2022 June 29 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

”കലാലയരാഷ്ട്രീയത്തെ സംശുദ്ധമാക്കണം”

പ്രശോഭ് സാകല്യം

സംസ്ഥാനത്തും ദേശീയ തലത്തിലും നടക്കുന്ന വര്‍ത്തമാന രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലങ്ങളെക്കുറിച്ച് ചെറിയൊരവലോകനം. എഴുത്തുകാരനും നിരീക്ഷകനുമായ സഖറിയയുമായി പ്രശോഭ് സാകല്യം നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

മതേതരവാദികളും മനുഷ്യസ്‌നേഹികളും ഭയപ്പെട്ടതുപോലെ മോഡി രണ്ടാമതും അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുകയാണല്ലോ. ഈയൊരു സാഹചര്യത്തില്‍, ഞാന്‍ താങ്കളുടെ പുസ്തകത്തിന്റെ പേരു തന്നെ പറയട്ടെ: എഴുത്തുകാര്‍ക്ക് ഇന്ത്യക്ക് വേണ്ടി എന്തു ചെയ്യാന്‍ കഴിയും?

എഴുത്തുകാര്‍ക്ക് ഇന്ത്യക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നത് സമൂഹത്തിന്റെ നാഡിമിടിപ്പുകള്‍ക്കു മുകളില്‍ അവന്റെ ആത്മവിശുദ്ധിയെ പ്രകാശിപ്പിക എന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അതാണ്. ഒരെഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരി അവന്റെ എഴുത്തിലും വാക്കിലും പ്രവര്‍ത്തിയിലും ജനാധിപത്യവാദിയായി, മതേതരത്വ വാദിയായി, മനുഷ്യസ്‌നേഹിയായി ജീവിക്കുക എന്നുള്ളത് തന്നെയാണ്. പുരുഷാധിപത്യത്തിനെതിരെയും സാധുജനങ്ങള്‍ക്കുവേണ്ടിയും അതുപോലെ ദളിതരുടെയൊക്കെ പക്ഷത്ത് നിന്നുകൊണ്ട്, ആദിവാസികളുടെ പക്ഷത്തുനിന്നുകൊണ്ട് അങ്ങനെ തഴയപ്പെടുന്ന ജനങ്ങളുടെ പക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുക. ഇന്നത്തെ ഇരുള്‍ മൂടിത്തുടങ്ങിയ, അങ്ങേയറ്റം ദുര്‍ഘടമായ ഇന്ത്യനവസ്ഥയില്‍ എഴുത്തുകാരനു ചെയ്യാന്‍ പറ്റുന്ന കാര്യം എല്ലാ കാര്യങ്ങളിലും അവന്റെ സ്വകാര്യജീവിതത്തിലും പൊതുഇടപെടലുകളിലും ചിന്തയിലും ഒക്കെ ആത്മാര്‍ത്ഥമായി അങ്ങനെത്തന്നെയായിരിക്കണം എന്നത് തന്നെ.

ഈയടുത്ത കാലത്തുണ്ടായ അക്രമസംഭവങ്ങളുള്‍പ്പെടെ നിരവധി അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് പല ഭാഗത്തുനിന്നും ആവശ്യമുയര്‍ന്നിരിക്കുകയാണ് അങ്ങനെയൊരു അഭിപ്രായം താങ്കള്‍ക്ക് ഉണ്ടോ?

