മുംബൈ: സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് (75) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഈ മാസം 12-നാണ് മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മെറ്റാസ്റ്റാറ്റിക് മാലിഗ്നൻസി, ഹൈപ്പർടെൻഷൻ, പ്രമേഹം തുടങ്ങിയ രോഗങ്ങളെ തുടർന്ന് ആരോഗ്യം മോശമായിരുന്നു. രോഗങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ഹൃദയാഘാതമുണ്ടായാണ് മരണമെന്ന് സഹാറ ഗ്രൂപ് പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നഷ്ടം സഹാറ ഇന്ത്യ പരിവാറിന് ആഴത്തിൽ അനുഭവപ്പെടുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
1948-ൽ ബീഹാറിലെ അരാരിയയിലാണ് സുബ്രത റോയിയുടെ ജനനം. സ്വപ്ന റോയിയാണ് ഭാര്യ. മക്കൾ സുശാന്ത് റോയ്, സീമന്തോ റോയ്. 1976 ൽ സഹാറ ഫിനാൻസ് കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ബിസിനസ് രംഗത്തേക്കെത്തുന്നത്. പിന്നീട് 1978-ലാണ് സഹാറ ഇന്ത്യ പരിവാർ അദ്ദേഹം ആരംഭിച്ചത്. കേവലം 2000 രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനി രാജ്യത്തെ മുൻനിര കമ്പനികളിലൊന്നായി മാറുകയായിരുന്നു.
1992ൽ രാഷ്ട്രീയ സഹാറ എന്ന പേരിൽ ഹിന്ദി ഭാഷാ ദിനപത്രം തുടങ്ങിയിരുന്നു. പിന്നീട് സഹാറ ടിവി എന്ന പേരിൽ ചാനൽ ആരംഭിച്ചു. ഫിനാന്‍സ് റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന വലിയ ബിസിനസ് സാമ്രാജ്യമാണ് സുബ്രത റോയ് സ്ഥാപിച്ചത്.
എന്നാൽ, അദ്ദേഹം സ്ഥാപിച്ച സഹാറ ചിട്ടി ഫണ്ട് കുംഭകോണത്തെ തുടർന്ന് കമ്പനി നിരവധി പ്രതിസന്ധികൾ നേരിട്ടു. സഹാറയുടെ നിക്ഷേപ പദ്ധതി നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെ സെബിയും ഹിമാചൽ പ്രദേശ് ഹൈക്കോടതിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് അഴിമതി അന്വേഷിക്കാൻ ഉത്തരവിട്ടു. ഒടുവിൽ ഒടുവിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. അതിന്റെ നടപടികൾ നടന്നുവരികയാണ്.
Comments are closed for this post.