2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പ്രവാസം വെടിഞ്ഞവർക്ക് കരുതലുമായി സമസ്ത

ഇന്ത്യയിൽനിന്ന് ഉപജീവനാർഥം വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നവരിൽ അംഗസംഖ്യകൊണ്ട് മലയാളികളാണ് മുന്നിലെന്നത് തർക്കമറ്റ വസ്തുതയാണ്. അതിന് കാരണങ്ങൾ പലതാകാം. കേരളത്തിന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പും പുരാതനകാലം മുതലേ കേരളീയർക്ക് അറബ്-പേർഷ്യൻ സമൂഹങ്ങളുമായി നിലനിന്ന പ്രത്യേക ബന്ധവും അവയിൽ ചിലതാണ്. ജനസാന്ദ്രതയുടെ പെരുപ്പവും വൻകിട വ്യവസായങ്ങളുടെ അഭാവവും സംഘടിത കാർഷികവൃത്തിയുടെ ദൗർലഭ്യതയും മൂലം തൊഴിലില്ലായ്മ രൂക്ഷമായതിനാൽ രൂപപ്പെട്ട സാഹചര്യം കൂടുതൽ യുവാക്കളെ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് വെളിയിലും അന്നം തേടി അലയേണ്ടിവരുന്ന അവസ്ഥയിലേക്ക് നയിച്ചിരിക്കാം.

കേരളീയരുടെ സംഘബോധം പ്രസിദ്ധമാണ്. എവിടെ ചെന്നെത്തിയാലും ഒരു സംഘം രൂപീകരിക്കാനുള്ള അടിസ്ഥാന സംഖ്യ ഒത്തുവന്നാൽ അവർ സംഘടനയ്ക്ക് രൂപംനൽകും. അത് രാഷ്ട്രീയത്തിന്റെയോ സാംസ്‌കാരിക സ്വത്വത്തിന്റെയോ സാമുദായിക വ്യക്തിത്വത്തിന്റെയോ പേരിലാകാം. 1960കളുടെ രണ്ടാം പകുതിയിൽ നാന്ദി കുറിച്ച് 70 കളിലും 80 കളിലും അഭിവൃദ്ധിപ്പെട്ട്, 90 കളിൽ ഉച്ചിയിലെത്തിയ ഗൾഫ് കുടിയേറ്റം, നമ്മുടെ സാമൂഹിക ജീവിതത്തിന്റെ അലകും പിടിയും മാറ്റി അപഗ്രഥനത്തിന് വഴങ്ങാത്ത വലിയൊരു പ്രതിഭാസമായി നമ്മുടെ മുന്നിൽനിൽക്കുന്നു. ഗൾഫ് കുടിയേറ്റത്തിന് മുമ്പും ഗൾഫ് പ്രതാപകാലത്തും പലരും മറ്റു പല രാജ്യങ്ങളിലും തൊഴിൽ തേടി ചെന്നിട്ടുണ്ടെങ്കിലും ഗൾഫ് മലയാളികളെ പോലെ ആഴത്തിലും വ്യാപ്തിയിലും കേരളത്തിൽ സ്വാധീനം ചെലുത്താൻ ആ കുടിയേറ്റങ്ങൾക്കൊന്നും ആയിട്ടില്ലെന്നത് ഒരു ചരിത്ര വസ്തുതയാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് പൊതുവേയും കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് പ്രത്യേകിച്ചും താങ്ങും തണലുമായി നിന്നത് ഗൾഫ് പ്രവാസിയുടെ വിയർപ്പിന്റെ ഫലമാണ്.

