2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

സത്യത്തിനൊപ്പമെങ്കില്‍ മേനോനും മാപ്പിള


2004ല്‍ 19 കാരിയായ ഇസ്രത്ത് ജഹാനും മലയാളിയായ ജാവേദ് ഗുലാം ശൈഖ് എന്ന പ്രാണേഷ് പിള്ളയുമുള്‍പ്പെടെ നാലു യുവാക്കളെ തെരുവില്‍ വെടിവച്ചു കൊന്നപ്പോള്‍ പൊലിസ് പറഞ്ഞത് അവര്‍ അന്നു മുഖ്യമന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളായിരുന്നുവെന്നാണ്. നിരായുധരായിരുന്ന ആ ചെറുപ്പക്കാരെ ഏകപക്ഷീയമായി വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു ബോധ്യംവരാവുന്ന സാഹചര്യത്തെളിവുകള്‍ എത്രയെത്രയോ ഉണ്ടായിട്ടും പൊലിസ് ഭാഷ്യത്തിന് ശക്തികൂടിയതേയുള്ളൂ.

കാലം മുന്നോട്ടു നീങ്ങുന്നതനുസരിച്ച് സാഹചര്യത്തെളിവുകളെല്ലാം അപ്രത്യക്ഷമാക്കപ്പെടും. പിന്നെ അവശേഷിക്കുക ഭരണാധികാരിയെ ഇല്ലായ്മ ചെയ്യാനെത്തിയ ഭീകരസംഘത്തിന്റെ കഥ മാത്രമായിരിക്കും. ഔദ്യോഗിക രേഖകളില്‍ എഴുതപ്പെടുന്നതാണല്ലോ പില്‍ക്കാലത്ത് ചരിത്രമായി മാറുക. ചരിത്രം തിരുത്താന്‍ കച്ചകെട്ടിയിറങ്ങിയവര്‍ പരശ്ശതമാളുകള്‍ കണ്‍മുന്നില്‍ കണ്ട കാര്യങ്ങള്‍ പോലും ഒരു മടിയുമില്ലാതെ മാറ്റിപ്പറയുകയും പറയിക്കുകയും ചെയ്യും.
1921 ല്‍ ഏറനാട്ടും വള്ളുവനാട്ടും മറ്റും നടന്ന പോരാട്ടത്തിന്റെ വിധിയും ആ ദിശയിലേയ്ക്കു തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതു കൊണ്ടാണല്ലോ മലബാര്‍ കലാപത്തിന് നൂറുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ അതു വെറുമൊരു വര്‍ഗീയലഹളയായി തിരുത്തിയെഴുതപ്പെടുന്നത്. അധികാരം നിലനിര്‍ത്താന്‍ അക്കാലത്ത് ബ്രിട്ടീഷുകാര്‍ ചെയ്ത അതേ തന്ത്രം ഇന്നു കേരളത്തില്‍ എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കാന്‍ ആര്‍ത്തി മൂത്ത ഒരു കൂട്ടര്‍ ആവര്‍ത്തിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ ചില പേരുകള്‍ ഓര്‍ക്കാതിരിക്കാനാവില്ല. അതിലൊന്ന് ഒരു മാപ്പിള മേനോന്റേതാണ്. മറ്റൊന്ന് ആ മാപ്പിള മേനോനെപ്പോലെ അന്നത്തെ ഏറനാട്ടെയും മറ്റും മാപ്പിളമാര്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ക്കും കര്‍ഷത്തൊഴിലാളികള്‍ക്കും പ്രിയപ്പെട്ടവരായിരുന്ന ഒരു നമ്പൂതിരിയുടേതാണ്. കാരണം അവരുടെ പേരുമായി ചേര്‍ക്കാതെ, അന്നും ഇന്നും പലരും മാപ്പിളലഹളയെന്ന് ഇകഴ്ത്തിക്കാട്ടുന്ന 1921 ലെ ബ്രിട്ടീഷ് വിരുദ്ധ, ജന്മിവിരുദ്ധ പോരാട്ടത്തിന് പ്രസക്തിയില്ല. ആലി മുസ്‌ലിയാരെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും പോലുള്ളവരെ അന്നത്തെ താലിബാനികളെന്ന് അധിക്ഷേപിക്കുന്നവര്‍ മനസ്സിരുത്തി വായിക്കേണ്ടതാണ് 1921 പ്രക്ഷോഭത്തില്‍ ആലി മുസ്‌ലിയാര്‍ക്കും വാരിയന്‍കുന്നത്തിനും തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച എം.പി നാരായണമേനോന്റെയും മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെയും കൃഷ്ണന്‍ നായരുടെയും നാരായണന്‍ നമ്പീശന്റെയും മറ്റും ചരിത്രം.

