2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മുത്വലാഖ് ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത സുപ്രിംകോടതിയില്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയില്‍.

നിയമത്തിനു മുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരാണെന്നു വ്യക്തമാക്കുന്ന 14, വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച 21 വകുപ്പുകള്‍ക്ക് എതിരായ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയില്‍ സമസ്ത ബോധിപ്പിച്ചു.

അടിയന്തര ഘട്ടങ്ങളില്‍ നിയമനിര്‍മാണം നടത്താനുള്ള രാഷ്ട്രപതിക്കുള്ള പ്രത്യേക അധികാരമാണ് ഓര്‍ഡിനന്‍സ്. എന്നാല്‍, മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന വിധത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കേണ്ട അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ അഭിഭാഷകനായ പി.എസ് സുല്‍ഫിക്കര്‍ അലി മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.

മുസ്‌ലിം സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെങ്കില്‍ മുത്വലാഖ് ചൊല്ലിയ പുരുഷനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ്‌ചെയ്ത് ജയിലിലടക്കുന്നിന്റെ യുക്തി എന്ത്?

ഭര്‍ത്താവിനെ തടവിലിട്ടതുകൊണ്ട് സ്ത്രീക്കു സുരക്ഷലഭിക്കില്ല. തന്നെയുമല്ല പങ്കാളി/ഗൃഹനാഥന്‍ ജയിലിലാവുന്നതോടെ കുടുംബം കൂടുതല്‍ അരക്ഷിതാവസ്ഥനേരിടുകയാണ് ഉണ്ടാവുക. ഓര്‍ഡിനന്‍സിലെ വ്യവസ്ഥപ്രകാരം സ്ത്രീക്കും കുട്ടികള്‍ക്കും എങ്ങിനെയാണ് തടവില്‍ കഴിയുന്ന ഭര്‍ത്താവിന് ജീവനാംശം കൊടുക്കാന്‍ കഴിയുകയെന്നും ഹരജിക്കാര്‍ ചോദിച്ചു.

2017 ആഗസ്തില്‍ മുത്വലാഖ് സുപ്രിംകോടതി നിരോധിച്ചിട്ടുണ്ട്. അതിനാല്‍ ഇപ്പോഴത്തെ നിയമപ്രകാരം ഒരാള്‍ തന്റെ ഭാര്യയെ മൂന്നുമൊഴിചൊല്ലിയാലും വിവാഹബന്ധം നിലനില്‍ക്കും. എന്നിരിക്കെ വാക്കാലുള്ള നിരുപദ്രവമായ ഒരു പദപ്രയോഗത്തിന്റെ പേരില്‍ പുരുഷനെ മൂന്നുവര്‍ഷം ജയിലിലടക്കുന്നതിന്റെ യുക്തിയെനെതാണ്? മുത്വലാഖ് നിരോധിച്ചിരിക്കെ അത്തരമൊരു വാക്ക് ഉപയോഗിക്കുന്നത് കൊണ്ട് ഒരുപ്രയോജനവുമില്ല.

ഭാര്യയെ വിവാഹമോചനംചെയ്യുന്നത് മുസ്‌ലിംകള്‍ക്കു മാത്രം ക്രിമിനല്‍ കുറ്റമാക്കിയത് വിവേചനമാണ്. ഓര്‍ഡിനന്‍സില്‍ മുത്വലാഖ് ചൊല്ലുന്ന ‘മുസ്‌ലിം ഭര്‍ത്താവ്’ എന്ന് എടുത്തുപറഞ്ഞതിലൂടെ ഈ പദപ്രയോഗം നടത്തുന്ന മറ്റുമതസ്തര്‍ ശിക്ഷിക്കപ്പെടില്ലെന്നു വ്യക്തമാണ്.

ഒരുകുറ്റം പ്രത്യേകമതവിഭാഗക്കാര്‍ ചെയ്യുന്നത് മാത്രം കുറ്റമാക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. ഓര്‍ഡിനന്‍സിലെ ചില വകുപ്പുകള്‍ സ്ത്രീകളുടെ വീട്ടുകാര്‍ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. വിവാഹമോചിതയായ സ്ത്രീയുടെ അനുവാദം ഉണ്ടായാല്‍ മാത്രമെ ജാമ്യംലഭിക്കൂവെന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹരജിക്കാര്‍ വാദിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.