2021 February 28 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റോബോട്ട് ഹസ്ബന്റ്

നൈന മണ്ണഞ്ചേരി

 

രാവിലെ പ്രിയതമ പത്രവുമായി ഇരിക്കുന്നത് കണ്ടപ്പോഴേ മനസിലായി പത്രത്തില്‍ എന്തോ കാര്യമായ പരസ്യമുണ്ടെന്ന്. അല്ലെങ്കില്‍, ഇത്ര രാവിലെ അവള്‍ പത്രമെടുക്കാറില്ല. അതുകൊണ്ടു തന്നെ അതു കാണുമ്പോള്‍ വഴിമാറി നടക്കുകയാണു പതിവ്.
ആരു വിരുന്നു വന്നാലും കോഴിക്കാണല്ലോ കിടക്കാന്‍ വയ്യാത്തത്. അതുപോലെയാണു പാവം ഹസ്ബന്റുമാരുടെ കാര്യം. അടുത്ത ജന്മത്തിലെങ്കിലും വൈഫായിട്ടു ജനിച്ചാല്‍ മതിയായിരുന്നു. പുതിയ റേഷന്‍ കാര്‍ഡ് നിലവില്‍വന്നതോടെ പുരുഷന്മാര്‍ക്ക് ആകെയുണ്ടായിരുന്ന ഗൃഹനാഥന്‍ പദവികൂടി നഷ്ടപ്പെട്ടു. അതിന്റെ ഗമയിലാണു പ്രിയതമയുടെ നടപ്പ്.
”ചേട്ടന്‍ ഈ വാര്‍ത്ത കണ്ടില്ലായിരുന്നോ.” പ്രിയതമയ്ക്കു പിടികൊടുക്കാതെ പോകാമെന്നു വിചാരിച്ചിട്ടു നടന്നില്ല. ഇനി കീഴടങ്ങുക തന്നെ.
”ഇതു വാര്‍ത്തയല്ലല്ലോ,പരസ്യമല്ലേ.”
ഏതോ പ്രദര്‍ശനവില്‍പ്പനക്കാരുടെ പരസ്യമാണ്. കാണാതിരുന്നിട്ടല്ല, ഒരാഴ്ചയായി കണ്ടുകൊണ്ടേയിരിക്കുന്നു. ഞാനായിട്ടൊരു വയ്യാവേലി തലയിലിടേണ്ടെന്നു കരുതി മിണ്ടാതിരുന്നതാണ്. പക്ഷേ, ഫലമുണ്ടായില്ല. അവസാനം ഗൃഹനായിക അതു കണ്ടുപിടിച്ചു കളഞ്ഞു.
”എന്നാലും, ഇന്നു ഞാനിതു കണ്ടില്ലായിരുന്നെങ്കില്‍ എന്തോരം ഓഫറുകള്‍ പോയേനെ ചേട്ടാ..” അവള്‍ പോകാനിരുന്ന ഓഫറുകളോര്‍ത്തു വിഷണ്ണയായി.
”ഏതായാലും ഇന്നവിടെ പോയിട്ടു തന്നെ ബാക്കി കാര്യം.” അതു പറഞ്ഞതും അവള്‍ പത്രത്തിന്റെ അറ്റം വലിച്ചുകീറിയതും ഒന്നിച്ച്.
”ഇതെന്താ, പത്രം വലിച്ചുകീറിയത്. ഞാനിതുവരെ വായിച്ചിട്ടില്ല. നിനക്കെന്താ പ്രദര്‍ശനത്തിന്റെ കാര്യമോര്‍ത്തു വട്ടായോ.”
”ഈ പരസ്യം വന്ന പത്രക്കട്ടിങ്ങുമായി ചെല്ലുന്ന വനിതകള്‍ക്കു പ്രവേശനം സൗജന്യമാ..”
അപ്പോള്‍ അവിടെയും പാവം പുരുഷന്മാര്‍ പുറത്ത്. എതായാലും ഈ പ്രദര്‍ശനം തീരുന്നതുവരെ ഒരു വീട്ടിലും പത്രം മുഴുവന്‍ കാണാന്‍ വഴിയില്ല. അന്‍പതു രൂപയെങ്കില്‍ അന്‍പതു രൂപ ലാഭമെന്നു കരുതി വനിതാരത്‌നങ്ങള്‍ പരസ്യം കീറിയെടുക്കുമെന്ന കാര്യം ഉറപ്പ്.
വനിതകള്‍ക്കു കൂട്ടായി ഭര്‍ത്താക്കന്മാരും കുട്ടികളും പ്രദര്‍ശനം കാണാന്‍ പോകാതിരിക്കില്ല. അപ്പോള്‍ അന്‍പതു നഷ്ടമായാലും ഇരട്ടിയായി തിരിച്ചുപിടിക്കാം. പരസ്യക്കാരുടെ ബുദ്ധി സമ്മതിക്കാതെ തരമില്ല.
