2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സമസ്ത കേന്ദ്ര മുശാവറ അംഗം എ.മരക്കാര്‍ ഫൈസി നിറമരുതൂർ അന്തരിച്ചു

 

തിരൂര്‍: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ഫത്‌വാ കമ്മിറ്റി അംഗവുമായ എ.മരക്കാര്‍ ഫൈസി നിറമരതൂര്‍ (74) അന്തരിച്ചു. സമസ്ത മുശാവര മെമ്പറായിരുന്നു നിറമരതൂര്‍ ബീരാന്‍ കുട്ടി മുസ്ലിയാരുടെ മകനാണ്.ഭാര്യ. ഫാത്വിമ. മക്കള്‍: അബ്ദു റഹ്മാന്‍,ശരീഫ,റാബിഅ
റൈഹാനത്ത്, ഉമ്മു ഹബീബ,ഹന്നത്ത്, പരേതനായ അബ്ദുല്‍ ഹക്കീം. കരിങ്ങനാട്, കോട്ടക്കല്‍ പാലപ്പുറ, ചെമ്മന്‍ കടവ്, വള്ളിക്കാഞ്ഞിരം, കൈനിക്കര, കാരത്തൂര്‍ ബദരിയ്യ, അയ്യായ, പൊന്‍മുണ്ടം, വാണിയന്നൂര്‍, താനൂര്‍ ഇസ്ലാഹുല്‍ ഉലൂം എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും ഫത്‌വ കമ്മിറ്റി അംഗവും ഒരു കാലഘട്ടത്തില്‍ ഫത്‌വകള്‍ക്കായി ഉന്നത പണ്ഡിതര്‍ പോലും സമീപിക്കുകയും ചെയ്തിരുന്ന പണ്ഡിത കുലപതി നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്ലിയാരുടെ മകനായി 1946 ല്‍ ആണ് മര്‍ക്കാര്‍ ഫൈസിയുടെ ജനനം.
പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം താനൂര്‍ ഇസ്ലാഹുല്‍ ഉലൂമിലും വലിയ കുളങ്ങര പള്ളിയിലുമായി സ്വന്തം പിതാവില്‍ നിന്ന് നീണ്ട പത്ത് വര്‍ഷത്തെ ദര്‍സ് പഠനം. കെ കെ അബൂബക്കര്‍ ഹസ്‌റത്ത് അടക്കമുള്ള ആലിമീങ്ങള്‍ അന്ന് ഇസ്ലാഹുല്‍ ഉലൂമിലെ ഗുരുനാഥന്മാരാണ്. അവരില്‍ നിന്നും കിതാബോതിയിട്ടുണ്ട് .പിന്നീട് 1967ല്‍ ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് പോയ ഉസ്താദ് അവിടെ വെച്ച് പണ്ഡിത കുലപതികളായ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമ ഇകെ ഉസ്താദ്,കോട്ടുമല ഉസ്താദ് അടക്കമുള്ള വലിയ പണ്ഡിരുടെ ശിഷ്യത്വം സ്വീകരിച്ച് നാല് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി ഒന്നാം റാങ്കോടെ ഫൈസി ബിരുദം കരസ്ഥമാക്കി. ശൈഖുനാ എം ടി ഉസ്താദ് അടക്കമുള്ള സമസ്തയുടെ മുന്‍നിര നേതാക്കള്‍ മരക്കാര്‍ ഫൈസി ഉസ്താദിന്റെ ജാമിഅയിലെ സഹപാഠികളാണ്.

ജാമിഅയില്‍ നിന്ന് ഇറങ്ങിയ ശേഷം കരിങ്ങനാട് മുദരിസായി ജോലിയേറ്റു. മൂന്ന് വര്‍ഷത്തെ സേവന ശേഷം ശൈഖുനാ ചാപ്പനങ്ങാടി ഉസ്താദിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടക്കല്‍ പാലപ്പുറയിലേക്ക് മാറി. എഴുപതോളം കുട്ടികള്‍ അന്ന് അവിടെ പഠനം നടത്തിയിരുന്നു. നീണ്ട ഒന്‍പത് വര്‍ഷം അവിടെ തുടര്‍ന്നു. ശേഷം ചെമ്മന്‍കടവ്,വള്ളിക്കാഞ്ഞിരം,കൈനിക്കര,കാരത്തൂര്‍ ബദ്രിയ്യ,അയ്യായ,പൊന്മുണ്ടം എന്നിവിടങ്ങളിലും ദര്‍സ് നടത്തി. പിന്നീട് നീണ്ട 22 വര്‍ഷം വാണിയന്നൂര്‍ മുദരിസായ ഉസ്താദ് ഇപ്പോള്‍ നാല് വര്‍ഷത്തോളമായി പാങ്ങില്‍ ഉസ്താദും സ്വന്തം പിതാവും അടക്കമുള്ള ഉന്നതശീര്‍ഷ്യരായ പണ്ഡിതര്‍ ദര്‍സ് നടത്തിയ താനുര്‍ ഇസ്ലാഹുല്‍ ഉലൂമിലെ മുദരിസാണ്.

പിതാവ് നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്ലിയാരുടെ വഴിയിലൂടെ സമസ്ത കേന്ദ്ര മുശാവറ അംഗമായും ഫത് വ കമ്മിറ്റി അംഗമായും സമസ്തയുടെ തിരൂര്‍ താലൂക്ക് പ്രസിഡന്റായും സേവനം ചെയ്യുന്ന ഉസ്താദ് ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുനാഥനാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.