
തിരുവനന്തപുരം: മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമര്ശത്തിനതിരേ നോട്ടിസ് അയച്ച് ആര്.എസ്.എസ്. അതേ സമയം മുന്നറിയിപ്പ് അവജ്ഞയോടെ തള്ളുന്നു. ആരെ പേടിപ്പിക്കാനാണ് നോട്ടിസ് അയച്ചത്. ഏത് നിമയ നടപടിയും നേരിടാന്‍ തയ്യാറാണെന്നുമുള്ള വിശദീകരണവുമായി വി.ഡി സതീശന് രംഗത്തെത്തി.
എന്നാല്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ എവിടെയും സജി ചെറിയാന് പറഞ്ഞ വാക്കുകളില്ലെന്ന് ആര്.എസ്.എസ് നോട്ടിസില്‍ പറയുന്നു. സജി ചെറിയാന് പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഓഫ് തോട്ട്സില്‍ എവിടെയാണുള്ളതെന്നറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടിസിലുള്ളത്.
ആര്.എസ്.എസിന്റെ സ്ഥാപക ആചാര്യനായ ശ്രീ ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്കത്തില്‍ സജി ചെറിയാന് പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു വി.ഡി സതീശന്റെ പ്രസ്താവന.
ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലെ വാക്കുകളും സജി ചെറിയാന്റെ പ്രസംഗത്തിലെ വാക്കുകളും വായിച്ചായിരുന്നു സതീശന്റെ മറുപടി. ഇതു രണ്ടും ഒരേ ആശയമല്ലേ പറയുന്നതെന്നു ചോദിച്ച അദ്ദേഹം ആര്.എസ്.എസിന്റെ നോട്ടിസ് അവിടെതന്നെ വെക്കാനും തന്നെ അതുകാട്ടി പേടിപ്പിക്കണ്ടെന്നും മുന്നറിയിപ്പ് നല്കി. നിയമത്തെ നിയമപരമായി നേരിടുമെന്നും സതീശന് വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയുടേയും മുന്‍പത്തെ സര്‍വ്വരാഷ്ട്ര സമിതിയുടെയും ചില മുടന്തന്‍ തത്വങ്ങളും അമേരിക്കയിലെയും ബ്രിട്ടനിലെയും ചില കാര്യങ്ങളും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ വികൃത സൃഷ്ടിയാണ് ഭരണഘടന എന്നാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്. അതായത് ഒന്നും നമ്മുടേതല്ല എന്ന്. പല രാജ്യങ്ങളുടെയും തുണ്ടുകള്‍ ചേര്‍ത്ത് ഉണ്ടാക്കിയ ഭരണഘടന എന്നും ഗോള്‍വാള്‍ക്കര്‍ പറഞ്ഞു. സജി ചെറിയാന് പറഞ്ഞതും ഗോള്‍വാള്‍ക്കര്‍ പറഞ്ഞതും ഒന്നു തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.
‘ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന് പറഞ്ഞത്. ബ്രിട്ടീഷുകാരന് പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. ഭരണഘടന ജനങ്ങളെ കൊളളയടിക്കുന്നതാണെന്നുമായിരുന്നു സജി ചെറിയാന് പറഞ്ഞത്. ആര്.എസ്.എസിന്റെ പ്രത്യയശാസ്ത്രവും ഭരണഘടനയോടുളള സമീപനവും മന്ത്രി സജി ചെറിയാന് പറഞ്ഞതും ഒന്ന് തന്നെയാണ്,’ ഇത് ആര്‍ക്കാണ് അറിയാത്തതെന്നും വി.ഡി സതീശന് ചോദിച്ചു.
കോണ്‍ഗ്രസിനെതിരെ ബിജെപി സജി ചെറിയാന് രാജിവയ്ക്കണമെന്നു പറഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തിലും തുടര്‍ന്നുള്ള പ്രസ്താവനകളിലും സജി ചെറിയാന്റേത് ആര്‍എസ്എസിന്റെ ഭാഷയാണെന്ന് സതീശന് കുറ്റപ്പെടുത്തിയിരുന്നു.