മോസ്‌കോ: 50 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യം ആദ്യഘട്ടം വിജയകരമായി പിന്നിട്ടു. പ്രാദേശിക സമയം വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.30 ന് വോസ്‌റ്റോക്‌നി കോസ്‌മോഡ്രോമില്‍ നിന്നാണ് ലൂണ 25 കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് 23 ന് ചന്ദ്രനിലെത്തുന്ന വിധത്തിലാണ് ദൗത്യം ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ മൂന്ന് പേടകവും അതേദിവസം തന്നെയാണ് ചന്ദ്രനിലിറക്കുക. പേടകം അഞ്ച് ദിവസംകൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ലൂണ-25 ഇറങ്ങുക. ചന്ദ്രോപരിതലത്തെ പഠിക്കാനും ജലത്തിന്റെ സാന്നിധ്യം കണ്ടെത്താനും ലക്ഷ്യമിട്ടുള്ളതാണ് ലൂണ 25. ”ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ഒരു പേടകം ഇറങ്ങുന്നത്. ഇതുവരെ എല്ലാവരും ഭൂമധ്യരേഖാ മേഖലയിലാണ് ഇറങ്ങുന്നത്. ‘- റോസ്‌കോസ്‌മോസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അലക്‌സാണ്ടര്‍ ബ്ലോക്കിന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അഞ്ച് ദിവസത്തിനകം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങുന്നതിന് മുന്‍പു ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നതിനു മൂന്നു മുതല്‍ ഏഴു ദിവസം വരെ സമയമെടുക്കും. വ്യത്യസ്ത ലാന്‍ഡിംഗ് ഏരിയകള്‍ ആസൂത്രണം ചെയ്തിരിക്കുന്നതിനാല്‍ ഇന്ത്യന്‍ ദൗത്യവും റഷ്യന്‍ ദൗത്യവും തമ്മില്‍ ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് ഉറപ്പുനല്‍കി. ഒരു വര്‍ഷത്തോളം ചന്ദ്രനില്‍ തുടരുന്ന പേടകം സാംപിളുകള്‍ എടുത്ത് മണ്ണിന്റെ വിശകലനം, ദീര്‍ഘകാല ശാസ്ത്ര ഗവേഷണം നടത്തുക എന്നീ ചുമതലകള്‍ വഹിക്കുമെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു. ദൗത്യം വിജയിക്കുകയാണെങ്കില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യന്‍ മണ്ണില്‍ നിന്നുമുള്ള ആദ്യ ചാന്ദ്ര ലാന്‍ഡര്‍ എന്ന നേട്ടം ലൂണ 25 സ്വന്തമാക്കും.
Comments are closed for this post.