വിവരാവകാശ നിയമത്തിന് വേണ്ടി വീറോടെ പൊരുതിയ പ്രസ്ഥാനമാണ് മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ നേരത്തെ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിന് ഘടകവിരുദ്ധമായ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന് എടുത്തത് പൊതുസമൂഹം അമ്പരപ്പോടെയാണ് കണ്ടത്. മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ പ്രതിപക്ഷത്തിന് പകരം ഘടകകക്ഷിയായ സി.പി.ഐ തന്നെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ്. ലോ അക്കാദമി സമരവിജയത്തിന് ശേഷം സി.പി.ഐ വിവരാവകാശ നിയമം സ്വന്തം സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനെതിരേ വീറോടെ പൊരുതുമ്പോള്‍ കാലക്രമേണ പണ്ടത്തെ സി.പി.എമ്മിന്റെ സ്ഥാനം സി.പി.ഐ കരഗതമാക്കുമോ എന്നാണ് ഇനി അറിയേണ്ടത്. കണ്ടാലറിയാത്തവന് കൊണ്ടാലറിയണമെന്നും നന്ദിഗ്രാം സമരത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളാത്തവര്‍ അപ്രസക്തരായിത്തീരുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറയുമ്പോള്‍ അതില്‍ വാസ്തവമുണ്ട്.
മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടാനാവുകയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ കഴിഞ്ഞദിവസം അതിരൂക്ഷമായാണ് കാനം പ്രതികരിച്ചത്. ഇതിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞതൊന്നും പൊതുസമൂഹം വിശ്വസിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മറച്ചുവയ്ക്കാനൊന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും പറയുന്ന മുഖ്യമന്ത്രി പിന്നെ എന്തിനാണ് വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ ചോദിച്ചതിനെതിരേ കോടതിയില്‍ പോയതെന്ന് വ്യക്തമാക്കണം. വിവരാവകാശ നിയമത്തിനു വേണ്ടി പോരാടിയ പാര്‍ട്ടിയുടെ സമുന്നതനായ നേതാവില്‍നിന്നു കേരളം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു ഈ കോടതികയറ്റം. വിവരാവകാശ നിയമം നടപ്പില്‍ വന്നതിലൂടെ ജനാധിപത്യത്തെയാണ് ശക്തിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ നടപടികള്‍ ജനാധിപത്യ വിരുദ്ധവുമാണ്. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അതേപടി വെബ്സൈറ്റില്‍ നല്‍കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അതിന്റെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ഒരു പൗരന് ചോദിച്ചാല്‍ അത് നല്‍കുന്നതിലെന്ത് അപാകതയാണുള്ളത്. അതിര്‍ത്തിയിലെ സൈനിക കാര്യങ്ങള്‍ വിവരാവകാശ നിയമം വഴി ചോദിച്ചാല്‍ ലഭ്യമാവില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പുതിയ കാര്യമല്ല. 12 വര്‍ഷം മുമ്പ് വിവരാവകാശ നിയമം പാസായപ്പോള്‍ തന്നെ ഈ വകുപ്പ് നിയമത്തില്‍ ചേര്‍ത്തിട്ടുണ്ട്. വിവരാവകാശ നിയമത്തിന്റെ എട്ടാം വകുപ്പില്‍ രാജ്യസുരക്ഷയുള്‍പ്പെടെ എട്ട് അവകാശങ്ങളാണ് വിവരാവകാശ പരിധിയില്‍നിന്നു ഒഴിവാക്കിയിരിക്കുന്നത്. അതില്‍ മന്ത്രിസഭാ രേഖകള്‍ ഉള്‍പ്പെടുകയില്ലെന്ന കാര്യം മുഖ്യമന്ത്രിക്ക് അറിയില്ലെന്നുണ്ടോ?
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് എടുത്ത വിവാദപരമായ തീരുമാനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നല്കാന് മടിക്കുന്നതെന്ന കാര്യം ഏറെ വിചിത്രമായിരിക്കുന്നു. ഈ തീരുമാനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ പ്രവര്‍ത്തകനായ ഡി.ബി ബിനു അപേക്ഷ നല്‍കിയത് ഇടതുപക്ഷ സര്‍ക്കാര്‍ തള്ളിക്കളഞ്ഞത് അതിലേറെ വിചിത്രമായി. തുടര്‍ന്ന് ബിനു വിവരാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍ എല്ലാ വിവരങ്ങളും നല്കാന് ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല. മാത്രമല്ല, വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് പറഞ്ഞു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു.
യു.ഡി.എഫ് സര്‍ക്കാരിന്റെ പുത്തന്‍വേലിക്കര, മെത്രാന് കായല്‍, കടമക്കുടി എന്നീ വിവാദ ഉത്തരവുകളെ സംബന്ധിച്ച വിവരം ചോദിച്ചതിനാണ് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍നിന്ന് പൊതുസമൂഹം എന്താണ് മനസ്സിലാക്കേണ്ടത്. എല്ലാം സുതാര്യമല്ല, എന്തൊക്കെയോ മറച്ചുവയ്ക്കുന്നുണ്ട് എന്നല്ലേ. ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നടപടിയായിരുന്നില്ല ഇടത് സര്‍ക്കാരില്‍ നിന്നു ജനം പ്രതീക്ഷിച്ചത്. പറഞ്ഞു വിശ്വസിപ്പിച്ചതു പോലെ എല്ലാം ശരിയാകുമെന്നായിരുന്നു ജനം കരുതിയിരുന്നത്. നിയമനിര്‍മാണ സഭ അംഗീകരിച്ച വിവരാവകാശ നിയമം തടഞ്ഞുവയ്ക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി കോടതിയെ സമീപിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മന്ത്രിസഭാ യോഗവും അറിയാതെയാണെങ്കില്‍ ആരുടെ താല്പര്യ സംരക്ഷണമാണ് ഇതിനു പിന്നില്‍?
യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത ജനവിരുദ്ധ തീരുമാനങ്ങള്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പുറത്തുവിടുമെന്ന് പറഞ്ഞ സി.പി.എം ആണ് ഇപ്പോള്‍ ഇതു മൂടിവയ്ക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണം ഉയരുമ്പോള്‍ പ്രതിരോധിക്കുവാന്‍ വസ്തുതകളാണ് നിരത്തേണ്ടത്.
ഹൈക്കോടതിയില്‍ കേസ് തള്ളിയാല്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ പോകാമെന്നും സുപ്രിംകോടതി തീരുമാനം വരുമ്പോഴേക്കും സര്‍ക്കാരിന്റെ കാലാവധി കഴിയുമെന്നായിരിക്കും കണക്കുകൂട്ടുന്നത്. വിവരാവകാശ നിയമത്തിന് വേണ്ടി തീവ്രസമരം നടത്തിയ ഒരു പാര്‍ട്ടിയില്‍ നിന്ന് തന്നെ അതിനെ കുഴിച്ചുമൂടാനുള്ള നടപടികളും വരുന്നത് പാര്‍ട്ടിയുടെ അപചയമാണ് കാണിക്കുന്നത്.