2023 March 21 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആര്‍.എസ്.എസ്- സി.പി.എം ചര്‍ച്ചക്ക് ശേഷം ലാവലിന്‍ കേസ് 33 തവണ നീട്ടി, ബി.ജെ.പി അമ്പതോളം മണ്ഡലത്തില്‍ വോട്ടുമറിച്ചു; ചര്‍ച്ചയുടെ ഉള്ളടക്കം പുറത്തുവിടണമെന്ന് സുധാകരന്‍

തിരുവനന്തപുരം: ആര്‍.എസ്.എസ്-സി.പി.എം ചര്‍ച്ചയുടെ ഉള്ളടക്കം പുറത്തുവിടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ജമാഅത്ത് ഇസ്ലാമി ഉള്‍പ്പെടെയുള്ള മുസ്ലീംസംഘടനകള്‍ ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ നടത്തിയ ആര്‍എസ് എസ് സിപിഎം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിജെപി അമ്പതിലധികം നിയോജക മണ്ഡലങ്ങളില്‍ വോട്ടുമറിച്ചതും അന്നത്തെ ചര്‍ച്ചയുടെ ഫലമാണ്. ലാവ്‌ലിന് കേസ് 33 തവണ നീട്ടിവച്ചതും ഇതേ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നതു കൊണ്ടാണെന്ന് സുധാകരന്‍ പറഞ്ഞു.

ജമാഅത്ത് ഇസ്ലാമി-ആര്‍.എസ്.എസ് ചര്‍ച്ചയില്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നത് സിപിഐഎം നേരിടുന്ന ആഴമേറിയ പ്രതിസന്ധികളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ്. ആ വെട്ടില്‍ വീഴാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

42 വര്‍ഷത്തിലധികം സിപിഎമ്മിന്റെ സഹയാത്രികരായിരുന്ന ജമാ അത്ത് ഇസ്ലാമിയെ സിപിഎം ഇപ്പോള്‍ ചണ്ടിപോലെ പുറന്തള്ളിയത് സിപിഎമ്മിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമാണ്. ബിജെപിയെ നേരിടാന്‍ ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീരുമാനം എടുത്തപ്പോള്‍ അതില്‍നിന്ന് വിട്ടുനിന്ന് ബിജെപിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ സിപിഎമ്മുകാരെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.