
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷ ആരംഭിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടത്തുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ ഓണ്‍ലൈനായാണ് പരീക്ഷ നടന്നത്. ആകെ 7220 സെന്ററുകളിലായി 2,62,512 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. 141 സൂപ്രണ്ടുമാരെയും 10,844 സൂപ്രവൈസര്‍മാരെയും പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
കോവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പരീക്ഷ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വിത്യസ്തമായി ചില പ്രത്യേകതകള്‍ ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ ഫീസടവും രജിസ്ത്രേഷനും ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിച്ചിരുന്നത്.
പരീക്ഷാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റും ഏര്‍പ്പെടുത്തിയിരുന്നു. 141 ഡിവിഷന് കേന്ദ്രങ്ങളില്‍ വെച്ചാണ് ഈ വര്‍ഷത്തെ മൂല്യനിര്‍ണയം നടക്കുന്നത്. ഏപ്രില്‍ 7, 8 തിയ്യതികളില്‍ നടക്കുന്ന ഉത്തര പേപ്പര്‍ പരിശോധനക്ക് പതിനായിരത്തോളം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഒരു സൂപ്രണ്ടും അസിസ്റ്റന്റ് സൂപ്രണ്ടും മൂല്യനിര്‍ണയ ക്യാമ്പിന് നേതൃത്വം നല്‍കും. പരീക്ഷ നടത്തിപ്പിന്ന് മദ്റസ കമ്മിറ്റികള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ ഏപ്രില്‍ 2,3 തിയ്യതികളില്‍ സമസ്ത നടത്തിയ ഓണ്‍ലൈന്‍ പൊതുപരീക്ഷ അക്കാദമിക സമൂഹത്തിന്റെ പ്രശംസ നേടി. പരീക്ഷാ സംവിധാനത്തിന്റെ നൂതനരീതിയും സാങ്കേതിക മികവും കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ഓരോ കുട്ടിക്കും അനുവദിച്ച പാസ്വേര്ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് നിശ്ചിത സമയത്ത് പരീക്ഷക്ക് അറ്റന്റ് ചെയ്തത്.
യു.എ.ഇ, സഊദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ വഴി പൊതുപരീക്ഷ നടന്നത്. പരീക്ഷ നടപടികള്‍ക്ക് സഹകരിച്ച എല്ലാവരെയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്മാന് എം.ടി അബ്ദുല്ല മുസ്ലിയാര് അഭിനന്ദിച്ചു.