തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണന ഇതര വിഭാഗത്തിലെ നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് ഉള്ള വിതരണം ആശങ്കയിലേക്ക്. കേരളത്തിനുള്ള ടൈഡ് ഓവര്‍ റേഷന്‍ വിഹിതം കൂട്ടാനാവില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതോടെയും വിഹിതം കുറയ്ക്കുമെന്ന സൂചന ലഭിച്ചതോടെയുമാണിത്. മുന്‍ഗണന കാര്‍ഡുകള്‍ക്കു വിതരണം ചെയ്തു ബാക്കി വരുന്നതും ടൈഡ് ഓവര്‍ വിഹിതവും ചേര്‍ത്താണ് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ നല്‍കുന്നത്.
നീല, വെള്ള കാര്‍ഡ് ഉടമകളുടെ എണ്ണം ഈ സര്‍ക്കാരിന്റെ കാലത്ത് 3 ലക്ഷത്തിലേറെ വര്‍ധിച്ചതോടെയാണ് ടൈഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കേരളം കേന്ദ്രത്തെ സമീപിച്ചിരുന്നു. കേരളത്തിലെ ബിപിഎല്‍ വിഭാഗമായ നീല കാര്‍ഡ് അംഗങ്ങള്‍ക്ക് 2 കിലോയാണു നല്‍കുന്നത്. ഇതു വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ടൈഡ് ഓവര്‍ വിഹിതം കൂടുതല്‍ ചോദിച്ചത്. എന്നാല്‍ നിരാശയായിരുന്നു ഫലം.
സംസ്ഥാനത്തെ 93 ലക്ഷം കാര്‍ഡ് ഉടമകളില്‍ 41 ലക്ഷം വരുന്ന മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കാണ് കേന്ദ്രം സബ്‌സിഡിയോടെ അരി നല്‍കുന്നത്. ഇതു കൂടാതെ ഭക്ഷ്യ സ്വയംപര്യാപ്ത ഇല്ലാത്തതിനാലും നാണ്യവിളകളുടെ കയറ്റുമതി വഴി വരുമാനം നേടിത്തരുന്നതും കണക്കിലെടുത്തുമാണ് കേരളത്തിന് സബ്‌സിഡി രഹിത ടൈഡ് ഓവര്‍ വിഹിതം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിശ്ചയിച്ചത്. കൂടാതെ ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ ലഭ്യമാക്കുന്നതിനു പുറമേ സുഭിക്ഷ, ജനകീയ ഹോട്ടലുകള്‍ക്ക് പ്രതിമാസം 600 കിലോ അരിയും സൗജന്യനിരക്കില്‍ നല്‍കുന്നു.
നിലവില്‍ മുന്‍ഗണനാ വിഭാഗത്തിലെ 96 ശതമാനത്തിലേറെ പേര്‍ റേഷന്‍ വാങ്ങുന്നതിനാല്‍ കാര്യമായ നീക്കിയിരുപ്പില്ല. സംസ്ഥാനത്തിന് പ്രതിവര്‍ഷം 14.25 ലക്ഷം ടണ്‍ അരിയാണ് കേന്ദ്രം ആകെ അനുവദിക്കുന്നത്. ഇതില്‍ 4.8 ലക്ഷം ടണ്‍ കേരളത്തിലെ നെല്ലു സംഭരിച്ച് അരിയാക്കി മാറ്റി കേന്ദ്ര പൂളിലേക്ക് നല്‍കുന്നതാണ്.
റേഷന്‍ വ്യാപാരികളുടെ സമരം ഇന്ന്
തിരുവനന്തപുരം: റേഷന്‍ വ്യാപാരി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തും. കേന്ദ്ര സര്‍ക്കാര്‍ ടൈഡ് ഓവര്‍ റേഷന്‍ വെട്ടിക്കുറയ്ക്കുന്നത് പുനഃപരിശോധിക്കുക, വേതന പാക്കേജ് പരിഷ്‌കരിക്കുക, എല്ലാവര്‍ക്കും റേഷന്‍ പൗരാവകാശമായി മാറ്റുക, വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കടകള്‍ ഇന്നു സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സമരസമിതി നേതാക്കളായ ജോണി നെല്ലൂര്‍, ജി.കൃഷ്ണപ്രസാദ്, ടി.മുഹമ്മദലി, സുരേഷ് കാരേറ്റ് എന്നിവര്‍ അറിയിച്ചു. സമരത്തില്‍ പങ്കെടുക്കില്ലെന്ന് കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ (എഐടിയുസി) വ്യക്തമാക്കി.
Comments are closed for this post.