മറ്റു രാജ്യങ്ങളിൽ കുടിയേറിയവരിൽ പലരും അവരുടെ വരുമാനം അവിടെ തന്നെ വിനിയോഗിക്കുകയും അവരുടെ ജീവിതം അങ്ങോട്ട് പറിച്ചുനടുകയും ചെയ്‌തെങ്കിൽ ഗൾഫിലെ പ്രവാസികൾ ഉടലവിടെയും ഉയിരിവിടെയുമായി ജീവിക്കുകയായിരുന്നു. അവർ നാട്ടിലെ ഓരോ സ്പന്ദനങ്ങൾക്കും കാതോർത്തുനിന്നു. നാടിന്റെ മുഖഛായ മാറ്റുന്നതിൽ അവരുടെ വരുമാനവും പങ്കാളിത്തവും നിർണായകമായി. വിദ്യാഭ്യാസരംഗത്ത് ഗൾഫ് പണവും ഗൾഫുകാരുടെ സാന്നിധ്യവും അഭൂതപൂർവമായ സ്വാധീനം ചെലുത്തി. ലോകരാജ്യങ്ങളിലെ മാറ്റങ്ങൾ കണ്ടും കേട്ടും അറിയാൻ ഗൾഫ് ജീവിതം അവസരം ഒരുക്കിയപ്പോൾ അവർ അതിന്റെ ചുവടുപിടിച്ചു ജനിച്ച നാടിനെയും കൈപിടിച്ചുയർത്തി മുന്നോട്ടു കൊണ്ടുപോകാൻ വെമ്പൽ കൊണ്ടു. എല്ലാംകൊണ്ടും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ നമ്മുടെ നാട് നേടിയ നേട്ടങ്ങളിൽ ഗൾഫ് സ്വാധീനം ഇഴപിരിച്ചെടുക്കാൻ കഴിയാത്തവിധം സുശക്തമായി അലിഞ്ഞു ചേർന്നുനിൽക്കുന്നു.

കേരളത്തിന്റെ എല്ലാതരം സംഘടനകളുടെയും ഊർജസ്രോതസും ചാലകശക്തിയുമായി നിന്നത് ഗൾഫ് മലയാളിയാണ്. ഗൾഫിലെ ആറ് രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന് മലയാളികൾ തൊഴിലെടുത്തു ജീവിക്കുന്നു. ഇതിൽ വരുമാനതോതിൽ പിന്നിലാണെങ്കിലും അംഗസംഖ്യയിൽ മാപ്പിളമാരായിരിക്കും മുന്നിലെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. പൊതുവേ താഴേകിടയിലുള്ള ജോലികളിലാണ് മുസ് ലിം സാന്നിധ്യം കൂടുതൽ പ്രകടമാവുക. എന്നാൽ അത്യാവശ്യം ചെറുകിട കച്ചവടക്കാരുടെയും ചെറിയൊരു ശതമാനം വൻകിട വ്യാപാരികളുടെയും സാന്നിധ്യം വഴി ആ അന്തരത്തെ നമുക്ക് മറച്ചുപിടിക്കാൻ കഴിയുന്നു.

