2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രക്ഷകരുടെ വേഷത്തിലെത്തിയ കൊള്ളക്കാർ

അഴിമതിയും കമ്മിഷന്‍ പദ്ധതികളും സ്വജനപക്ഷപാതവും ഗുണ്ട- ലഹരി മാഫിയകളുമായുള്ള സി.പി.എം ബന്ധവും പൊലിസിനെയും ഗുണ്ടകളെയും തിരിച്ചറിയാനാകാത്ത തരത്തിലുള്ള ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വ്യാപകമാകുന്ന അക്രമങ്ങള്‍, സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതിക്കൊള്ള, രൂക്ഷമായ വിലക്കയറ്റം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച… അങ്ങനെ ഭരണകൂടഭീകരതയും അതിന്റെ പ്രത്യാഘാതങ്ങളും ചേര്‍ന്ന് ഭീതിദ ദിനങ്ങളിലൂടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലെത്തി നില്‍ക്കുന്നത്. രക്ഷകരുടെ വേഷത്തില്‍ നിന്നവര്‍ മഹാമാരിക്കാലത്ത് ഖജനാവ് കൊള്ളയടിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ഭരണത്തുടര്‍ച്ചയുടെ ദുരന്ത ഫലങ്ങളാണ് കേരളം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍; ഇതൊരു സര്‍ക്കാരല്ല, കൊള്ളസംഘമാണ്.


ബന്ധുക്കള്‍ക്കുവേണ്ടി
അഴിമതി കാമറ


റോഡ് സുരക്ഷയുടെ പേരില്‍ എ.ഐ സാങ്കേതിക വിദ്യയുണ്ടെന്ന വ്യാജേന നിരത്തുകളില്‍ കാമറകള്‍ സ്ഥാപിച്ചതിന് പിന്നില്‍ നടന്നത് സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് വ്യക്തമായി. അഴിമതി കാമറ ഇടപാടിലെ പകല്‍ക്കൊള്ള തെളിവ് സഹിതമാണ് പ്രതിപക്ഷം തുറന്നുകാട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫിസും കടന്ന് പിണറായി വിജയന്റെ വീട്ടിനുള്ളില്‍ വരെ ആരോപണങ്ങളെത്തി നില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള കമ്പനിയുടെ ദുരൂഹമായ ഇടപെടലുകള്‍ സംബന്ധിച്ച തെളിവും പുറത്തുവിട്ടു. എന്നിട്ടും ഭീരുവിനെ പോലെ മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. എസ്.ആര്‍.ഐ.ടിക്ക് കരാര്‍ നല്‍കിയതിലൂടെ സി.പി.എം ബന്ധുക്കളും വേണ്ടപ്പെട്ടവരും ഉള്‍പ്പെടുന്ന കറക്ക് കമ്പനികള്‍ക്ക് അഴിമതി നടത്താന്‍ സര്‍ക്കാരും കെല്‍ട്രോണും അവസരമൊരുക്കിക്കൊടുക്കുകയായിരുന്നു. സംസ്ഥാനത്ത് ഏത് പദ്ധതി നടപ്പാക്കിയാലും അതിന്റെ കമ്മിഷനും അഴിമതിപ്പണവും ഒരു പെട്ടിയിലേക്ക് എത്തിച്ചേരുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയതും രണ്ടാം സര്‍ക്കാര്‍ തുടരുന്നതും. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി ബന്ധപ്പെട്ട പ്രസാഡിയോ എന്ന സ്ഥാപനമാണ് അഴിമതി കാമറ പദ്ധതിയില്‍ ഉപകരാര്‍ നേടിയത്. ഒരു രൂപപോലും മുടക്കില്ലാതെ വരുമാനത്തിന്റെ 60 ശതമാനമാണ് ഈ കറക്ക് കമ്പനിയിലേക്കെത്തുന്നത്.


ധൂര്‍ത്തിന് നികുതിക്കൊള്ള


ഭരണപരാജയവും ധൂര്‍ത്തും ഉണ്ടാക്കിയ കടക്കെണിയില്‍നിന്ന് കരകയറുന്നതിനും സര്‍ക്കാര്‍ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്. ബജറ്റിലൂടെ മാത്രം ഇന്ധന സെസും മദ്യത്തിന്റെ വില വര്‍ധനവും ഉള്‍പ്പെടെ 4500 കോടിയുടെ അധിക നികുതിയാണ് അടിച്ചേല്‍പ്പിച്ചത്. ഇതിന് പുറമെ വെള്ളം, വൈദ്യുതി നിരക്കുകളും കുത്തനെ വര്‍ധിപ്പിച്ചു. പ്രളയവും കൊവിഡ് മഹാമാരിയും ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് ജനം കരകയറുന്നതിനിടയിലാണ് നികുതിക്കൊള്ളയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റത്തിന് പുറമെ കെട്ടിട നിര്‍മാണ പെര്‍മ്മിറ്റ് ഫീസും വര്‍ധിപ്പിച്ചത് സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നത്തിലാണ് കരിനിഴല്‍ വീഴ്ത്തിയത്. പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്ന് 1000 മുതല്‍ 5000 രൂപ വരെയും പെര്‍മിറ്റ് ഫീസ് പത്തിരട്ടിയുമായാണ് വര്‍ധിപ്പിച്ചത്.


