
തെഹ്റാന്: ഇറാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടിയില്‍ എത്തിയതായും 14,000 പേര് മരിച്ചതായും പ്രസിഡന്റ് ഹസന് റൂഹാനി. മൂന്നരകോടി പേര്‍ക്ക് രോഗം ബാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ലോകത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര കോടിയില്‍ താഴെയായിരിക്കെയാണിത്.
എട്ടു കോടിയിലേറെയാണ് ഇറാനിലെ ജനസംഖ്യ. രണ്ടു ലക്ഷം പേരെ കൊവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റൂഹാനി വ്യക്തമാക്കി. അതേസമയം ഔദ്യോഗിക കണക്കനുസരിച്ച് 2,69,440 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്.
അതിനിടെ യു.എസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 70,000ത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചു. മഹാമാരി ലോകത്തിന്റെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നതെന്നും 10 കോടി ജനങ്ങളെ ഇത് പട്ടിണിയിലേക്ക് തള്ളിവിടുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
അതേസമയം ആന്റിബോഡി ടെസ്റ്റ് 98.6 ശതമാനം കൃത്യതയുള്ളതാണെന്ന് തെളിഞ്ഞതായി ബ്രിട്ടന് അവകാശപ്പെട്ടു. ഇതോടെ രാജ്യത്ത് ലക്ഷക്കണക്കിനു പേര്‍ക്ക് സൗജന്യമായി ആന്റിബോഡി ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.