ഭൂപ്രഭുക്കന്മാര്‍ കൊടികുത്തിവാണ കാലത്തെ ചരിത്രയാഥാര്‍ഥ്യം അറിയാത്ത തലമുറയ്ക്ക് എളുപ്പം പിടികിട്ടുന്നതല്ല 1921 ലെ പ്രക്ഷോഭചരിത്രം. കേരളത്തിലെ ഭൂസ്വത്തു മുഴുവന്‍ ബ്രഹ്മസ്വവും ദേവസ്വവുമായിരുന്നു. ദേവന് അവകാശപ്പെട്ടതും സവര്‍ണന്റെ കൈകളില്‍. ആ ഭൂമിയില്‍ ആണ്ടോടാണ്ട് കൃഷിനടത്തിയിരുന്നവരാകട്ടെ പാട്ടക്കുടിയാന്മാരും കാണക്കുടിയാന്മാരും വെറുമ്പാട്ടക്കാരും. കൃഷിപ്പണിക്കാര്‍ ജാതിയില്‍ താഴ്ന്നവരെന്ന് അക്കാലത്ത് പരിഗണിക്കപ്പെട്ട അടിയാളവര്‍ഗം. എത്രതന്നെ വിളയുണ്ടായാലും അതെല്ലാം പാട്ടമായിപോകും. അധ്വാനിക്കുന്നവന്റെ കുടിലുകളിലെ അടുപ്പുകളില്‍ മൂന്നുനേരവും തീയെരിയാറില്ല.

ഇതിനെതിരേയുള്ള അസംതൃപ്തി ഉള്ളിലൊതുക്കി കഴിഞ്ഞവരാണ് അടിയാളര്‍. മലബാറിന്റെ ഭരണാധികാരം ബ്രിട്ടീഷുകാര്‍ക്കായിരുന്നതിനാലും അവര്‍ ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലെല്ലാം സവര്‍ണരെ മാത്രമേ സ്ഥാപിച്ചിരുന്നുവെന്നതിനാലും അടിച്ചമര്‍ത്തല്‍ എളുപ്പമായിരുന്നു. മനുഷ്യാവകാശം ചോദ്യവിഷയമേ അല്ലായിരുന്നു. പട്ടിയും പൂച്ചയും തടസ്സമില്ലാതെ വഴി നടന്നിടങ്ങളില്‍ പോലും കാലുകുത്താന്‍ ജാതിയില്‍ താഴ്ന്നവര്‍ക്ക് അവകാശമില്ലെന്ന നിയമം നിലനിന്ന ദേശമായിരുന്നല്ലോ കേരളം. കേരളത്തിന്റെ മറ്റു പ്രദേശങ്ങളില്‍ സവര്‍ണജന്മിക്രൂരത ഏറ്റവുമധികം അനുഭവിച്ചിരുന്നത് ഇന്നു ഹിന്ദുക്കളുടെ ഭാഗമാക്കി പറയുന്ന അക്കാലത്ത് ഹിന്ദുക്കളായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത അവര്‍ണരായിരുന്നെങ്കില്‍ ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളില്‍ ഇരകള്‍ ആ പ്രദേശങ്ങളിലെ ഭൂരിപക്ഷ കര്‍ഷകത്തൊഴിലാളികളായിരുന്ന മാപ്പിളമാരായിരുന്നു. അവര്‍ അനുഭവിച്ച ക്രൂരതകള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ അവര്‍ക്കൊപ്പം അടിയുറച്ചു നിന്ന നേതാക്കളായിരുന്നു സ്വാതന്ത്ര്യസമരനായകരായിരുന്ന എം.പി നാരായണമേനോനും ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും മറ്റും. ഇത് തങ്ങളുടെ അധീശത്വത്തിനുള്ള കടുത്ത വെല്ലുവിളിയായി ജന്മിമാരും ബ്രിട്ടീഷുകാരും കണ്ടു.
