2023 March 29 Wednesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചര്‍ച്ചയിലൂടെ ആര്‍എസ്എസിനെ മാറ്റിയെടുക്കാമെന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളിമാറ്റാന്‍ കഴിയുമെന്ന് കരുതുന്നതിന് തുല്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ആര്‍.എസ്.എസ് ജമാഅത്ത് ചര്‍ച്ചയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നേതൃത്വവും മുസ്ലിം മതസംഘടനകളും വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞിതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.

സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നു. ആര്‍എസ്എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നു. ആര്‍എസ്എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം.
സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവര്‍ത്തനം ചെയ്‌തെടുക്കാനും കഴിയുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളിമാറ്റാന്‍ കഴിയും എന്ന് കരുതുന്നതിന് തുല്യമാണ്. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്‌നങ്ങള്‍ രാജ്യഭരണം നിയന്ത്രിക്കുന്ന ആര്‍എസ്എസിനുമുന്നില്‍ അവതരിപ്പിക്കാനാണ് ചര്‍ച്ച നടത്തിയതെന്ന വാദം അതിലേറെ വിചിത്രവും. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കിയത്?ചര്‍ച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത്. ന്യൂനപക്ഷ സംരക്ഷണം എന്നാല്‍ മത നിരപേക്ഷതയുടെ സംരക്ഷണമാണ്. അതിനു ഭംഗം വരുത്തുന്നത് ആരാണെന്ന് അറിയാത്തവരാണോ ഈ സംഘടനക്കാര്‍? അത്തരക്കാരുമായി ചര്‍ച്ച നടത്തിയാല്‍ എങ്ങനെയാണ് മത നിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും സാധ്യമാവുക?
ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം ഇന്ന് സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടുകയാണ്. ഈ ഘട്ടത്തില്‍ ആര്‍എസ്എസ് അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണ് ഇത്തരം നടപടികള്‍. വര്‍ഗ്ഗീയതകള്‍ പരസ്പരം സന്ധി ചെയ്തുകൊണ്ട് മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും തച്ചുടയ്ക്കുന്നതില്‍ ഒരേ മനസ്സോടെ നില്‍ക്കുന്നവരാണ് എന്നതിന് ഇതില്‍പ്പരം തെളിവ് വേണ്ട. ഇത് മതനിരപേക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News