
ഒളിമ്പിക്സിന് 50 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നടപടി
റിയോ: ഒളിമ്പിക്സ് ഗെയിംസിന് 50 ല്‍ താഴെ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഡി ജെനീറോയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഇടക്കാല ഗവര്‍ണര്‍ ഫ്രാന്‍സിസ്കോ ഡോര്‍നെല്ലസ് പറഞ്ഞു.
നികുതി കമ്മിയാണ് റിയോ ഡി ജനീറോയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രത്യേകിച്ചും എണ്ണ മേഖലയില്‍ നിന്നുള്ള നികുതിയിനത്തില്‍ കുറവുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗെയിംസ് അടുത്തിരിക്കേ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ബ്രസീലിനകത്തും പുറത്തും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്ഷന് പറ്റുന്നവരും കുടിശ്ശിക ആവശ്യപ്പെട്ട് സമരത്തിലാണ്. ഇതോടെ ആശുപത്രികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. റിയോയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാമെന്ന് ബ്രസീല്‍ ഇടക്കാല പ്രസിഡന്റ് മൈക്കള്‍ ടെമര്‍ അറിയിച്ചിട്ടുണ്ട്.