വാചക കസര്‍ത്തിലൊതുങ്ങി സ്ത്രീസുരക്ഷ


സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പൊലിസിന്റെ തന്നെ കണക്കുകള്‍. 2020 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നത് 2021ല്‍ 16,199 ലേക്ക് ഉയരുകയും 2022ല്‍ 18,943 ആകുകയും ചെയ്തു. കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ 2020 ല്‍ 3941 ആയിരുന്നത് 2022ല്‍ 5315 ലേക്ക് ഉയര്‍ന്നു. ഒരു ദിവസം 47 സ്ത്രീകള്‍ വിവിധ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തു സ്ത്രീകള്‍ അക്രമിക്കപ്പെടുമ്പോള്‍ സര്‍ക്കാരിന് ഓശാന പാടാനുള്ള ഭക്തജനസംഘമായി നില്‍ക്കുകയാണ് പൊലിസ്.


ലൈഫ് മിഷന്‍ തട്ടിപ്പ്


ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോഴും ജയിലിലാണ്. 20 കോടിയുടെ പദ്ധതിയില്‍ 9 കോടിയും കമ്മിഷന്‍ ഇനത്തില്‍ തട്ടിയെടുക്കുകയായിരുന്നു. കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാര്‍ 40% കമ്മിഷന്‍ സര്‍ക്കാരാണെങ്കില്‍ കേരളത്തിലെ സി.പി.എം ഭരണത്തില്‍ കമ്മിഷന്‍ അതിനേക്കാള്‍ ഉയര്‍ന്നതാണ്. കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയില്ലായിരുന്നുവെങ്കില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ ആയ മുഖ്യമന്ത്രി എന്നേ ആ കേസില്‍ പ്രതിയാകുമായിരുന്നു.


തകര്‍ന്നടിഞ്ഞ് കാര്‍ഷിക മേഖല


നെല്ല് സംഭരണത്തില്‍ മാത്രം 1000 കോടി കുടിശികയുണ്ട്. കഴിഞ്ഞ ബജറ്റില്‍ 500 കോടി വകയിരുത്തിയ റബര്‍ വിലസ്ഥിരതാ ഫണ്ടില്‍ ചെലവഴിച്ചത് വെറും 32 കോടി രൂപ. കര്‍ഷകരെ സഹായിക്കേണ്ട റബര്‍ ബോര്‍ഡിനെ കേന്ദ്രസര്‍ക്കാര്‍ തന്നെ ഇല്ലാതാക്കുന്നു. അടയ്ക്ക കര്‍ഷകരെ സംബന്ധിച്ച് ഉല്‍പാദനക്കുറവാണ് പ്രശ്‌നമെങ്കില്‍ നാളികേര കര്‍ഷകര്‍ക്ക് വിലയിടിവാണ് പ്രതിസന്ധി. സര്‍ക്കാരിന്റെ പച്ചത്തേങ്ങ സംഭരണം പ്രഖ്യാപനത്തില്‍ ഒതുങ്ങിയതോടെ പൊതുവിപണിയില്‍ തേങ്ങയുടെ വിലയും കൂപ്പുകുത്തി. ഏലം, തേയില, കുരുമുളക് തുടങ്ങി എല്ലാ മേഖലയിലെ കര്‍ഷകരും പ്രതിസന്ധിയില്‍.


പെന്‍ഷനില്ല,
മേനിപറച്ചില്‍ മാത്രം


മത്സ്യത്തൊഴിലാളികള്‍ക്കും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാതെ സര്‍ക്കാര്‍ കബളിപ്പിക്കുന്നു. കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തു. യു.ഡി.എഫിന്റെ അഭിമാന പദ്ധതിയായ ‘കാരുണ്യ’ ഇല്ലാതാക്കി. ആശ്വാസകിരണം ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ മാസങ്ങളായി മുടങ്ങി. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. പാചകത്തൊഴിലാളികള്‍ക്ക് മാസങ്ങളായി വേതനമില്ല. എയ്ഡ്‌സ് രോഗികളുടെ പെന്‍ഷനടക്കം മുടങ്ങിയിരിക്കുന്നു. എന്നിട്ടും സമൂഹിക സുരക്ഷാപെന്‍ഷന്റെ പേരില്‍ ഊറ്റം കൊള്ളുന്ന പിണറായി സര്‍ക്കാര്‍ ഒരു ദുരന്തമാണ്.

അനധികൃതമായി ലൈസന്‍സ് നല്‍കിയ ബോട്ട് മറിഞ്ഞ് താനൂരില്‍ 22 പേര്‍ മരിച്ച അതിദാരുണ സംഭവം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമാണ്. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പൊലിസിന്റെ കണ്‍മുന്നില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത് കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷം നമുക്ക് അഭിമാനിക്കാന്‍ എന്തുണ്ട്? അഴിമതിരാജായി മാറിയ ഒരു കമ്യൂണിസ്റ്റ് ഭരണകൂടം. അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞ സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതി കൂടി പുറത്ത് വരുമ്പോള്‍ പിണറായി വിജയന് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. ജനദ്രോഹ ഭരണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ പിണറായി സര്‍ക്കാരിന് അര്‍ഹതയും അവകാശവുമില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.