2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഷഹീന്‍ബാഗ് സമരത്തെ തുടര്‍ന്ന് അടച്ചിട്ട ജാമിഅ- നോയിഡ റോഡ് വീണ്ടും തുറന്നു

 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ 70 ദിവസങ്ങളായി ഷഹീന്‍ബാഗില്‍ സമരം ചെയ്തുവരുന്നതിനെ തുടര്‍ന്ന് അടച്ച ജാമിഅ- നോയിഡ നോഡ് വീണ്ടും തുറന്നു. റോഡിന്റെ ഒരു വശത്ത് സമരം ചെയ്തുവന്നതിനാല്‍ റോഡ് മുഴുവന്‍ പൊലിസ് അടക്കുകയായിരുന്നു. ഡല്‍ഹിയിലും നോയിഡയിലുമാണ് റോഡ് അടച്ചിരുന്നത്.

റോഡ് തടസ്സപ്പെടുത്തിയുള്ള സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്നംഗ മധ്യസ്ഥ സമിതിയെ സുപ്രിംകോടതി നിയോഗിച്ചിരുന്നു. ഇതടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയുടെ ഫലമായാണ് റോഡ് തുറന്നത്. റോഡിന്റെ ഒരു വശം മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും മറുവശം പൊലിസ് അടച്ചതാണെന്നും ഇന്നലെ സമരക്കാര്‍ മധ്യസ്ഥരെ ബോധിപ്പിച്ചിരുന്നു.

ചര്‍ച്ചയുടെ മൂന്നാം ദിവസമായ ഇന്നലെ നോയിഡയിലേക്കുള്ള സമാന്തര റോഡുകള്‍ ഡല്‍ഹി പൊലിസും ഉത്തര്‍പ്രദേശ് പൊലിസും ചേര്‍ന്ന് അടച്ചിട്ടതാണ് ഗതാഗതക്കുരുക്കുണ്ടാക്കാന്‍ കാരണമെന്ന് സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയംഗങ്ങളായ അഭിഭാഷകര്‍ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രന്‍ എന്നിവരെ ബോധ്യപ്പെടുത്തുന്നതില്‍ സമരക്കാര്‍ വിജയം നേടിയിരുന്നു. ഇന്നലെ നോയിഡ ഫരീദാബാദ് മഹാമയ ഫ്‌ളൈഓവര്‍ അല്‍പ സമയത്തേക്ക് തുറക്കുകയും വീണ്ടും അടച്ചിടുകയും ചെയ്തതും സമരക്കാര്‍ ചൂണ്ടിക്കാട്ടി.

സമരമൊന്നും നടക്കാഞ്ഞിട്ടും ഈ റോഡുകള്‍ അടച്ചിട്ടത് മനപ്പൂര്‍വം ഗതാഗതക്കുരുക്ക് സൃഷ്ടിക്കാനുള്ള പൊലിസ് ശ്രമമാണെന്നും സമരക്കാര്‍ പറഞ്ഞു. ഇക്കാര്യം സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും റോഡുകള്‍ എന്തിന് അടച്ചുവെന്ന് പൊലിസിനോട് ചോദിക്കുമെന്നും മധ്യസ്ഥര്‍ സമരക്കാരെ അറിയിച്ചു. ഇന്നലെ ഡല്‍ഹി പൊലിസിലെ ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും കൂട്ടിയാണ് മധ്യസ്ഥര്‍ ചര്‍ച്ചയ്‌ക്കെത്തിയത്. അടച്ചിട്ട റോഡിന്റെ ഒരു വശം തുറന്നു കൊടുക്കണമെന്നും മറുവശത്ത് സമരം തുടരാമെന്നുമുള്ള നിര്‍ദ്ദേശം സമിതി മുന്നോട്ടുവച്ചു.

എന്നാല്‍ ഒരു വശം തുറക്കുന്നത് സമരക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന കഴിഞ്ഞ ദിവസത്തെ വാദം സമരക്കാര്‍ ഇന്നലെയും ആവര്‍ത്തിച്ചു. വെടിവയ്പ്പുണ്ടായതും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. സമരക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ തയാറാണോയെന്ന് ഡല്‍ഹി പൊലിസ് ഡി.സി.പിയോട് മധ്യസ്ഥര്‍ ആരാഞ്ഞു. ശ്രമിക്കാമെന്നായിരുന്നു ഡി.സി.പിയുടെ മറുപടി. എന്നാല്‍ ഇത്തരത്തിലുള്ള ഉറപ്പൊന്നും പോരെന്നും ആഭ്യന്തര മന്ത്രി അമിത്ഷായും ഡല്‍ഹി പൊലിസ് മേധാവിയും ബന്ധപ്പെട്ട സ്റ്റേഷനിലെ എസ്.എച്ച്.ഒയും സുരക്ഷ ഉറപ്പാക്കുമെന്ന് എഴുതി നല്‍കിയാല്‍ ഒരു വശം തുറക്കാമെന്നും സമരക്കാര്‍ പറഞ്ഞു.

ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത ശേഷം അറിയിക്കാമെന്ന് മധ്യസ്ഥര്‍ പറഞ്ഞു. ഇന്നലെ സമരവേദിയില്‍ ചര്‍ച്ച തുടരുന്നതില്‍ മധ്യസ്ഥര്‍ താല്‍പ്പര്യക്കുറവ് അറിയിച്ചിരുന്നെങ്കിലും വൈകുന്നേരത്തോടെ സമരവേദിയില്‍ തന്നെയാണ് ചര്‍ച്ച നടന്നത്.

നോയിഡ ഫരീദാബാദ് റോഡ് അടച്ചതിനെ വ്യാഴാഴ്ച നടന്ന ചര്‍ച്ചയിലും സമരക്കാര്‍ ചൂണ്ടിക്കാട്ടുകയും മധ്യസ്ഥ സമിതി റോഡ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് ഇന്നലെ 40 മിനിറ്റ് നേരത്തേക്ക് റോഡ് പൊലിസ് തുറന്നു കൊടുക്കുകയും പിന്നാലെ അടയ്ക്കുകയും ചെയ്തു. ഡല്‍ഹിയില്‍നിന്ന് നോയിഡയിലേക്കെത്തുന്ന മഹാമയ ഫ്‌ളൈ ഓവര്‍ റോഡ് ഡല്‍ഹി ഭാഗം ഡല്‍ഹി പൊലിസും നോയിഡ ഭാഗം ഉത്തര്‍പ്രദേശ് പൊലിസുമാണ് അടച്ചിരുന്നത്.

ഇതു തുറന്നതോടെ ഗതാഗതം സുഗമമായിരുന്നു. ഇതു കൂടാതെ ജി.ഡി ബിര്‍ല റോഡ്, കാളിന്ദി കുഞ്ച് ബ്രിഡ്ജ്, അംറപാലി റോഡ്, ഒക്‌ല ബ്രിഡ്ജ് റോഡ്, ഒക്‌ല ബേഡ് സാങ്ചുറി റോഡ്, ദാദ്‌റി റോഡ് തുടങ്ങിയവയും പൊലിസ് മനപ്പൂര്‍വം അടച്ചിട്ടതാണെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.