2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി റവന്യു വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: ഏറെ വിവാദമായ ഇടുക്കിയിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ തീരുമാനം. റവന്യുവകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ചട്ടം ലംഘിച്ച് ആവശ്യക്കാര്‍ക്ക് ഇഷ്ടംപോലെ പട്ടയം നല്‍കിയെന്നായിരുന്നു പരാതി.1999ല്‍ ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന പി.ഐ രവീന്ദ്രന്‍ നല്‍കിയ 530 പട്ടയങ്ങളാണ് റദ്ദാക്കാന്‍ തീരുമാനിച്ചത്.
നീണ്ട നാലുവര്‍ഷത്തെ പരിശോധനക്കൊടുവിലാണ് രവന്യൂ വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന എം.ഐ. രവീന്ദ്രന്‍ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1999 ല്‍ മൂന്നാറില്‍ അനുവദിച്ച 530 പട്ടയങ്ങളെയാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്ന് വിളിക്കുന്നത്.
പട്ടയമനുവദിക്കാനും പട്ടയ രേഖയില്‍ ഒപ്പുവെക്കാനുമുള്ള അധികാരം ഭൂപതിവ് നിയമം അനുസരിച്ച് തഹസില്‍ദാര്‍മാര്‍ക്കാണ്. എന്നാല്‍ അഡീഷണല്‍ തഹസില്‍ദാറായിരുന്ന എം.ഐ രവീന്ദ്രന്‍ 4251 ഹെക്ടര്‍ ഭൂമി പതിച്ചുനല്‍കി. മൂന്നാറിലെ സി.പി.ഐ, സിപിഎം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഇത്തരത്തില്‍ രവീന്ദ്രന്‍ നല്‍കിയ പട്ടയഭൂമിയിലായിരുന്നു.

വി.എസ്. അച്യുതാനന്ദന്റെ കാലത്ത് മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനായി നിയോഗിച്ച ദൗത്യ സംഘം രവീന്ദ്രന്‍ പട്ടയം വ്യാജമെന്നു കണ്ടെത്തി നടപടികള്‍ തുടങ്ങിയിരുന്നു. ദൗത്യസംഘത്തിന്റെ നടപടികള്‍ ഒടുക്കം പാര്‍ട്ടി ഓഫീസുകളുടെ നേര്‍ക്കും എത്തിയതോടെ സംഘത്തിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ മരവിപ്പിപ്പിച്ചു. തുടര്‍ന്ന് 2013ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ രവീന്ദ്രന്‍ പട്ടയങ്ങളേപ്പറ്റി അന്വേഷിച്ചെങ്കിലും പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിച്ചിരുന്നില്ല.

1999ല്‍ മന്ത്രിയായിരുന്ന കെ.ഇ. ഇസ്മായില്‍ രവീന്ദ്രന്‍ പട്ടയങ്ങള്‍ വ്യാജമല്ലെന്ന നിലപാടുകാരനായിരുന്നു. എന്നാല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് റവന്യുവകുപ്പ് രവീന്ദ്രന്‍ പട്ടയങ്ങള്‍ വ്യാജമാണെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്നാല്‍ പിന്നീട് കോടതികളില്‍ പട്ടയത്തെ അനുകൂലിച്ച് സര്‍ക്കാര്‍ നിലപാടെടുത്തു. വിഷയത്തില്‍ പ്രശ്ന പരിഹാരം സര്‍ക്കാര്‍ തന്നെ കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ മറപിടിച്ച് രവീന്ദ്രന്‍ പട്ടയങ്ങള്‍ സാധൂകരിക്കാനുള്ള നീക്കവും നടക്കുന്നിരുന്നതായും ആരോപണമുണ്ടായിരുന്നു,


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.