
മനാമ: ബഹ്റൈനില്‍ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന സാമൂഹ്യ പ്രവര്‍ത്തകനും സബർമതി കൾച്ചറൽ ഫോറം പ്രസിഡൻ്റുമായ സാം സാമുവേൽ എന്ന സാം അടൂര്‍ (51) നിര്യാതനായി. പത്തനംതിട്ട ജില്ലയിലെ അടൂർ ആനന്ദപ്പള്ളി സ്വദേശിയാണ്. കൊവിഡ് ബാധിതനായി കഴിഞ്ഞ ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി.
ബഹ്റൈനിലെ പൊതു പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു സാം. കൊവിഡ് കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരിക്കവേയാണ് രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തൊഴിലാളികൾക്ക് ഭക്ഷ്യവിഭവങ്ങൾ എത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് സാം സാം മുന്നിട്ടിറങ്ങിയിരുന്നു.
കഴിഞ്ഞ 25 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന അദ്ധേഹം ബഹ്റൈനിലെ ആഭ്യന്തരമന്ത്രാലയത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ: സിസിലി സാം. മക്കള്‍: സിമി സാറ, സോണി സാറ.
നാട്ടില്‍ നിന്നും ബന്ധുക്കളുടെ അനുമതി പത്രം ലഭിച്ചാലുടന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബഹ്റൈനില്‍ തന്നെ സംസ്കരിക്കുമെന്നും ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ സുപ്രഭാതത്തെ അറിയിച്ചു.
ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ സാം അടൂര്‍ എന്ന പേരില്‍ അദ്ധേഹം സുപരിചിതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളും വ്യക്തികളും അനുശോചനമറിയിച്ചു.