ചണ്ഡീഗഡ്: ഹരിയാനയിലെ പെഹോവയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി മുന്‍ മന്ത്രി ദേശീയപതാക ഉയര്‍ത്തുന്നതിനെതിരെ പ്രതിഷേധം. മുഖ്യാതിഥിയായെത്തിയ മുന്‍ കായികമന്ത്രി സന്ദീപ് സിങിനെതിരെ നാഷണിലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി( എന്‍.സി.പി) വനിതാ നേതാവ് സോണിയാ ദുഹാനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
മന്ത്രി പതാക ഉയര്‍ത്താനായി മുന്നോട്ടുവന്നപ്പോള്‍ മുദ്രാവാക്യം വിളിച്ച് സോണിയ മുന്നോട്ടുവരികയായിരുന്നു. പൊലിസ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. ദേശീയഗാനം ആലപിച്ചപ്പോഴും സോണിയ പ്രതിഷേധം നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവരെ പൊലിസ് വലിച്ചിഴച്ച് സ്ഥലത്തുനിന്ന് നീക്കുകയായിരുന്നു.
ലൈംഗികാരോപണം നേരിടുന്ന മുന്‍മന്ത്രി പതാക ഉയര്‍ത്തുന്നതിനെതിരെ നേരത്തെ തന്നെ ആംആദ്മി പാര്‍ട്ടിയുടെ അടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന വേദിക്ക് സമീപം വന്‍ പൊലിസ് സന്നാഹമാണ് ഉണ്ടായിരുന്നത്.
വനിതാ ജൂനിയര്‍ കോച്ചാണ് മുന്‍ കായികമന്ത്രിയായ സന്ദീപ് സിങിനെതിരെ പരാതിയുമായി രംഗത്തുവന്നത്. സന്ദീപ് സിങ് അദ്ദേഹത്തിന്റെ ക്യാംപ് ഓഫിസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ഇതിനെത്തുടര്‍ന്ന് ചണ്ഡീഗഡ് പൊലിസ് സിങിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Comments are closed for this post.