രിസ്ത്യാനികളെയും. സമ്മര്‍ദങ്ങളും പ്രലോഭനങ്ങളും വഴി ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായാണ് ഭാഗവതിന്റെയും അനുയായികളുടെയും ആരോപണം. രാജ്യത്ത് ക്രിസ്ത്യന്‍ ജനവിഭാഗത്തിന്റെ എണ്ണം വര്‍ധിക്കുകയല്ല, കുറയുകയാണെന്നാണ് സെന്‍സസ് അടക്കമുള്ള കണക്കുകളും പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. 1971ലെ സെന്‍സസ് പ്രകാരം ക്രിസ്ത്യന്‍ ജനസംഖ്യ 2.60 ശതമാനം ആയിരുന്നു. 2011ല്‍ എത്തുമ്പോഴാകട്ടെ അത് 2.30 ശതമാനമായി താഴ്ന്നു. മതാടിസ്ഥാനത്തിലുള്ള പുതിയ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ചോര്‍ന്നുകിട്ടിയ വിവരങ്ങള്‍ പറയുന്നത് ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നുവെന്നുതന്നെ. എന്നിട്ടും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ഭൂരിപക്ഷ മതത്തിനു ഭീഷണിയാണെന്നു വരുത്തിത്തീര്‍ക്കുകയാണ് മോഹന്‍ഭാഗവതിനെ പോലെയുള്ളവര്‍.
അപ്പോഴും ദലിതര്‍ അടക്കം ഭൂരിപക്ഷ മതത്തില്‍പെട്ടവര്‍ അനുഭവിക്കുന്ന ജാതിവിവേചനങ്ങളും ഉച്ചനീചത്വങ്ങളും ആര്‍.എസ്.എസ് നേതൃത്വം കണ്ടെന്നു നടിക്കുന്നില്ല. ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ പേരില്‍ ദലിതര്‍ക്ക് ക്രൂരമര്‍ദനമേല്‍ക്കുന്നതും കൊല്ലപ്പെടുന്നതും ഇക്കാലത്തും സാധാരണ വാര്‍ത്ത തന്നെ. ജാതിയുടെ പേരില്‍ വഴിതടയപ്പെടുന്നതും കുടിവെള്ളം നിഷേധിക്കപ്പെടുന്നതും ഊരുവിലക്ക് ഏര്‍പ്പെടുത്തുന്നതും ശവസംസ്‌കാരം തടയപ്പെടുന്നതും ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്നതും മോഹന്‍ഭാഗവതിനെപ്പോലെയുള്ളവര്‍ ഓര്‍ക്കുന്നത് നന്ന്.

ജനസംഖ്യയുടെ 25 ശതമാനത്തില്‍ താഴെയേവരൂ ഇന്ത്യയിലെ ആകെ മതന്യൂനപക്ഷങ്ങള്‍. ഭാഗവത് ഭയപ്പെടുത്തും വിധം മതാടിസ്ഥാനത്തിലുള്ള ‘അസന്തുലിതാവസ്ഥ’ സംഭവിച്ചാലും അത് ഭൂരിപക്ഷ മതത്തിന്റെ ഏഴയലത്തെത്തില്ല എന്നത് ജനസംഖ്യാ വിദഗ്ധര്‍ അടക്കമുള്ളവര്‍ സമ്മതിക്കുന്ന കാര്യമാണ്. 200 വര്‍ഷത്തെ കോളനി ഭരണകാലം മുതല്‍ നടന്ന മതപരിവര്‍ത്തനം കൊണ്ട് ഇന്ത്യയില്‍ ക്രിസ്തുമതം വളര്‍ന്നത് ഒരു ശതമാനത്തിന് അല്‍പം മുകളില്‍ മാത്രമാണ്. ഈ ഒന്നോ രണ്ടോ ശതമാനം വളർച്ച ഇന്ത്യയിലെ ഭൂരിപക്ഷ മതത്തിന് ഭീഷണിയാണെന്നാണ് ഭാഗവതിന്റെ കണ്ടെത്തല്‍! ഇത്തരം നുണകളിലൂടെ മറ്റു ചില യാഥാര്‍ഥ്യങ്ങളെക്കൂടി സംഘ്പരിവാര്‍ മറച്ചുപിടിക്കുന്നുണ്ട്. അത് രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാമൂഹിക അസമത്വവും ദാരിദ്ര്യവുമൊക്കെയാണ്.

ആശങ്കാജനകമായ സാമ്പത്തിക അസമത്വമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ സമ്പത്തില്‍ 73 ശതമാനവും സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന് ഓക്‌സ്ഫാം പുറത്തിറക്കിയ വാര്‍ഷിക സര്‍വേയില്‍ പറയുന്നു. മോദി സര്‍ക്കാരിന്റെ ഇഷ്ടക്കാരായ അദാനിയുടെയും അംബാനിയുടെയൊക്കെ കൈയിലാണ് നമ്മുടെ സമ്പത്തിന്റെ സിംഹഭാഗവും എന്നതുമോര്‍ക്കണം. മതത്തെ മറയാക്കി എത്രകാലം മോഹന്‍ ഭാഗവതുമാര്‍ക്ക് വാസ്തവം ഒളിച്ചുവയ്ക്കാന്‍ കഴിയും? നാഗ്പൂരിലെ വിദ്വേഷ പ്രസംഗങ്ങള്‍ കൊണ്ട് ഇന്ത്യയുടെ മതസാഹോദര്യത്തിന് വേലികെട്ടാനാവില്ലെന്നതും ആര്‍.എസ്.എസ് ചിന്തിക്കുന്നത് ഉചിതമായിരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.