മോസ്‌കോ: റഷ്യ-യുക്രൈന്‍ മൂന്നാം വട്ട ചര്‍ച്ച ബലറൂസില്‍ തുടങ്ങി. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴു മണിയോടെയാണ് ചര്‍ച്ച ആരംഭിച്ചത്. ആരാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്നതില്‍ വ്യക്തതയില്ലാതെയാണ് ഇന്നത്തെ ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്.
നേരത്തെ ഉക്രൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നുവെങ്കിലും ചര്‍ച്ചക്കെത്തുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിനിധി സംഘം ബലറൂസിലേക്ക് പുറപ്പെട്ടതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. റഷ്യന്‍ സംഘവും ബലറൂസിലെത്തിയിട്ടുണ്ട്.
ഉക്രൈന് സുരക്ഷ നല്‍കാന്‍ ഇനിയെത്ര മരണം വേണ്ടിവരുമെന്നായിരുന്നു നാറ്റോ രാജ്യങ്ങളോട് സെലെന്‍സ്‌കിയുടെ ചോദ്യം. നാറ്റോ നേരിട്ട് ഇടപെടാത്ത സാഹചര്യത്തിലാണ് സെലന്‍സ്‌കിയുടെ പ്രതികരണം.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ നാലു നഗരങ്ങളില്‍ വെടി നിര്‍ത്തും എന്നായിരുന്നു റഷ്യയുടെ അറിയിപ്പ്. ആ പ്രഖ്യാപനവും നടപ്പായില്ല. കീവ്, കാര്‍കീവ്, സുമി, മരിയോപോള്‍ നഗരങ്ങളില്‍ ഉള്ളവര്‍ക്ക് രക്ഷപ്പെടാനായി സുരക്ഷിത വഴികള്‍ ഒരുക്കുമെന്നായിരുന്നു റഷ്യ അറിയിച്ചിരുന്നത്.
സുരക്ഷിത ഇടനാഴിയിലടക്കം സ്ഫോടനങ്ങള്‍ ഉണ്ടായതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അടക്കം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുകയായിരുന്നു. നാലു നഗരങ്ങളില്‍ നിന്ന് പ്രഖ്യാപിച്ച സുരക്ഷിത പാതകള്‍ റഷ്യയിലേക്ക് ആയതിനെതിരേ ഉക്രൈന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായതും രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതും.
Comments are closed for this post.