2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുടിയേറ്റ പ്രതിസന്ധിയിലും മലയാളിക്കിഷ്ടം കാനഡ തന്നെ; പണമാണ് കാരണം; രാജ്യത്തെ ശമ്പള പാക്കേജുകള്‍ എത്രയെന്നറിയാം

കുടിയേറ്റ പ്രതിസന്ധിയിലും മലയാളിക്കിഷ്ടം കാനഡ തന്നെ; പണമാണ് കാരണം; രാജ്യത്തെ ശമ്പള പാക്കേജുകള്‍ എത്രയെന്നറിയാം

ഉപരി പഠനവും ജോലി സാധ്യതയും തിരയുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് കാനഡ. മെച്ചപ്പെട്ട ജീവിത നിലവാരവും ജോലി സാധ്യതകളും ഉയര്‍ന്ന ശമ്പള പാക്കേജും കാനഡയെ മലയാളികളുടെ പ്രിയപ്പെട്ട വിദേശ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിച്ചിരിക്കുന്നു. ഇതോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു കാര്യം കാനഡ വര്‍ഷങ്ങളായി പുലര്‍ത്തിപ്പോരുന്ന കുടിയേറ്റ സൗഹൃദ സമീപനമാണ്. വിദേശികളെ രാജ്യത്തെത്തിക്കാന്‍ കാനഡ കൊണ്ടുവന്ന വിസ നടപടികളും പ്രത്യേക പാക്കേജുകളും രാജ്യത്തേക്കുള്ള കുടിയേറ്റം വലിയ തോതില്‍ വര്‍ധിക്കാന്‍ കാരണമായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി മലയാളികളടക്കമുള്ള വിദേശികള്‍ക്ക് അത്ര ആശാവഹമായ വാര്‍ത്തയല്ല കാനഡയില്‍ നിന്ന് പുറത്തുവരുന്നത്. രാജ്യത്തെത്തുന്നവര്‍ക്ക് താമസത്തിന് വീടുകിട്ടാത്ത പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കാനഡ സ്റ്റുഡന്റ് വിസകളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന വാര്‍ത്തയാണിപ്പോള്‍ ആശങ്കക്ക് വഴി വെച്ചിരിക്കുന്നത്.

ഉപരി പഠനത്തിന് ശേഷം എല്ലാവര്‍ക്കും ജോലി ലഭിക്കുന്നില്ലെന്നാണ് കാനഡയിലേക്ക് ചേക്കേറിയ മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നത്. പാര്‍ട്ട് ടൈം ജോലി പോലും ലഭിക്കാന്‍ കമ്പനികള്‍ക്ക് മുമ്പില്‍ നീണ്ട ക്യൂ ആണെന്നാണ് റിപ്പോര്‍ട്ട്. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും വിദേശത്തേക്കാണെങ്കില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്നത് കാനഡ തന്നെയാണ്. എന്തായിരിക്കും ഇതിന് കാരണം?

ഇന്ത്യയേക്കാള്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുമെന്നത് തന്നെയാണ് പലരെയും കാനഡയിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകം. ആഗോള തലത്തില്‍ തന്നെ ഉയര്‍ന്ന ശമ്പള പാക്കേജ് നല്‍കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് കാനഡ.

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍
കാനഡയില്‍ കുടിയേറ്റക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ജോലികളിലൊന്നാണ് സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍. കാനഡയില്‍ ജോലിയെടുക്കുന്നവര്‍ക്ക് ഈ മേഖലയില്‍ ലഭിക്കുന്ന പ്രതിവര്‍ഷ ശമ്പളം 70,792 കനേഡിയന്‍ ഡോളര്‍ ആണ്. അതായത് 42,99,119.13 ഇന്ത്യന്‍ രൂപ. അതേസമയം അമേരിക്കയില്‍ വെബ് വെലപ്പര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളം 63,54,096.41 ഇന്ത്യന്‍ രൂപയാണ്. അതായത് 76,961 യുഎസ്ഡി. സ്വീറ്റ്‌സര്‍ലന്റില്‍ ഈ മേഖലിയില്‍ പ്രതിവര്‍ഷ ശമ്പളം 82,111 സിഎച്ച് ആണ് (76,68,328.23 ഇന്ത്യന്‍ രൂപ).

