2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

പ്രതികാര നടപടിയോ വിമർശനങ്ങൾക്കുള്ള മറുപടി?


അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് നല്ലതു പറഞ്ഞതിന് ജോലി നഷ്ടമായ കോട്ടയം കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരി പി.ഒ സതിയമ്മയുടെ നിറഞ്ഞ കണ്ണുകളും കൂപ്പിയ കൈകളും ജീർണിച്ച നമ്മുടെ രാഷ്ട്രീയ മനഃസാക്ഷിയെ പൊള്ളിക്കാനിടയില്ല. ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയതിനല്ല സതിയമ്മയെ പിരിച്ചുവിട്ടതെന്നും അവർ താൽക്കാലിക ജീവനക്കാരിപോലും അല്ലായിരുന്നു, പിന്നെങ്ങനെ പിരിച്ചുവിടുമെന്നും നമ്മുടെ മന്ത്രിമാർതന്നെ ചോദിക്കുന്നതും മലയാളികൾ കേട്ടു.

പരീക്ഷ എഴുതിയോ അഭിമുഖപരീക്ഷ പാസായോ നേടിയെടുത്തതല്ല സതിയമ്മ ഈ ജോലി. സർക്കാർ സർവിസ് ബുക്കിൽ ഇവരുടെ പേരുകൾ കാണില്ലായിരിക്കും. എന്നിട്ടും എല്ലാ ദിവസവും അവർ തങ്ങളുടെ തൊഴിലിടങ്ങളിൽ എത്തുന്നു. കഴിയാവുന്നതൊക്കെ കണക്കുപറയാതെ, കൊടി പിടിക്കാതെ ചെയ്യുന്നു. മാസം കിട്ടുന്ന തുക മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനമെന്ന ബോധത്തിൽ നിന്നുയർന്നതായിരുന്നു ഇൗ ആത്മാർഥത. ഒരു ഉപതെരഞ്ഞെടുപ്പിലെ നേട്ടത്തിന് സി.പി.എം നേതൃത്വം കൊടുക്കുന്ന കേരള സർക്കാർ തല്ലിക്കെടുത്തിയത് ഈ ജീവിത പ്രതീക്ഷയെയാണ്.


ഉമ്മൻ ചാണ്ടി തൻ്റെ കുടുംബത്തിനുവേണ്ടി ചെയ്ത സേവനം ചാനൽ കാമറയ്ക്ക് മുമ്പിൽ പറഞ്ഞതിനാണ് കോട്ടയം പുതുപ്പള്ളിയിലെ വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ പെട്ടെന്നൊരു ദിനത്തിൽ പിരിച്ചുവിട്ടത്. കുടുംബശ്രീയിൽ നിന്നാണ് സതിയമ്മയെ ജോലിക്കെടുത്തതെന്നും ഊഴം കഴിഞ്ഞതിനാലാണ് പിരിച്ചുവിട്ടതെന്നുമുള്ള അധികൃതരുടെ ഭാഷ്യം നന്ദികേടിന്റേതാണ്. 11 വർഷമായി സതിയമ്മ താൽക്കാലിക ജീവനക്കാരിയായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. ഇപ്പോളെങ്ങനെ ആൾമാറാട്ടക്കാരിയായി. പെട്ടെന്ന് തീരുമാനമുണ്ടാകാൻ ആ അമ്പത്തിരണ്ടുകാരി ചെയ്ത തെറ്റ് ഉമ്മൻ ചാണ്ടിയെന്ന മുൻ മുഖ്യമന്ത്രിയുടെ കരുതൽ തന്റെ ജീവിതാനുഭവത്തോടു ചേർത്തുനിർത്തി ഹൃദയം തുറന്നു എന്നതല്ലാതെ മറ്റെന്താണ്?


കഴിഞ്ഞ ദിവസം ജോലിക്കെത്തിയപ്പോഴാണ് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയരക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്ക് കയറേണ്ടെന്ന് സതിയമ്മയെ അറിയിച്ചതത്രെ. മുകളിൽ നിന്നുള്ള സമ്മർദമാണ് പിരിച്ചുവിടലിന് പിന്നിലെന്നും സൂചനയുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലാണ് ഈ മൃഗാശുപത്രി. ഇത്രയും കാലം സതിയമ്മ ആൾമാറാട്ടം നടത്തിയാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്നാണ് അധികൃതർ പറയുന്നത്. മറ്റൊരാളുടെ പേരിലാണ് ജോലി ചെയ്തിരുന്നതെന്നും അവരുടെ പേരിലാണ് ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് പോയിരിക്കുന്നതെന്നും മന്ത്രി വാസവനും ചിഞ്ചുറാണിയും മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. ഇത് ശരിയായിരിക്കാം. പക്ഷേ ഒരു ചോദ്യമുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന ഒരു പഞ്ചായത്തിൽ നടന്ന ഈ ആൾമാറാട്ടം ഇത്രയും കാലം എന്തുകൊണ്ട് കണ്ടുപിടിക്കുകയോ തിരുത്തുകയോ ചെയ്തില്ല. അതിന് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തുന്നതുവരെ എന്തിന് കാത്തിരിന്നു.