കേരളീയ മുസ് ലിംകൾക്കിടയിൽ കൂടുതൽ വേരോട്ടമുള്ള മതസംഘടന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയായതിനാൽ സ്വാഭാവികമായും ഗൾഫിലും മലയാളി മുസ് ലിംകളിൽ നല്ലൊരു ശതമാനം സമസ്തയുടെ പ്രവർത്തകരും അനുഭാവികളുമാണ്. അവർ അവിടെയുള്ള മലയാളി സഹോദരങ്ങളെ സമസ്തയുടെ വീക്ഷണങ്ങളിൽ ബോധവൽക്കരിക്കാനും കുട്ടികൾക്ക് പരമ്പരാഗത ഇസ് ലാമിക ശിക്ഷണം നൽകാനും പര്യാപ്തമായ മദ്‌റസകളും മതപഠനവേദികളും നടത്തുന്നതിൽ ബദ്ധശ്രദ്ധരാണ്. അതുകൊണ്ടുതന്നെ ചില ഗൾഫ് രാജ്യങ്ങളിൽ എത്തിപ്പെട്ടവർ മുൻകാലങ്ങളിൽ നവീനവാദങ്ങളിൽ ആകൃഷ്ടരായി സുന്നി ആശയങ്ങൾ കൈയൊഴിയുന്ന പ്രവണത പ്രകടമായിരുന്നെങ്കിലും അവിടങ്ങളിലെ സമസ്തയുടെ അനുബന്ധ സംഘടനകളിൽ സജീവമാവുകയും ജാഗ്രതയോടെ പ്രവർത്തിക്കുകയും ചെയ്തതോടെ ആശാവഹമായ മാറ്റങ്ങൾ ദൃശ്യമായതായി അനുഭവസ്ഥർ വ്യക്തമാക്കുന്നു.
ഗൾഫ് നാടുകളിലെ സമസ്തയുടെ കീഴിലുള്ള സംഘടനകൾ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും അറിയപ്പെടുന്നതിനാൽ പലപ്പോഴും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അവയെ ഏകീകൃത രൂപത്തിലാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സഊദിയിലും മറ്റും ഇത് നടപ്പായിക്കഴിഞ്ഞു. മറ്റു രാജ്യങ്ങളിൽ നടപടികൾ പുരോഗമിക്കുന്നു. അതുപോലെ ഗൾഫ് നാടുകളിൽ വിവിധ അനുബന്ധ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത പലരും നാട്ടിലെത്തിയാൽ അവർക്ക് സമസ്തയുടെ തണലിൽ സജീവമാകാൻ പറ്റിയ വേദികൾ ലഭിക്കാത്ത സ്ഥിതി പലരിലും പ്രയാസം സൃഷ്ടിക്കുന്ന കാര്യം നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടു. സംഘടനാപ്രവർത്തനം വ്യവസ്ഥാപിതമാവുകയും ഓരോ പ്രായത്തിലും മേഖലയിലുമുള്ളവർക്കും പ്രത്യേകം സംഘടനകൾ രൂപംകൊള്ളുകയും ചെയ്തതോടെ പ്രവാസം മതിയാക്കി നാട്ടിലെത്തിയ പലർക്കും ഇത്തരം കമ്മിറ്റികളിൽ ചേരാനുള്ള ആരോഗ്യമോ സൂത്രങ്ങളോ വശമില്ലാത്തതിനാൽ ഒറ്റപ്പെട്ടുപോവുകയും മാറിനിൽക്കേണ്ടിവരികയും ചെയ്യുന്ന സ്ഥിതിയുണ്ടായി. അവരുടെ സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തി, അവർക്കും സമസ്തയ്ക്കും സമൂഹത്തിനും പ്രയോജനകരമാക്കാൻ സഹായകമായ ഒരു വേദി ആവശ്യമാണെന്ന ചിന്തയിൽ നിന്നാണ് സമസ്ത പ്രവാസി സെൽ എന്ന സംഘടനയുടെ പിറവി. സമസ്ത കേന്ദ്ര മുശാവറ വിഷയം ചർച്ച ചെയ്യുകയും പതിനാലാമത്തെ കീഴ്ഘടകമായി ഇതിനെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

2019 ഒക്ടോബർ 30ന് ചേളാരി സമസ്താലയത്തിൽ സമസ്ത നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന വിപുലമായ കൺവൻഷനിലാണ് ഈ സംഘടന പിറവികൊണ്ടത്. പക്ഷേ, കൊവിഡ് മഹാമാരിയുടെ അതിപ്രസരം സൃഷ്ടിച്ച കടുത്ത നിയന്ത്രണങ്ങൾ ജില്ല-മേഖല കമ്മിറ്റി രൂപീകരണങ്ങൾക്കും സംഘടനാരംഗം സജീവമാക്കുന്നതിനും തടസ്സമായി. എന്നാൽ ഇപ്പോൾ കേരളത്തിന്റെ മിക്ക ജില്ലകളിലും ഇതിന് ജില്ലാ കമ്മിറ്റികൾ നിലവിലുണ്ട്. പല സ്ഥലങ്ങളിലും മണ്ഡലം കമ്മിറ്റികളും രൂപംകൊണ്ടിട്ടുണ്ട്. മറ്റിടങ്ങളിൽ രൂപീകരണശ്രമങ്ങൾ ഊർജിതമായി നടന്നുവരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ ചെയർമാനും സെയ്തലവി മുസ് ലിയാർ കാളാവ് ജനറൽ കൺവീനരും ഹംസ ഹാജി മൂന്നിയൂർ വർക്കിങ് കൺവീനറുമായി അഡ്ഹോക്ക് കമ്മിറ്റിയാണ് ആദ്യം നിലവിൽവന്നത്. സെയ്തലവി മുസ് ലിയാരുടെ മരണത്തെ തുടർന്നു മന്നാർ ഇസ്മായീൽ കുഞ്ഞു ഹാജി ജനറൽ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടു.

