2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

‘ദേശവിരുദ്ധ’രെ പിടികൂടി പണി വാങ്ങിക്കൊടുന്ന സൈബര്‍ പോരാളികള്‍ക്ക് ആർ.എസ്.എസിന്‍റെ പുരസ്‌കാരം

  • സമ്മാനിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും

ന്യൂഡല്‍ഹി: സൈബര്‍ ഇടങ്ങളിലെ ‘ദേശവിരുദ്ധ’രെ കണ്ടുപിടിച്ച് നടപടി എടുപ്പിക്കുന്ന സംഘത്തിന് സംഘ്പരിവാറിന്റെ സോഷ്യല്‍ മീഡിയാ പുരസ്‌കാരം. ഇത്തരക്കാരെ ജോലിയില്‍ നിന്നും യൂനിവേഴ്‌സിറ്റിയിലും നിന്നും പുറാത്താക്കിയവര്‍ക്കാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്. സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ നിരീക്ഷിച്ചാണ് പലര്‍ക്കുമെതിരെ ഈ സംഘം ദേശവിരുദ്ധ പ്രവൃത്തി ആരോപിച്ച് കേസ് കൊടുക്കുന്നത്. ആര്‍.എസ്.എസിന്റെ വിങായ ഇന്ദ്രപ്രസ്ഥ വിശ്വ സംവാദ് കേന്ദ്രയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ഇത്തരത്തില്‍ നിരവധി ‘നേട്ട’ങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍ക്ക് കാണിക്കാനുള്ളത്. ഗുവാഹട്ടിയിലെ കോളജില്‍ നിന്ന് ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് നല്‍കിയ സസ്‌പെന്‍ഷന്‍ ലെറ്റര്‍, രാജസ്ഥാന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു നാല് കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ സസ്‌പെന്‍ഷന്‍ ലെറ്റര്‍, നാല് പേരും പെണ്‍കുട്ടികളാണ്. ജയ്പൂരില്‍ ഒരു അറസ്റ്റിലേക്ക് നയിച്ച ട്വിറ്റര്‍ പോസ്റ്റ്, ഗ്രേറ്റര്‍ നോയിഡയിലെ എന്‍ജിനിയറിങ് കോളജില്‍ ഒരു വിദ്യാര്‍ഥിയ്ക്ക് ലഭിച്ച സസ്‌പെന്‍ഷന്‍ ലെറ്റര്‍, ബിഹാറിലെ കെയ്തറില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ഒരു ബിരുദ വിദ്യാര്‍ഥിയുടെ അറസ്റ്റ്. ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്.

പുല്‍വാമ ഭീകരാക്രമണത്തിന്റേയും ബാലക്കോട്ട് വ്യോമാക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ അഭിപ്രായ പ്രകടനത്തെയാണ് ഇവര്‍ ആയുധമാക്കിയത്. എന്നാല്‍ പ്രാഥമിക ഘട്ടത്തില്‍ നടപടിയെടുത്തുവെങ്കിലും, ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഇവര്‍ക്കെതിരായ നടപടി പിന്‍വലിച്ചുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളജുകളില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെ ആള്‍ക്കൂട്ടാക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പല രീതിയിലുള്ള പോസ്റ്റുകളും കമന്റുകളുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വന്നിരുന്നത്.

ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ വച്ചാണ് പുരസ്‌കാര ദാനം നടന്നത്. ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്. സോഷ്യല്‍ മീഡിയ പത്രകാരിത നാരദ് സമ്മാന്‍ എന്നാല്‍ പുരസ്‌കാരത്തിന്റെ പേര്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.