കലാലയ രാഷ്ട്രീയത്തെ സംശുദ്ധമാക്കണം. കലാലയ രാഷ്ട്രീയം എന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കുറച്ച് സേവകരെയും അവരുടെ പ്രകടനത്തിനുള്ള ഉപകരണങ്ങളെയും വളര്‍ത്താനുള്ള ഒരു ഉപായം മാത്രമായി മാറിയിരിക്കുകയാണ്.
രാഷ്ട്രീയ പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ അതിന്റെ തീവ്രതയില്‍ പ്രവര്‍ത്തിക്കേണ്ടത് തീര്‍ച്ചയായും കലാലയങ്ങളില്‍, പുതുമനസ്സുകളില്‍ നിന്നാണ്. അവിടെയുള്ള രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ ഇന്ന് ഇവിടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൂടി നിര്‍മ്മിക്കുന്ന അധികാര സംവിധാനങ്ങളെ വിമര്‍ശിച്ചും അതിനെ കാര്യകാരണസഹിതം ചോദ്യം ചെയ്തും അതിനെ മനസ്സിലാക്കിയും അതിനോടു പ്രതികരിക്കുക എന്നുള്ളതാണ് വിദ്യാര്‍ത്ഥികളുടെ ചുമതല. അല്ലാതെ ഇന്ന് നമ്മള്‍ കാണുന്നതുപോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചാവേര്‍ ആയി ജീവിക്കുക എന്നുള്ളതല്ല. അവരുടെ പാര്‍ട്ടി നേതാക്കന്‍മാര്‍ പറയുന്ന കാര്യങ്ങള്‍ക്കൊത്ത് തുള്ളുകയും അവര്‍ ഓതിക്കൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ മാത്രം വിളിക്കുകയും കല്ലെറിയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക എന്നുള്ളതല്ല വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടാരിക്കേണ്ട രാഷ്ട്രീയബോധം.
അപ്പോള്‍ ആ തരത്തിലുള്ള ഒരു കലാലയ രാഷ്ട്രീയം വിമര്‍ശനാത്മകമായ, ആരോഗ്യകരമായ, പ്രതികരണശേഷിയുള്ള, അധികാരസംവിധാനങ്ങളെ സ്വതന്ത്രമായി അഭീമുഖീകരിക്കുന്ന ഉത്തരവാദിത്വപരവും സ്‌നേഹ-സൗഹൃദപരവുമായ ഒരു രാഷ്ട്രീയ അവബോധം വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായിരിക്കുക എന്നുള്ളതാണ് യഥാര്‍ത്ഥത്തില്‍ കലാലയരാഷ്ട്രീയം. അല്ലാതെ കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ ബ്രാഞ്ചുകള്‍ ഉണ്ടാക്കിയെടുക്കുന്നതല്ല.

വിഭജനങ്ങളുടെ അതിര്‍വരമ്പുകള്‍ കൂടിക്കൂടി വരുന്ന ഒരു കാലം കൂടിയാണല്ലോ. വര്‍ത്തമാന കാലത്തിന്റെ സങ്കീര്‍ണതകളെയും സംഘര്‍ഷങ്ങളെയും ഉള്‍ക്കൊള്ളാന്‍ എത്രമാത്രം പുതിയ സാഹിത്യത്തിന് കഴിയുന്നുണ്ട്?

പുതിയ സാഹിത്യത്തിന് അത്യാവശ്യം നല്ലപോലെ അതു കഴിയുന്നുണ്ട്. സമൂഹത്തിലുള്ള എല്ലാ കാര്യങ്ങളും എന്തായാലും സാഹിത്യത്തില്‍ കൊണ്ടുവരാന്‍ കഴിയുകയില്ല. അങ്ങനെ വാശി പിടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. സാഹിത്യത്തിനിണങ്ങിയ വിഷയങ്ങളേ സാഹിത്യത്തില്‍ കൊണ്ടുവരാന്‍ പറ്റുകയുള്ളൂ. പക്ഷെ, ഞാനാദ്യം പറഞ്ഞതുപോലെ ഒരു സാഹിത്യകാരന്റെ/കാരിയുടെ മനസ്സ് ഇത്തരത്തില്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും മനുഷ്യര്‍ക്കുംവേണ്ടി നിലകൊള്ളുന്ന ഒരു രാജ്യമായിരിക്കണം. അങ്ങനെയുണ്ടെങ്കില്‍ അവരെഴുതുന്നതിനകത്ത് നിങ്ങള്‍ പറഞ്ഞതെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കും. അപ്പോള്‍ അതാണ് നമ്മള്‍ക്കുണ്ടായിരിക്കേണ്ടത്. അല്ലാതെ സമൂഹത്തിലുള്ള എല്ലാ കാര്യങ്ങളും നോക്കി അതിലെ അപാകതകള്‍ തിരഞ്ഞുപിടിച്ച് സാഹിത്യമുണ്ടാക്കുക എന്ന് പറഞ്ഞാല്‍ അത് നാലാംകിട സാഹിത്യമായിട്ട് മാറുകയേയുള്ളൂ. സാഹിത്യം എന്ന് പറയുന്നത് സ്വാഭാവികമായിട്ടുണ്ടാകുന്ന ഒരു സൃഷ്ടിയാണ്. വേണമെങ്കില്‍ അല്ലാതെയും എഴുതാം. ‘അനീതിക്കെതിരെ സാഹിത്യമെഴുതുക’ എന്നൊക്കെ പറയുന്നതുപോലെത്തന്നെ. എന്നാല്‍ അത് ചുവരെഴുത്ത് പോലെയുള്ള ഒരു സംഭവം മാത്രമാണ്. അതാണ് പ്രശ്‌നം.

