2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ബി.ജെ.പിയിലേക്കില്ല’; നയം വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്

  • പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്
  • സച്ചിന്‍ പൈലറ്റിനൊപ്പമുള്ള മൂന്ന് എം.എല്‍.എമാര്‍ ജയ്പൂരിലേക്ക് മടങ്ങി
  • ഗെലോട്ടിനു കീഴില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് സച്ചിന്‍ പൈലറ്റ്‌

 

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ നയം വ്യക്തമാക്കി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. ഇന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഇന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ സച്ചിന്‍ പൈലറ്റ് പങ്കെടുക്കില്ല. അദ്ദേഹം ഡല്‍ഹിയില്‍ തന്നെ തുടരുകയാണ്. അതിനിടെ ഇന്ന് ചേരുന്ന യോഗത്തില്‍ സംബന്ധിക്കാന്‍ 107 എം.എല്‍.എമാര്‍ക്കും വിപ്പ് കൊടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

   

സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 109 എം.എല്‍.എമാരുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പുലര്‍ച്ചെ രണ്ടരയ്ക്ക് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നലെയാണ് സച്ചിന്‍ പൈലറ്റും കുറച്ച് എം.എല്‍.എമാരും കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ഗെലോട്ടിനു കീഴില്‍ പ്രവര്‍ത്തിക്കാനും ജയ്പൂരിലേക്ക് മടങ്ങാനുമാണ് ഹൈക്കമാന്‍ഡും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും നിര്‍ദേശിച്ചത്. ഗെലോട്ടിനു കീഴില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സച്ചിന്‍ പൈലറ്റ്. അതിനിടെ, മൂന്ന് എം.എല്‍.എമാര്‍ ജയ്പൂരിലേക്ക് മടങ്ങുകയും ചെയ്തു.

ബി.ജെ.പിക്കൊപ്പം പോവാതെ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതിനെപ്പറ്റിയാണ് സച്ചിന്‍ പൈലറ്റ് ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ, രാജസ്ഥാനിലെ സ്ഥിതിഗതികളില്‍ ഇടപെടാന്‍ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ജയ്പൂരിലേക്ക് തിരിച്ചു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് നീക്കം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.