2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബാങ്കുവിളിക്കുന്നതിനിടെ റിട്ട. പൊലിസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ച് കൊന്നു

ബാങ്കുവിളിക്കുന്നതിനിടെ റിട്ട. പൊലിസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ച് കൊന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പള്ളിയില്‍ ബാങ്ക് വിളിക്കുന്നതിനിടെ മുതിര്‍ന്ന റിട്ട. പൊലിസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ച് കൊന്നു. സീനിയര്‍ പൊലിസ് സൂപ്രണ്ടായി വിരമിച്ച മിര്‍ മുഹമ്മദ് ഷാഫി (72) ആണ് കൊല്ലപ്പെട്ടത്. ബാരാമുള്ളയിലെ ഗണ്ട്മുള്ള ഗ്രാമത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തിന് പിന്നാലെ പ്രദേശമാകെ പൊലിസ് വളഞ്ഞു.

പുലര്‍ച്ചെ സുബഹി ബാങ്ക് വിളിക്കുന്നതിനിടെ പള്ളിയിലെത്തിയ ഭീകരര്‍ ഷാഫിയെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. 2012ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ പ്രദേശത്തെ സാമൂഹിക, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മിര്‍ മുഹമ്മദ് ഷാഫി.

വിരമിച്ചയുടന്‍ അദ്ദേഹത്തിന് സ്വകാര്യ അംഗരക്ഷകനുണ്ടായിരുന്നുവെങ്കിലും അടുത്തിടെയാണ് ഇത് പിന്‍വലിച്ചത്. 2019ല്‍ മുഹമ്മദ് ഷാഫി നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്നിരുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ളയും, മെഹ്ബൂബ മുഫ്തിയും ഉള്‍പ്പെടെയുള്ളവര്‍ അപലപിച്ചു. വ്യാഴാഴ്ച്ച രജൗരിയിലെ താന മണ്ഡിയിലേക്ക് സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

   

ബാങ്ക് ഇടക്കുവെച്ച് മുറിഞ്ഞു’
രാവിലെ നേരത്തെ എണീറ്റ് ഖുര്‍ആന്‍ പാരായണം ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് പതിവുപോലെ ബാങ്ക് വിളി കേട്ടതെന്നും എന്നാല്‍ ഇത് ഇടയ്ക്ക് വെച്ച് മുറിയുകയായിരുന്നുവെന്നും മുഹമ്മദ് ഷാഫിയുടെ സഹോദരന്‍ മുഹമ്മദ് മുസ്തഫ പറഞ്ഞു. പള്ളിയുടെ അടുത്താണ് എന്റെ വീട്. ബാങ്കുവിളി തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്…. (അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു) എന്ന് പറഞ്ഞയുടന്‍ ശബ്ദം നിലച്ചു. -മുസ്തഫ വ്യക്തമാക്കി. ഇതോടെ ഖുര്‍ആന്‍ അടച്ചുവെച്ചു. മറ്റൊരു അസാധരണ നിലവിളിയും കേട്ടതോടെ പന്തികേട് തോന്നി. എന്നാല്‍ ബാങ്കിനിടെ കുഴഞ്ഞ് വീണതാകാമെന്നാണ് കരുതിയതെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.