2023 March 29 Wednesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കുള്ള സഹായം യുഎന്‍ വെട്ടിക്കുറച്ചു; പട്ടിണിയിലും ഭക്ഷ്യക്ഷാമത്തിലുമെന്ന് റിപ്പോര്‍ട്ട്

ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് നല്‍കി വന്ന സാമ്പത്തിക സഹായം ഐക്യരാഷ്ട്രസഭ വെട്ടിക്കുറച്ചു. ഇതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന പത്ത് ലക്ഷത്തിലധികം റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ കടുത്ത പട്ടിണിയിലും ഭക്ഷ്യക്ഷാമത്തിലുമാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എന്നിന്റെ ആഗോള ഭക്ഷ്യ സുരക്ഷയിനത്തില്‍ നല്‍കി വന്ന സംഭാവനയില്‍ ഏകദേശം 125 മില്യണ്‍ യു.എസ് ഡോളറിന്റെ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ആളൊന്നിന് നല്‍കി വന്ന 12 ഡോളര്‍ 10 ഡോളറായി കുറച്ചിട്ടുമുണ്ട്. ലോകരാഷ്ട്രങ്ങള്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ നല്‍കിവരുന്ന പണത്തില്‍ ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചത്. ‘ഞങ്ങള്‍ക്ക് വരുമാനമൊന്നുമില്ല, റേഷന്‍ കുറഞ്ഞു, നിലവില്‍ തൊഴില്‍ ചെയ്യാനും വരുമാനം കണ്ടെത്താനും പരിമിതികളുണ്ട്. മറ്റ് വരുമാന മാര്‍ഗങ്ങളില്ലെന്നും അഭയാര്‍ഥികളിലൊരാള്‍ പറഞ്ഞു.

അധികാരവും മതവും തമ്മിലുള്ള അഭേദ്യബന്ധം നിലനില്‍ക്കുന്ന രാജ്യത്ത് സൈനിക ഭരണമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. സൈന്യത്തിന്റെ പിന്‍ബലത്തിലാണ് ഒരു വിഭാഗം ബുദ്ധമതാനുയായികള്‍ മ്യാന്മാറില്‍ നിന്നും വംശീയ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ വംശജരെ പുറന്തള്ളുന്നതും. ജനിച്ച മണ്ണില്‍ നിന്നും പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലേക്കാണ് പ്രാണരക്ഷാര്‍ത്ഥം രക്ഷതേടുന്നത്. എന്നാല്‍, ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതലാണ് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍.

പല അഭയര്‍ത്ഥി ക്യാമ്പുകളിലും അതീവ ദയനീയാവസ്ഥയാണെന്ന് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തിന്റെ പിന്തുണയോടെ 2017 ഓഗസ്റ്റ് മുതല്‍ തുടരുന്ന മ്യാന്മാറിലെ അടിച്ചമര്‍ത്തലിന് ശേഷം ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് എത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.