
കാലം കൃത്യമായിട്ട് തന്നെയാണ് കറങ്ങുന്നതെന്നറിഞ്ഞിട്ടും എത്ര പെട്ടന്നാണ് സഞ്ചരിക്കുന്നതെന്ന് നാം പറയാറുണ്ട്. സമ്പന്നമായ ഓര്‍മ്മകള്‍ക്ക് നമ്മെ പിരിയാന്‍ വൈമുഖ്യമുണ്ടാകുമ്പോഴാവാം അത്തരം ചിന്തകളുദിക്കുന്നത്. മലയാളക്കരക്ക് മാനവികതയുടെ സൗഹൃദ സന്ദേശം കൈമാറിയ സൈദ് മുഹമ്മദ് നിസാമി വിടപറഞ്ഞിട്ട് ഒരു വര്ഷമാകുന്നുവെന്നറിയുമ്പോള് നമ്മള് അങ്ങനെ ചിന്തിച്ച് പോകുന്നു.
പാരമ്പര്യ മൂല്യങ്ങള്‍ മുറുകെപിടിച്ച് മുസ്ലിം സമുദായത്തെ ആധുനിക കാലത്തിനൊപ്പം നടത്തിയ നിസാമിയുടെ ഓര്‍മ്മകള്‍ തലമുറകള്‍ക്ക് പ്രചോദനമാണ്. കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ അദ്ദേഹം നടത്തിയ ധിഷണാപരമായ ഇടപെടലുകള്‍ എന്നും ഓര്‍മിക്കപ്പെടും. പ്രഭാഷകന്‍, എഴുത്തുകാരന്, പണ്ഡിതന് തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിസാമിയുടെ ജീവിതം സാംസ്കാരിക സമ്പന്നവും കൂലിനവുമായിരുന്നു. വിജ്ഞാനപ്രദമായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണവും. പുതിയ അറിവുകളും ചിന്തയും പ്രദാനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഭാഷണ ശൈലി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ക്ക് ഒരുപോലെ സ്വീകാര്യമായിരുന്നു.പ്രഭാഷണത്തെ കേവലം ആസ്വാദന തലത്തിനപ്പുറം ചിന്താപരമായും സാംസ്കാരികമായും ഔന്നത്യം സൂക്ഷിക്കുന്ന ഒരു ജനതയുടെ സൃഷ്ടിപ്പിനുള്ള ചാലകശക്തിയായി അദ്ദേഹം വിനിയോഗിച്ചു. ഇസ്ലാമിക പാരമ്പര്യവും ചരിത്രവും തന്റെ ലളിതമായ വേറിട്ട ശൈലിയിലൂടെ അദ്ദേഹം പുതു തലമുറക്ക് കൈമാറി.
ഇസ്ലാമിന്റെ പ്രതാപ കാലത്തിന്റെ കഥകള്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹൃദ്യമായ ശൈലിയില്‍ അദ്ദേഹം പകര്‍ന്നു നല്കി. ഇത് പുതുതലമുറയില്‍ ഏറെ പ്രതീക്ഷയും രാജ്യനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ പ്രചോദനവും നല്കി. ചരിത്രം, വിദ്യാഭ്യാസം, കല, ഇസ്ലാമിക സംസ്കാരം, ആത്മീയത തുടങ്ങിയവയില്‍ അദ്ദേഹം കൈമാറിയ അറിവും കാഴ്ചപ്പാടും ഹൃദ്യവും പ്രസക്തവും ആഴമേറിയതുമായിരുന്നു. എണ്പത്തിഅഞ്ചിലെ ശരീഅത്ത് വിവാദ കാലത്ത് ശരീഅത്തും വ്യക്തി നിയമങ്ങളും സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ സമൂഹത്തില്‍ ഏറെ ചലനങ്ങളുണ്ടാക്കി. ഇസ് ലാമിക ശരീഅത്തിന്റെ സൗന്ദര്യവും സുതാര്യതയും പൊതു സമൂഹത്തിന് ബോധ്യമാവാന്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ സഹായിച്ചു.
പരന്ന വായനയും ഉയര്‍ന്ന ചിന്തയും പൊതു സമൂഹത്തിന് പുതിയ ദിശാബോധം നല്കാന് ഉതകുന്നതായിരുന്നു. പാരമ്പര്യ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് കൊണ്ട് അദ്ദേഹം ആധുനികമായി ചിന്തിച്ചു. ഇസ്ലാമിന്റെ സുതാര്യത അദ്ദേഹം വളച്ചു കെട്ടില്ലാതെ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. ബഹുസ്വര സമൂഹത്തില്‍ ഇസ് ലാമിക ധാര്‍മ്മിക മൂല്യങ്ങള്‍ എങ്ങനെ പ്രബോധനം ചെയ്യണമെന്നതിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണ ജീവിതം. ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ ഇസ്ലാമിന്റെ ശരിയുടെ പക്ഷവും സൗന്ദര്യവും വരച്ചുകാട്ടി.