എതിർപക്ഷത്തെ പുകഴ്ത്തുന്നതിലുള്ള അസഹിഷ്ണുതയിൽ മാനവികത ചോരുന്നത് ജനാധിപത്യത്തിന് നന്നല്ല. മന്ത്രിമാർക്കെതിരേ വിമർശനം ഉന്നയിക്കുന്നവരെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്നതിൽ ഒരുമടിയും ഇല്ലാതായിരിക്കുകയാണോ നമ്മുടെ ഭരണകൂടത്തിന്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചവർക്കെതിരേ കേസുകളും അച്ചടക്കനടപടികളും വർധിക്കുകയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുള്ള ഇത്തരത്തിലുള്ള കണക്ക് നിയമസഭയിൽ തന്നെ വ്യക്തമാക്കിയിരുന്നു. സർക്കാരിനെയും മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരെയും സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിന് ഒന്നാം പിണറായി സർക്കാർ കേസെടുത്തത് 41 സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയാണ്. ഇക്കൂട്ടത്തിൽ പിണറായി വിജയനെ അധിക്ഷേപിച്ചതിന് കേസെടുത്തത് 119 പേർക്കെതിരേയായിരുന്നു. ഇതിൽ 12 പേർ സർക്കാർ ജീവനക്കാരായിരുന്നു. രണ്ടാം പിണറായി സർക്കാരും ഇത്തരം വഴികളിലൂടെ തന്നെയാണ് നീങ്ങുന്നത്.


താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന് ലൈസൻസ് നൽകാൻ മന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്ന് പൊലിസിന് മൊഴി നൽകിയ മാരിടൈം ബോർഡ് സി.ഇ.ഒയെ മാറ്റിയത് കഴിഞ്ഞ ദിവസമാണ്. അത്‌ലാന്റിക്ക ബോട്ടുടമയുടെ അപേക്ഷ പരിഗണിക്കാൻ ആവശ്യപ്പെട്ട് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി വിളിച്ചിരുന്നുവെന്നായിരുന്നു അന്വേഷണത്തിന്റെ ഭാഗമായുള്ള ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുടെ മൊഴി. താനൂരിൽ അപകടത്തിനിടയാക്കിയ ബോട്ടിന് രജിസ്‌ട്രേഷൻ ലഭിച്ചതിനു പിന്നിൽ ഉന്നത ഇടപെടലുണ്ടായോ എന്ന് അന്വേഷിക്കേണ്ടതിനു പകരം മൊഴി നൽകിയ ഉദ്യോഗസ്ഥനെ മാറ്റുകയാണ് ചെയ്തത്.
ആരോപണങ്ങൾ ഉന്നയിക്കുന്നവരെ പ്രതിസ്ഥാനത്തു നിർത്തുന്ന അപകട കാലഘട്ടത്തിലൂടെയാണ് കേരളത്തിലെയും രാജ്യത്തെയും രാഷ്ട്രീയം കടന്നുപോകുന്നത്.

കേന്ദ്രത്തിലെ മോദി സർക്കാർ പിന്തുടരുന്ന അതേ നയങ്ങൾ കേരളത്തിലെ ഇടതുസർക്കാരും സ്വീകരിക്കുകയാണ് എന്ന ആക്ഷേപത്തിന് ബലം നൽകുന്നതാണ് പ്രതിപക്ഷ നേതാക്കൾക്കെതിരേയുള്ള അന്വേഷണങ്ങളും കേസുകളും. 2014ൽ അധികാരത്തിൽ വന്ന നരേന്ദ്രമോദി സർക്കാർ രണ്ടാമൂഴത്തിന്റെ അന്ത്യഘട്ടത്തിലേക്ക് കടന്നപ്പോൾ

അധികാര മണ്ഡലങ്ങളിലും സമസ്ത മേഖലകളിലും കൊടികുത്തിവാഴുന്നത് സ്വജനപക്ഷപാതവും വർഗീയതയുമാണ്. മതേതര കാഴ്ചപ്പാടും സാമൂഹിക സമത്വ മുദ്രാവാക്യങ്ങളും ഉയർത്തുന്നവർ സർവമേഖലകളിൽനിന്നും പറിച്ചുമാറ്റപ്പെടുന്നു. ഫാസിസത്തെ പിന്തുണയ്ക്കാത്തവരെല്ലാം അപ്രസക്തമാക്കപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ പ്രതിരോധമുയർത്തേണ്ട കേരളത്തിലെ ഇടതു നേതാക്കളെ ഒരു സാധാരണ വീട്ടമ്മയായ സതിയമ്മയുടെ വാക്കുകൾപോലും അസ്വസ്ഥപ്പെടുത്തുന്നുവെങ്കിൽ, എവിടെയാണ് ഇനിയും പ്രതീക്ഷയുടെ നാമ്പുകൾ ഉള്ളത്?


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.