സോഷ്യല്‍ മീഡിയയെക്കുറിച്ച് എന്താണ് അഭിപ്രായം?

ഇന്ന് ലോകത്തിലുള്ള ഏറ്റവും ജനാധിപത്യപരമായ സംവേദന മേഖലയാണ് സോഷ്യല്‍ മീഡിയ; വാട്‌സ്ആപ്പും ഫേസ്ബുക്കും എല്ലാം. അതിനകത്തുള്ളതുപോലുള്ള ജനാധിപത്യവും സ്വാതന്ത്ര്യവും മറ്റൊരിടത്തും നമുക്ക് കാണാന്‍ കഴിയുകയില്ല. നിലവിലെ സ്ഥിതിയാണ്. അതിനും കടിഞ്ഞാണിടാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ സജീവമായി നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അപ്പോള്‍ അതിനകത്തുള്ള ആ ജനാധിപത്യ സമ്പ്രദായത്തെ, അതിന്റെ സ്വാതന്ത്ര്യത്തെ ഇവിടത്തെ മുഖ്യധാരാ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ചുറ്റുപാടിലുള്ളവര്‍ക്കോ ഒന്നും തന്നെ ഒരിക്കലും ലഭിക്കാത്ത തരത്തില്‍, അവര്‍ക്ക് അപ്രായോഗികമായ ഒരു തലം ഈ മീഡിയ നല്‍കുന്നു. ആര്‍ക്കും അതില്‍ പ്രവേശിക്കാം. അതിന് എഴുത്തുകാരനോ, വലിയ ഒരു മഹാനോ ഒന്നും ആകേണ്ടതില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിനെ നിരുത്തരവാദപരമായി ഉപയോഗിക്കുന്ന ഒട്ടനവധി ആളുകളുണ്ട്. അതിനെ വര്‍ഗീയ വാദികളും അതുപോലെ സമൂഹത്തിന് അപകടകാരികളായ ധാരാളം ആളുകളും ഒക്കെ വലിയ രീതിയില്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ അവര്‍ക്ക് മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ശബ്ദത്തില്‍ അലറാനും കഴിയുന്നതുകൊണ്ട് അവരാണ് പലപ്പോഴും ശ്രദ്ധിക്കപ്പെടുക. അപ്പോള്‍ മാന്യതകളൊക്കെ പോയി, ആ തലത്തിലുള്ള ഒരു ജനാധിപത്യ ക്രമത്തില്‍ ഉണ്ടായിരിക്കേണ്ട മാന്യതകളും മര്യാദകളും നല്ലപോലെ നഷ്ടപ്പെട്ടിട്ടുണ്ട്. പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഞാന്‍ പറയില്ല. ചുരുക്കി പറഞ്ഞാല്‍ ജനാധിപത്യത്തെ എങ്ങനെയാണോ ഇന്ന് ഇന്ത്യയുള്‍പ്പെടെ, ലോകത്തില്‍ പലയിടത്തും സ്വേച്ഛാധിപതികളും വര്‍ഗീയവാദികളും ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വരുന്നത് എന്ന് പറയുന്നതുപോലെ തന്നെയാണ് ഇവിടെ സോഷ്യല്‍ മീഡിയയിലും കുറെ വാക്കുകള്‍ കൊണ്ടുള്ള ഗുണ്ടായിസവും വിദ്വേഷപ്രചരണങ്ങളും ഒക്കെയുണ്ടാവുന്നത്. അത് സോഷ്യല്‍ മീഡിയയെ അപകടപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാല്‍പോലും പ്രശോഭ് നേരത്തെ പറഞ്ഞതുപോലെ വിഭജനങ്ങളുടെ ഈ കാലത്തും അതിന് പ്രസക്തിയേറുന്നതേയുള്ളൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.