കീവ്: റഷ്യന്‍ അധിനിവേശ ഡൊനെറ്റ്‌സ്‌ക് മേഖലയില്‍ മകിവ്കയിലെ സൈനികര്‍ താമസിക്കുന്ന സ്‌കൂളില്‍ ഉക്രൈനിയന്‍ റോക്കറ്റ് ആക്രമണത്തില്‍ 89 പേര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ. മകിവ്കയിലെ സൈനിക ക്വാര്‍ട്ടേഴ്‌സിനു നേരെയാണ് ആക്രമണം നടത്തിയെന്നും 400 ഓളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഉക്രെയ്ന്‍ നേരത്തേ അവകാശപ്പെടുന്നു.
ഞായറാഴ്ച പുതുവത്സര ദിനത്തിന്റെ ആദ്യ മിനിറ്റുകളിലായിരുന്നു ആക്രമണം. തങ്ങളുടെ 63 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇന്നലെ വരെ റഷ്യ അറിയിച്ചിരുന്നത്. 89 പേര്‍ കൊല്ലപ്പെട്ടെന്ന് ഇന്ന് റഷ്യ സമ്മതിക്കുകയായിരുന്നു. മകിവ്ക പട്ടണത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരണസംഖ്യ വര്‍ധിച്ചതെന്ന് ബുധനാഴ്ച രാവിലെ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിഡിയോ പ്രസ്താവനയില്‍ ലെഫ്റ്റനന്റ് ജനറല്‍ സെര്‍ജി സെവ്ര്യൂക്കോവ് പറഞ്ഞു.
2022 ഫെബ്രുവരിയില്‍ ഉക്രൈന്‍ അധിനിവേശം ആരംഭിച്ച ശേഷം മോസ്‌കോ സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന ആള്‍നാശമാണിത്. റഷ്യന്‍ സൈനികര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതാണ് ആക്രമണത്തിന് കാരണമെന്നും സെവ്ര്യൂക്കോവ് കൂട്ടിച്ചേര്‍ത്തു. ഒരു റീച്ച് സോണില്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓണ്‍ ചെയ്യുകയും വന്‍തോതില്‍ ഉപയോഗിക്കുകയും ചെയ്തപ്പോള്‍ ശത്രു സൈന്യത്തിന് മിസൈല്‍ ആക്രമണത്തിനായി സൈനികരുടെ സ്ഥാനത്തിന്റെ കോര്‍ഡിനേറ്റുകള്‍ ട്രാക്കുചെയ്യാനും നിര്‍ണയിക്കാനും സാധിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
സൈനിക ക്വാര്‍ട്ടേഴ്‌സാക്കി മാറ്റിയ ഒരു വൊക്കേഷണല്‍ സ്‌കൂളിന് നേരെയുണ്ടായ വിനാശകരമായ ആക്രമണം ഉക്രൈനിലെ മോസ്‌കോ കമാന്‍ഡര്‍മാരുടെ സൈനിക തന്ത്രം വീണ്ടും പരാജയപ്പെട്ടതിന്റെ തെളിവാണെന്ന് റഷ്യന്‍ ദേശീയവാദികള്‍ വിമര്‍ശനമുന്നയിച്ചു. പുടിന്റെ നടപടികളെ വിമര്‍ശിക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയിലും സൈനികരുടെ മരണം കടുത്ത രോഷം ഉളവാക്കിയിട്ടുണ്ട്. കൃത്യമായ പരിശീലനം ലഭിക്കാത്ത സൈനിക ജനറല്‍മാരാണ് നഷ്ടത്തിന് ഉത്തരവാദികളെന്ന് മുന്‍ റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി) ഉദ്യോഗസ്ഥന്‍ ഇഗോര്‍ ഗിര്‍കിന്‍ കുറ്റപ്പെടുത്തി.
Comments are closed for this post.