ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി പ്രസുകളില്‍ അച്ചടിച്ച പുതിയ 500 രൂപ നോട്ടുകള്‍ പൂര്‍ണമായും റിസര്‍വ്വ് ബാങ്കിലേക്ക് എത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ. പ്രമുഖ വാര്‍ത്താപോര്‍ട്ടലായ ഫ്രീ പ്രസ് ജേണല്‍ ആണ് ഇതു സംബന്ധിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ റോയ് നല്‍കിയ ആര്‍.ടി.ഐ അപേക്ഷയ്ക്കുള്ള മറുപടിയിലെ കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നാസിക്കിലെ കറന്‍സി നോട്ട് പ്രസ്, ദേവസിലെ ബാങ്ക് നോട്ട് പ്രസ്, മൈസൂരിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ (പ്രൈവറ്റ്) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ കറന്‍സി പ്രിന്റ് ചെയ്യുന്നത്. ഇതില്‍ മൈസൂരിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ (പ്രൈവറ്റ്) ലിമിറ്റഡ് ഇക്കാലയളവില്‍ 519.6 കോടി നോട്ടുകളാണ് അച്ചടിച്ചത്. ദേവസിലെ ബാങ്ക് നോട്ട് പ്രസ് 195 കോടി നോട്ടുകളും അച്ചടിച്ചു. നാസികിലെ പ്രസില്‍നിന്ന് 166 കോടി നോട്ടും അച്ചടിച്ചെന്നുമാണ് കണക്ക്.
എന്നാല്‍ ഈ മൂന്ന് പ്രസുകളിലായി അച്ചടിച്ചതും റിസര്‍വ് ബാങ്കിന് ലഭിച്ചതുമായ നോട്ടുകളുടെ എണ്ണത്തില്‍ വലിയ പൊരുത്തക്കേട് ഉണ്ടായെന്നാണ് മനോരഞ്ജന്‍ റോയ്ക്ക് ലഭിച്ച ആര്‍.ടി.ഐ മറുപടിയില്‍ പറയുന്നത്. ഇത്തരത്തില്‍ ‘അപ്രത്യക്ഷമായ’ നോട്ടുകളുടെ ആകെ മൂല്യം 88,032.5 കോടി രൂപയാണ്.
2016 നവംബറില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരോധിക്കുന്ന പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് മൂന്നു കറന്‍സി പ്രസുകള്‍ക്കുമായി നോട്ടുകള്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം മൂന്ന് സര്‍ക്കാര്‍ പ്രസുകളിലായി പുതുതായി രൂപകല്‍പന ചെയ്ത 500 രൂപയുടെ 8,810.65 ദശലക്ഷം നോട്ടുകള്‍ അച്ചടിച്ചു. എന്നാല്‍ റിസര്‍വ് ബാങ്കിനുലഭിച്ചതാവട്ടെ 7,260 ദശലക്ഷം നോട്ടുകള്‍ മാത്രം.
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മനോരഞ്ജന്‍ റോയ് സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ഇ.ഡിക്കും കത്തയച്ചിട്ടുണ്ട്. ഇത്രയും അധികം നോട്ടുകള്‍ കാണാതായത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്ന് മനോരഞ്ജന്‍ റോയ് പറഞ്ഞു.
സംഭവത്തില്‍ ആര്‍.ബി.ഐ വക്താവിനെ പ്രതികരണത്തിനായി ബന്ധപ്പെട്ടെങ്കിലും കാണാതായ നോട്ടുകളെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചെന്ന് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട്‌ചെയ്തു.
Comments are closed for this post.