എച്ച് ആര്‍ മാനേജര്‍
എച്ച് ആര്‍ മാനേജര്‍ മേഖലയില്‍ കാനഡയില്‍ ലഭിക്കുന്ന ശരാശരി ശമ്പളം 74,112 ഡോളര്‍ ആണ്. 45,00,345.16 ഇന്ത്യന്‍ രൂപ. അമേരിക്കയില്‍ 72,402 യു.എസ്.ഡിയും സ്വിറ്റ്‌സര്‍ലാന്റില്‍ 104,163 സ്വിസ് ഫ്രാങ്കുമാണ് ശമ്പളം.

മെക്കാനിക്കല്‍ എന്‍ജിനിയര്‍
മെഷിനറി, ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷനിംഗ്, പവര്‍ ജനറേറ്റിംഗ്, ഗതാഗതം, പ്രോസസ്സിംഗ്, നിര്‍മ്മാണ മേഖല തുടങ്ങിയ മേഖലകളിലാണ് മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ക്ക് സാധ്യതകള്‍ ഉള്ളത്. കാനഡയില്‍ 70,795 സിഎഡിയാണ് പ്രതിവര്‍ഷ ശമ്പളം. (43 ലക്ഷം ഇന്ത്യന്‍ രൂപ). സ്വിറ്റ്‌സര്‍ലാന്റില്‍ ഇത് 88,327 (83 ലക്ഷം രൂപ) സിഎച്ച്എഫ് ആണ്. യുഎസ്എയില്‍ 76,827 യുഎസ്ഡിയും.

വെല്‍ഡര്‍
മണിക്കൂറില്‍ 24.45 കനേഡിയന്‍ ഡോളര്‍ വരെയാണ് വെല്‍ഡര്‍ ആയി ജോലി ലഭിക്കുന്നവര്‍ക്ക് കിട്ടുന്ന ശമ്പളം. യുഎസ്എയില്‍ 20.13 ആണിത്. സ്വിറ്റ്‌സര്‍ലാന്റില്‍ പ്രതിവര്‍ഷ ശമ്പളം 70,000 സിഎച്ച്എഫ് ആണ്. (65 ലക്ഷത്തിന് മുകളില്‍ ഇന്ത്യന്‍ രൂപ)

അക്കൗണ്ടിംഗ് ടെക്‌നീഷ്യന്‍
കാനഡയില്‍ മണിക്കൂര്‍ 21.16 കനേഡിയന്‍ ഡോളറാണ് അക്കൗണ്ടിങ് ടെക്‌നീഷ്യന് ലഭിക്കുക. (1300 ഇന്ത്യന്‍ രൂപക്കടുത്ത്). ഇതേ ജോലിക്ക് യു എസ് എയില്‍ 19. 23 ഡോളറാണ് ലഭിക്കുന്നത്.

രജിസ്റ്റേഡ് നേഴ്‌സ്
വിദേശ രാജ്യങ്ങളില് വലിയ തൊഴില്‍ സാധ്യതയുള്ള ജോലികളിലൊന്നാണ് രജിസ്റ്റേര്‍ഡ് നഴ്‌സിന്റേത്. ആശുപത്രികള്‍, ക്ലിനിക്കുകള്‍, നഴ്‌സിംഗ് ഹോമുകള്‍, കെയര്‍ഹോം എന്നിങ്ങനെ പല മേഖലകളിലും നഴ്‌സുമാര്‍ക്ക് ജോലി ലഭിക്കും. കാനഡയില്‍ മണിക്കൂര്‍ 35.34 കനേഡിയന്‍ ഡോളറാണ് നഴ്‌സുമാര്‍ക്ക് ശരാശരി ശമ്പളയിനത്തില്‍ ലഭിക്കുക. (2158 ഇന്ത്യന്‍ രൂപ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.