മസ്കത്ത്: മലയാളികളടക്കമുള്ള സാധാരണക്കാരുടെ ആശ്രയമായ സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നു. ഒക്ടോബർ ഒന്ന് മുതൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ഉണ്ടാകില്ലെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി അറിയിച്ചു. കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്ക് ഉൾപ്പെടെ സർവീസ് നടത്തിയിരുന്ന ഒമാന്‍റെ ബജറ്റ് വിമാനമാണ് സലാം എയർ.
ഈ മാസം അവസാനം വരെയാണ് വിമാനം നിലവിൽ സർവീസ് നടത്തുക. ഒക്ടോബർ ഒന്ന് മുതലുള്ള ടിക്കറ്റ് ബുക്കിങ് ഓപ്‌ഷൻ വെബ്‌സൈറ്റിൽ നിന്ന് നീക്കിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു നൽകുമെന്ന് കമ്പനി അറിയിച്ചു. റീ ഫണ്ടിനെ കുറിച്ച് സംശയം ഉണ്ടെങ്കിൽ ബന്ധപ്പെടാമെന്ന് കമ്പനി അറിയിച്ചു. റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും പൂർണമായും റീഫണ്ട് നൽകും.
നിലവിൽ സലാം എയർ ഇന്ത്യയിലെ കോഴിക്കോട്, തിരുവനന്തപുരം, ജയ്പൂർ, ലഖ്നൗ എന്നീ നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം നിരവധി പ്രവാസികളുടെ ആശ്രമായിരുന്നു.
ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവിസുകൾ നിർത്തുന്നതെന്നാണ് സലാം എയറിന്റെ വിശദീകരണം. എന്നാൽ സർവീസ് എത്രകാലത്തേക്കാണ് നിർത്തുന്നത് എന്നോ, വീണ്ടും പുനരാരംഭിക്കുമോ എന്നീ കാര്യങ്ങളിൽ കമ്പനി പ്രതികരിച്ചിട്ടില്ല.
Comments are closed for this post.