റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച കരുത്തേറിയ 650 സി.സി എഞ്ചിന്‍ വാഹനത്തിന്റെ ആരാധകര്‍ക്കിടയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്. എഞ്ചിന് കമ്പനി വിചാരിച്ചിരുന്ന സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചതോടെ പ്രസ്തുത എഞ്ചിന്‍ ഉപയോഗിച്ച് കൊണ്ടുളള കൂടുതല്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ശ്രമിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ക്ലാസിക്ക് സീരീസിലാണ് 650 എഞ്ചിന്റെ പവറുമായി എന്‍ഫീല്‍ഡ് പുതിയ മോട്ടോര്‍ബൈക്ക് പുറത്തിറക്കുന്നത്. കമ്പനി നേരത്തെ പുറത്തിറക്കിയ ക്ലാസിക്ക് 350ന് സമാനമായ മോഡലിലായിരിക്കും പുതിയ ബൈക്കും പുറത്തിറങ്ങുക. മുന്നില്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും,പിന്നില്‍ ഇരട്ടഷോക്ക് അബ്‌സറുകളും ഘടിപ്പിക്കപ്പെട്ട രീതിയിലായിരിക്കും വാഹനം പുറത്തിറങ്ങുന്നത്.വാഹനത്തിന്റെ പരീക്ഷണ ഒാട്ടങ്ങൾ നടന്ന് വരികയാണ്.
ഡീ ട്യൂണ്‍ ചെയ്ത 650 സി.സി എഞ്ചിനാവും വാഹനത്തിന് കരുത്ത് പകരുക എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.ഉളളിലേക്ക് കയറിയിരിക്കുന്ന രീതിയിലുളള ക്ലിയര്‍ ലെന്‍സ് ഹെഡ്‌ലാംപ്, സ്റ്റീല്‍ റിം വീലുകള്‍, ക്രോമിന്റെ പ്രസരം എന്നിവയെല്ലാം ബൈക്കിനെ ഒരു ക്ലാസിക്ക് ലുക്കില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്നു.
വിപണിയില്‍ ഏകദേശം 2.8 ലക്ഷം രൂപയോളം എക്‌സ് ഷോറൂം വില പ്രതീക്ഷിക്കപ്പെടുന്ന വാഹനം പുറത്തിറങ്ങുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
Comments are closed for this post.