കോഴിക്കോട്: പാലക്കാട് ജില്ലയിലെ കറുകപുത്തൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പേരിൽ വ്യാജ കത്ത് നിർമിച്ച് വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ കേസ്. വിദ്വേഷപ്രചാരണം സംബന്ധിച്ച ഐ.പി.സിയിലെ 153 (എ) വകുപ്പ് പ്രകാരം ചാലിശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. നാട്ടിൽ നിലനിൽക്കുന്ന മതസൗഹാർദം തകർക്കുകയാണ് വ്യാജപ്രചാരണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ചൂണ്ടിക്കാട്ടി മഹല്ല് കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. ചാത്തനൂർ വെള്ളടിക്കുന്നിൽ പുതുതായി നിർമിച്ച ‘രാജപ്രസ്ഥം’ ഓഡിറ്റോറിയം ആർ.എസ്.എസുകാരന്റേതാണെന്നും അതു ബഹിഷ്‌ക്കരിക്കണമെന്നുമായിരുന്നു മഹല്ലിന്റെ പേരിൽ തയാറാക്കിയ വ്യാജ നോട്ടീസിലെ ആവശ്യം.
ഒറ്റ നോട്ടത്തിൽ തന്നെ വ്യാജമാണെന്ന് വ്യക്തമാവുന്ന കത്തിൽ ഉപയോഗിച്ചിരിക്കുന്ന ഇസ്ലാമിക പദാവലികൾ എല്ലാം തെറ്റായിരുന്നു. ‘ഔദു മില്ലാഹി മിനി ശെഹ്ത്താൻ റജീം..’എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ബിസ്മില്ലാഹി റഹ്മാൻ റഹീം, അൽഹംദു ലില്ല’ എന്നുമുണ്ട്. കത്ത് മഹല്ല് കമ്മിറ്റിയുടേതാണ് തോന്നിക്കാനും ഇടയ്ക്കിടയ്ക്ക് ഹലാൽ, ഖുർആൻ, കാഫിർ, നജസ് തുടങ്ങിയ പദാവലികളും ഉണ്ട്. അവയെല്ലാം തെറ്റായാണ് ഉപയോഗിച്ചിരിക്കുന്നതും. ഹറാമായ പരിപാടികൾ അവിടെ നടക്കുന്നതിനാൽ ഏകദൈവ വിശ്വാസികളുടെ ഹലാലായ പ്രവൃത്തികൾ നിഷേധിക്കപ്പെടുന്നത് അനുവദിക്കാൻ സാധിക്കില്ലെന്നും കത്തിൽ പറയുന്നു. നവംബർ 2ന് തയ്യാറാക്കിയ കത്തിൽ ഡെസ്പാച്ച്ഡ് എന്ന സീലും വച്ചിട്ടുണ്ട്.
സംഘ്പരിവാർ കേന്ദ്രങ്ങളാണ് കത്ത് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഇതോടൊപ്പം വിദ്വേഷപ്രചാരണവും മുസ്‌ലിം സ്ഥാപനങ്ങൾ ബഹിഷ്‌കരിക്കാനുള്ള അഹ്വാനവും നടക്കുകയുണ്ടായി. കത്തിന്റെ പകർപ്പ് സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെ, അത് തള്ളി മഹല്ല് കമ്മിറ്റി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിറ്റി പരാതി നൽകിയത്.
sangh pariwar spread hate campaign with fake letter of karukaputhur mahallu committee
Comments are closed for this post.