ആരോപണ പ്രത്യാരോപണങ്ങള്‍ പ്രസംഗ വിഷയമാക്കാന്‍ അദ്ദേഹം ഒരിക്കലും മുതിര്‍ന്നില്ല. ഇസ്ലാമിക ചരിത്രത്തിലെ വിജയ കഥകള്‍ മാത്രമല്ല; ഭരണാധികാരികളും നേതൃത്വവും വഴിവിട്ട മാര്‍ഗം സ്വീകരിച്ചപ്പോള്‍ തകര്‍ന്നുപോയ സാമ്രാജ്യങ്ങളെയും സമൂഹങ്ങളേയും അദ്ദേഹം പരിചയപ്പെടുത്തി. ഇതര പ്രത്യയശാസ്ത്രങ്ങളെ പഠിച്ചറിഞ്ഞ്,താരതമ്യ വിശകലനങ്ങള്‍ നടത്തിയാണ് ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. മതവും മാര്‍ക്സിസവും തമ്മിലുള്ള ചിന്താപരമായ വൈരുദ്ധ്യങ്ങള്‍ നിസാമിയെ പോലെ ആഴത്തിലറിഞ്ഞ പണ്ഡിതര്‍ വിരളമാണ്.
സമസ്തയുടെ വേദികളിലെന്നപോലെ സാമുദായിക രാഷ്ടീയ പഠന ക്ലാസുകളിലും നിറഞ്ഞു നിന്ന പ്രഭാഷകനായിരുന്നു അദ്ദേഹം.സാമ്പ്രദായിക രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കപ്പുറം സമുദായ രാഷട്രീയത്തിന്റെ ചരിത്രവും പൂര്‍വിക നയനിലപാടുകളും ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അവതരണം.
ഖാഇദേമില്ലത്ത് ഇസ്മാഈല്‍ സാഹിബ്,ബാഫഖി തങ്ങള്‍,പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ്കോയ തുടങ്ങിയവരുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും നിസാമിയിലൂടെ കേള്‍ക്കുന്നത് ഹൃദ്യമായിരുന്നു. എഴുതുന്ന വരിയിലും പറയുന്ന വാക്കിലും അദ്ദേഹം നൂറു ശതമാനം ഉത്തരവാദിത്തം പുലര്‍ത്തിയിരുന്നു. ശുദ്ധ മലയാളത്തില്‍ മിതമായ സ്വരത്തില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രസംഗ പരമ്പരകളിലൂടെ നിസാമി ചെയ്ത ധാര്‍മ്മിക സേവനം ചരിത്രത്തിന്റെ ഭാഗമാണ്.സത്യ മത പ്രചാരണം ജീവിത ദൗത്യമായേറ്റെടുത്ത പണ്ഡിത പരമ്പരയിലെ ശ്രേഷ്ഠമായ കണ്ണിയാണദ്ദേഹം. ഭൗതികമായ നേട്ടങ്ങളില്‍ ശ്രദ്ധിക്കാതെ തന്റെ ചുമതല സത്യമത പ്രബോധനമാണെന്ന് മനസ്സിലാക്കി അദ്ദേഹം സിദ്ധികള്‍ പെയോഗിച്ചു.
വിദ്യാഭ്യാസ രംഗത്തുള്ള നിസാമിയുടെ സേവനങ്ങള്‍ നിസ്തുലമാണ്.രണ്ടായിരത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വാഫി വിദ്യാഭ്യാസ ചിന്തയെ ഒരു മൂവ്മെന്റാക്കി ജനകീയവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം മുന്നില്‍ നിന്നു.മത ഭൗതിക സമന്വയ വിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാര്‍വത്രികമാവാത്ത കാലമായിരുന്നുവത്.
ഇന്ന് ഇസ്ലാമിക് യുണിവേഴ്സിറ്റിസ് ലീഗ് നിര്‍വാഹക സമിതി അംഗത്വമുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി. ഐ. സി) അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രം എന്നും ഓര്‍മിക്കും.സമന്വയ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് അസ്തിവാരമിട്ട പല നിര്‍ണ്ണായക തീരുമാനങ്ങളും പിറവി കൊണ്ടത് ചേളാരിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു. മരണപ്പെടും വരെ സി.ഐ.സിയുടെ അക്കാദമിക് കൗണ്‍സില്‍ മീറ്റിംഗുകള്‍ നടന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു.സല്‍ക്കാര പ്രിയനായ അദ്ദേഹവും വീട്ടുകാരും ആതിഥ്യമര്യാതയുടെ കുലീന മാതൃകകളായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീ സാന്നിധ്യം സമൂഹത്തിന് പരിചയപ്പെടുത്തിയ അദ്ദേഹം വഫിയ്യ കോഴ്സിലൂടെ ഒരു വനിതാ വിദ്യാഭ്യാസ വിപ്ലവം സാധിച്ചെടുക്കുന്നതില് മുന്‍പന്തിയില്‍ നിന്നു.