
പമ്പ: ശബരിമല ദര്‍ശനത്തിന് താല്‍പ്പര്യമുണ്ടെന്നും സുരക്ഷ നല്‍കണമെന്നും എത്തിയ യുവതിക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പോലിസ്. കോഴിക്കോട് സ്വദേശിയായ ബിന്ദു എന്ന യുവതിയാണ് എരുമേലി പോലിസിനെ സമീപിച്ചത്.
ഇരുമുടിക്കെട്ടില്ലാത്തതിനാലാണ് സുരക്ഷ നല്‍കാനാകില്ലെന്ന് പോലിസ് പറയുന്നത്. തുലാമാസ പൂജകള്‍ക്ക് ശേഷം ഇന്ന് രാത്രി നടയടക്കാനിരിക്കെയാണ് യുവതി ദര്‍ശനത്തിനെത്തിയത്. സുരക്ഷയ്ക്കായി എരുമേലി പോലിസിനെ സമീപിച്ച യുവതിയെ ഇപ്പോള്‍ മുണ്ടക്കയം പോലിസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്കാണ് അടക്കുക. വെകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല.
ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.
ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നട തുറക്കലായിരുന്നു തുലാമാസ പൂജകള്‍ക്കു വേണ്ടി നടത്തിയത്. ഭക്തരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് ദര്‍ശനം പ്രതീക്ഷിച്ച് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.