അതിനിടയിലാണ് മുസ്‌ലിംകളില്‍ ഏറെ സമരാവേശമുണര്‍ത്തി ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്പെടുന്നത്. ഖിലാഫത്ത് പ്രക്ഷോഭത്തെ മഹാത്മജി അനുകൂലിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ അതൊരു വലിയ മുന്നേറ്റമായി മാറുമെന്നു ബ്രിട്ടീഷുകാരും അവരുടെ തണലില്‍ സര്‍വതും അടക്കിവാണ ഭൂപ്രഭുക്കന്മാരും ഭയന്നു. വര്‍ഗീയകാര്‍ഡ് ഉപയോഗിച്ചു ഖിലാഫത്ത് പ്രവര്‍ത്തകരെ ആദ്യം അടിച്ചൊതുക്കുക അതിലൂടെ ഹിന്ദു-മുസ്‌ലിം മൈത്രിയിലൂടെ ശക്തിപ്പെടുന്ന സ്വാതന്ത്ര്യസമരത്തിന്റെ ശക്തിക്ഷയിപ്പിക്കുക എന്ന തിരക്കഥ രൂപപ്പെടുന്നത് അതു മുതലാണ്.

ഇന്നും ദുരൂഹമായ ഒരു മോഷണക്കേസുണ്ടാക്കിയാണ് അതിലേയ്ക്ക് ബ്രിട്ടീഷ് ഭരണകൂടവും ഭൂപ്രഭുക്കന്മാരും ചാടിവീഴുന്നത്. നിലമ്പൂര്‍ കോവിലകത്തെ ഒരു തമ്പുരാന്റെ തോക്ക് മോഷണം പോയെന്നായിരുന്നു 1921 ഓഗസ്റ്റ് 20 ന് പുറത്തുവന്ന കഥ. ഉടന്‍ പൊലിസ് പൂക്കോട്ടൂരിലേയ്ക്കു കുതിക്കുന്നു ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്ന വടക്കേ വീട്ടില്‍ മുഹമ്മദിനെ പിടികൂടുന്നു. ഒരു തെളിവുമില്ലാതെ നടന്ന ഈ നടപടിയെ അപ്രദേശത്തുണ്ടായിരുന്ന നൂറുകണക്കിന് ഖിലാഫത്ത് പ്രവര്‍ത്തകര്‍ തടയുന്നു.പൊലിസ് അതിനു പകരം വീട്ടുന്നത് മമ്പുറം പള്ളിയിലേയ്ക്ക് അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്ന രേഖകള്‍ പിടിച്ചെടുത്തും കണ്ണില്‍ കണ്ടവരെയെല്ലാം അറസ്റ്റ് ചെയ്തുമായിരുന്നു. മതവികാരം മുറിപ്പെടുത്തിയതോടെ പ്രക്ഷോഭം ആ രീതിയിലും ആളിക്കത്തി. ബ്രിട്ടീഷുകാര്‍ക്കു വേണ്ടതും അത്തരമൊരു ചെറുത്തുനില്‍പ്പായിരുന്നു. രാജ്യദ്രോഹികളായ പ്രക്ഷോഭകരെ അടിച്ചമര്‍ത്തനെന്ന പേരില്‍ അവര്‍ നരനായാട്ടു തുടങ്ങി. ഖിലാഫത്ത് പ്രവര്‍ത്തകരുടെ ഒളിയിടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊടുത്ത് ജന്മിമാര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു.
