2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയില്‍ ബാങ്ക് വിളി കേട്ടില്ലെന്ന പരാമര്‍ശം തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചത്; തെറ്റിദ്ധാരണ നീക്കണമെന്ന് സജി ചെറിയാന്‍

സഊദിയില്‍ ബാങ്ക് വിളി കേട്ടില്ലെന്ന പരാമര്‍ശം തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചത്; തെറ്റിദ്ധാരണ നീക്കണമെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: സഊദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്നും അത്ഭുതപ്പെട്ടുപോയെന്നുമുള്ള പ്രസ്താവന തിരുത്തി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സഊദിയില്‍ ബാങ്കുവിളി കേട്ടില്ല എന്ന തന്റെ പരാമര്‍ശം തെറ്റായ വിവരത്തില്‍നിന്ന് സംഭവിച്ചതാണെന്നും ഇത് മനസ്സിലാക്കി എല്ലാവരും തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാന്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

സജി ചെറിയാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശ്യശുദ്ധിയെ മനസ്സിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് ഞാന്‍ പരാമര്‍ശിച്ചത്.

മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാന്‍ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസ്സിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യര്‍ഥിക്കുന്നു.

‘സൗദി അറേബ്യയില്‍ ചെന്നപ്പോള്‍ ഞാന്‍ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്. കാരണം, എക്‌സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാന്‍ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ല. കൂടെ വന്ന ആളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു, പുറത്ത് കേട്ടാല്‍ വിവരമറിയും എന്ന്. അദ്ഭുതപ്പെട്ടു പോയി. അവര്‍ക്ക് അവരുടെ വിശ്വാസത്തിന് ബാങ്കുവിളിക്കാന്‍ അവകാശമുണ്ട്. പക്ഷേ, പൊതുയിടത്തില്‍ ശല്യമാണ്, അത് പാടില്ല. അതാണ് നിയമം. എല്ലാവര്‍ക്കും അവിടെ പ്രാര്‍ഥിക്കാന്‍ അവകാശമുണ്ട്. എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെ. ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. പക്ഷേ, ഘട്ടംഘട്ടമായി ഈ മാതൃക നഷ്ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളത്” ഇതായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍.

saji-cherian-statement-clearing-and-clarifying


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.