ഇതിനകം ഒന്നിലധികം തവണ സംസ്ഥാന തലത്തിൽ പ്രത്യേക കൺവൻഷനുകളും പഠന ക്യംപുകളും നടത്തിയ പ്രവാസി സെൽ, പ്രവർത്തനം ഊർജിതപ്പെടുത്താനുള്ള കർമപദ്ധതികൾക്ക് രൂപംനൽകിവരുന്നു. സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 100 പാവപ്പെട്ടവർക്ക് ജീവനോപാധികൾ സ്വരൂപിച്ചു നൽകാനുളള തീരുമാനം ഇതിനകം കൈകൊണ്ടിട്ടുണ്ട്. അതുപോലെ പതിറ്റാണ്ടുകൾ നീണ്ട പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രമായി വിവിധ രോഗങ്ങൾക്കടിമപ്പെട്ട്, സാമ്പത്തിക ഭദ്രതയില്ലാതെ നാട്ടിൽ പ്രയാസപ്പെടുന്ന ധാരാളം മുൻ പ്രവാസികളുണ്ട്. അവർക്ക് കഴിയുന്ന വിധത്തിലുള്ള പുനരധിവാസ പാക്കേജുകൾ നൽകാനുള്ള ആലോചനകൾ നടക്കുന്നു.
പ്രവാസ ജീവിതകാലത്ത് നേടിയ വിവിധ തൊഴിൽ പരിചയങ്ങൾ ഉപയോഗപ്പെടുത്തി നാട്ടിൽ സ്വന്തം ബിസിനസുകളോ തൊഴിൽ/ വ്യവസായ സംരംഭങ്ങളോ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ട സാമ്പത്തിക/സാങ്കേതിക സഹായങ്ങൾ സർക്കാർ ബോഡികളിൽ നിന്ന് ലഭ്യമാക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കുന്ന കാര്യവും സജീവ പരിഗണനയിലാണ്. വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുന്ന മുൻ പ്രവാസികളുടെ മക്കൾക്കും അടുത്ത കുടുംബാംഗങ്ങൾക്കും ഉപഹാരങ്ങളും മറ്റു പ്രോത്സാഹനങ്ങളും നൽകാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നു. മുൻ പ്രവാസികളിൽ പലരും നാട്ടിൽ പറിച്ചുനട്ട അവരുടെ രണ്ടാം ജീവിതത്തിൽ കുടുംബപരവും മാനസികവുമായ സാമ്പത്തികവുമായ ഒട്ടേറെ പ്രശ്‌നങ്ങളാൽ നട്ടംതിരിയുന്നതായി അനുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നു. അവരെ ആശ്വാസതീരത്തേക്ക് നയിക്കാനുള്ള ചില പദ്ധതികളും സംഘടനയുടെ ഭാവിപരിപാടികളിൽ പെടുന്നു.
തങ്ങൾ അതിരറ്റ് സ്‌നേഹിക്കുന്ന സമസ്തയുടെ ഭാഗമായി ശിഷ്ടജീവിതം ധന്യമാക്കാനും ഒരു കൂട്ടായ്മയുടെ ഭാഗമാണെന്ന ചിന്തയിൽ ആശ്വാസം കണ്ടെത്താനും സേവനരംഗത്ത് തങ്ങളാലാവുന്ന പങ്കാളിത്തം ഉറപ്പുവരുത്താനും സഹായിക്കുന്ന ഈ സംഘടന, അതിന്റെ വിപുലമായ ഒരു സംസ്ഥാന സംഗമം ഓഗസ്റ്റ് 25ന് കോഴിക്കോട് ടൗൺ ഹാളിൽ വച്ച് നടത്തുകയാണ്. സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന നേതാക്കളും പൗരപ്രമുഖരും സംബന്ധിക്കുന്ന ഈ സംഗമം, പ്രവാസി സെല്ലിന്റെ പ്രയാണം ത്വരിതപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

( സമസ്ത പ്രവാസി സെൽ ഉന്നതാധികാര സമിതി അംഗമാണ് ലേഖകൻ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.