ഗൃഹനായികയ്ക്കു കൂട്ടുപോയില്ലെങ്കില്‍ പിന്നെ അതിന്റെ പേരിലാവും വഴക്ക്. വാട്‌സ് ആപ്പും ഫെയിസ് ബുക്കുമൊക്കെ പ്രചാരത്തിലായ ഇക്കാലത്തു ഞാന്‍ ചെന്നില്ലെങ്കില്‍ വേറെ ആരെയെങ്കിലും കൂട്ടിക്കൊണ്ടുപോയാല്‍ അതുമായി. പിന്നെ ഒരു സമാധാനമുള്ളത് ആരുമായി പോയാലും അവളുടെ സ്വഭാവമനുസരിച്ച് അധികം താമസിയാതെ തന്നെ തിരികെ കൊണ്ടാക്കുമെന്നതാണ്.
ഓരോന്നു കണ്ടു നടക്കുന്നതിനിടയില്‍ പ്രിയതമയെ കാണുന്നില്ല. ഇത്ര നേരം ഇവിടെയുണ്ടായിരുന്നതാണല്ലോ. പിന്നെവിടെപ്പോയി. തിരക്കി നടക്കുന്നതിനിടയില്‍ അതാ നില്‍ക്കുന്നു ഒരു കടയില്‍ ഭാര്യ.
റോബോട്ടുകള്‍ വില്‍ക്കുന്ന കടയാണ്.
”അതു ശരി, ഒന്നും പോരാഞ്ഞ് ഇനി റോബോട്ട് വാങ്ങാനുള്ള പ്ലാനാണോ.”
”ഓ, ഞാനുദ്ദേശിച്ച റോബോട്ട് ഇവിടെങ്ങുമില്ല..” നിരാശയോടെ അവള്‍ പറഞ്ഞു.
”അല്ല, എന്തു റോബോട്ടാ നീ ഉദ്ദേശിച്ചത്..”
”റോബോട്ട് ഹസ്ബന്റ് ഉണ്ടോന്നു നോക്കാനാ കേറിയത്. ഇനി അതില്ലാതെ പറ്റില്ല. എന്തു പാടാ ഈ ഭര്‍ത്താക്കന്മാരുടെ പുറകെ നടന്ന് ഓരോ കാര്യം പറഞ്ഞു ചെയ്യിക്കാന്‍. ഇതാകുമ്പോള്‍ ആ പാടൊന്നുമില്ല. കാശെത്രയായാലും വിരോധമില്ല, മനുഷ്യനു സമാധാനം കിട്ടുമല്ലോ.”
അവള്‍ പറയുന്നത് എന്നെപ്പറ്റിയല്ലെന്നു വിശ്വസിക്കാന്‍ ഞാന്‍ ശ്രമിച്ചു.
”നീ പറഞ്ഞതിലും കാര്യമുണ്ട്, പക്ഷേ ആദ്യം ഇറക്കേണ്ടതു റോബോട്ട് വൈഫിനെയാ. ഒരു സ്വിച്ചിട്ടാല്‍ എല്ലാം ചെയ്‌തോളും. എല്ലാറ്റിനും ഭാര്യമാരുടെ കാലു പിടിച്ചു മടുത്തു..” ഞാനും വിട്ടുകൊടുത്തില്ല.
പ്രദര്‍ശന നഗരിയില്‍ നിന്നു തിരികെ പോരുമ്പോള്‍ റോബോട്ട് കടക്കാരന്‍ നോക്കി ചിരിച്ചു.
”മാഡം അടുത്തവര്‍ഷം തന്നെ നമ്മള്‍ പറഞ്ഞ റോബോട്ടെത്തും..”
ഹസ്ബന്റ് റോബോട്ടാണോ വൈഫ് റോബോട്ടാണോ ആദ്യമെത്തുകയെന്ന സംശയത്തില്‍ ഞാന്‍ അയാളെ നോക്കി.
അതു മനസിലാക്കിയിട്ടാകാം അയാള്‍ പറഞ്ഞു, ”രണ്ടും ഒരുമിച്ചെത്താനാ സാധ്യതയെന്നു തോന്നുന്നു. അല്ലെങ്കില്‍ പിന്നെ അതിന്റെ പേരിലാവും വഴക്ക്.”
ഏതായാലും റോബോട്ട് എങ്ങനെയെങ്കിലും എത്തിയാല്‍ മതിയായിരുന്നു എന്ന പ്രാര്‍ഥനയോടെ ഞങ്ങള്‍ പ്രദര്‍ശന നഗരിക്കു പുറത്തുകടന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.