ഈ ഘട്ടത്തില്‍ ഒറ്റുകാര്‍ക്കെതിരേ തിരിച്ചടിയുണ്ടായിട്ടുണ്ട് എന്നതു സത്യമാണ്. നേതാക്കളുടെ നിര്‍ദേശമോ അറിവോ കൂടാതെ വര്‍ഗീയമെന്നു വിശേഷിപ്പിക്കാവുന്ന അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നതും സത്യമാണ്. പക്ഷേ, അക്രമം വര്‍ഗീയമായി മാറാതിരിക്കാന്‍ മലബാര്‍ കലാപനേതാക്കള്‍ ശ്രമിച്ചിരുന്നതിന് എത്രയോ ഉദാഹരണങ്ങള്‍ മലബാര്‍ കലാപചരിത്രത്തില്‍ കണ്ടെത്താനാകും. വഴിതെറ്റി അക്രമം കാണിച്ചേക്കാവുന്ന പ്രക്ഷോഭകരുടെ നടപടികളില്‍ നിന്നു കിഴക്കേ കോവിലകവും ആര്യവൈദ്യശാലയുമൊക്കെ സംരക്ഷിക്കാന്‍ ഖിലാഫത്ത് പ്രക്ഷോഭനായകന്മാര്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്നത് ചരിത്രസത്യം. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രക്ഷോഭങ്ങളും സമരങ്ങളും ചില ഘട്ടങ്ങളിലും ചില സ്ഥലങ്ങളിലും വഴി തെറ്റിപ്പോകാറുണ്ട്. താന്‍ ആഹ്വാനം ചെയ്ത നിസ്സഹകരണപ്രക്ഷോഭവും മറ്റും ചിലയിടങ്ങളില്‍ അക്രമത്തിലേയ്ക്കു ചാഞ്ഞപ്പോള്‍ ഗാന്ധിജി ആ സമരങ്ങളില്‍ നിന്നു പിന്മാറിയതും ചരിത്രമാണല്ലോ. വല്ലയിടത്തും വരുന്ന പിഴുവകളെ വച്ചല്ല പ്രക്ഷോഭങ്ങളെ വിലയിരുത്തേണ്ടത്.
എം.പി നാരായണമേനോനും മോഴിക്കുന്നത്തുമെല്ലാം സ്വാനുഭവത്തിലൂടെ എഴുതിയ മലബാര്‍ കലാപ ചരിത്രസത്യങ്ങള്‍ ചവറ്റുകുട്ടയിലേയ്ക്കു വലിച്ചെറിഞ്ഞാണ് ഉത്തരേന്ത്യയിലെ ചിലരെക്കൊണ്ട് ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ വസ്തുതാന്വേഷണം നടത്തി 1921 ലെ കലാപത്തിന് വര്‍ഗീയലഹളയുടെ ചായം പൂശിച്ചിരിക്കുന്നത്. അതു ക്രൂരമാണ്. ഏറനാട്ടിലെ മാപ്പിള കര്‍ഷകര്‍ അനുഭവിച്ച ക്രൂരതകള്‍ കണ്ട് അവര്‍ക്കൊപ്പം നിന്ന നാരായണമേനോനെ മാപ്പിളമേനോന്‍ എന്നു പരിഹസിച്ചവരുടെ പിന്‍മുറക്കാരില്‍ നിന്ന് ഇതിനപ്പുറം എന്തു പ്രതീക്ഷിക്കാന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.