2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള നിയന്ത്രണം; കാനഡ രണ്ട് തട്ടില്‍; നിര്‍ദേശം അംഗീകരിക്കില്ലെന്ന് ക്യൂബെക് പ്രവിശ്യ

വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള നിയന്ത്രണം; കാനഡ രണ്ട് തട്ടില്‍; നിര്‍ദേശം അംഗീകരിക്കില്ലെന്ന് ക്യൂബെക് പ്രവിശ്യ

വിദേശ കുടിയേറ്റം കാരണം വീട്ടുവാടക കുത്തനെ ഉയര്‍ന്നതും സ്വദേശികള്‍ക്ക് തൊഴില്‍ സാധ്യതകള്‍ കുറഞ്ഞതും കാനഡയില്‍ വലിയ പ്രതിസന്ധിക്ക് ഇടവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. സ്വദേശികള്‍ക്കിടയില്‍ നിന്ന് മുറുമുറുപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റുഡന്റ് വിസയില്‍ ഇളവ് വരുത്താന്‍ കനേഡിയന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ടെന്ന വാര്‍ത്ത ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തുകയും ചെയ്തിരുന്നു. എങ്കിലും വിഷയത്തെ കുറിച്ച് ഔദ്യോഗിക തലത്തില്‍ നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ആകെയുള്ള ആശ്വാസം.

എന്നാല്‍ വിദേശ വിദ്യാര്‍ഥി നിയന്ത്രണത്തില്‍ കാനഡയിലെ തന്നെ ചില പ്രവിശ്യ ഗവണ്‍മെന്റുകളും കനേഡിയന്‍ സര്‍ക്കാരും തമ്മില്‍ വിരുദ്ധാഭിപ്രായമാണുള്ളത്. ദേശീയ തലത്തില്‍ നിയന്ത്രണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോള്‍ ചില പ്രവിശ്യകള്‍ നിയന്ത്രണം വേണ്ടെന്ന നിലപാടിലാണ്. കാനഡയിലെ സുപ്രധാന വാണിജ്യ മേഖലയായ ക്യൂബക് ഇതിലൊന്നാണ്. അന്തര്‍ ദേശീയ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ദേശീയ ഗവണ്‍മെന്റിന്റെ നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് ക്യൂബക് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസം പ്രവിശ്യാ അധികാര പരിധിയില്‍ പെടുന്നതിനാല്‍ ക്യൂബെക്കിന്റെ ഈ നിലപാട് ഫെഡറല്‍ ഗവണ്‍മെന്റുമായി നേരിട്ടുള്ള സംഘര്‍ഷത്തിന്റെ സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. വിഷയത്തെ കുറിച്ച് ക്യൂബെക് ഇമിഗ്രേഷന്‍ മന്ത്രി ക്രിസ്റ്റീന്‍ ഫ്രെഷറ്റിന്റെ വക്താവ് അലക്‌സാണ്ടര്‍ ലഹായ് സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്.

‘ അന്തര്‍ ദേശീയ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി നിര്‍ണയിക്കാനുള്ള ക്യൂബെക് പോലുള്ള പ്രവിശ്യകള്‍ക്കുണ്ട്. ക്യൂബെക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എണ്ണം നിര്‍ണ്ണയിക്കും,’ അദ്ദേഹം പറഞ്ഞു.

എന്താണ് കാരണം?

വിദേശ കുടിയേറ്റം രാജ്യത്തെ സാമ്പത്തിക നില തകര്‍ത്തെന്നാണ് ഉയരുന്ന പ്രധാന ആരോപണം. വിദ്യാര്‍ഥികള്‍ വലിയ തോതില്‍ രാജ്യത്തെത്തിയതോടെ കാനഡയില്‍ ഇവര്‍ക്കായി വാടക വീടുകള്‍ കിട്ടാനില്ലാതായി. വലിയ രീതിയില്‍ വീട്ടുവാടക വര്‍ധിക്കുകയും ചെയ്തു. വിദേശീയരുടെ ഒഴുക്ക് കുറഞ്ഞ വേതനത്തില്‍ ലഭ്യമാവുന്ന തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കി. ഇതോടെയാണ് സ്വദേശികള്‍ക്കിടയില്‍ വിദേശികളോട് പ്രശനങ്ങള്‍ ഉരുത്തിരിഞ്ഞുവന്നത്.

തുടര്‍ന്നാണ് കാനഡയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചത്. വര്‍ധിച്ചുവരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ വിസാനിയന്ത്രണം കൊണ്ടുവരണമെന്നായി പിന്നീട് ആവശ്യം. ഭവന വകുപ്പ് മന്ത്രി ഫ്രേസര്‍ ഇക്കാര്യത്തെക്കുറിച്ച് സൂചന നല്‍കുകയും ചെയ്തു. സ്വകാര്യ കോളജുകളെ പ്രതിനിധീകരിക്കുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് കരിയര്‍ കോളജുകള്‍ പോലുള്ള ചില അസോസിയേഷനുകള്‍ ഈ തീരുമാനത്തെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

എന്താണ് യാഥാര്‍ത്ഥ്യം?

യഥാര്‍ത്ഥത്തില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ കടന്നു വരവ് കാനഡക്ക് സാമ്പത്തിക പരമായി വലിയ നേട്ടമാണുണ്ടാക്കുന്നത്. കനേഡിയന്‍ വിദ്യാര്‍ഥികളേക്കാള്‍ വലിയ ട്യൂഷന്‍ ഫീസാണ് വിദേശ വിദ്യാര്‍ഥികളില്‍ നിന്ന് പല സര്‍വകലാശാലകളും ഈടാക്കുന്നത്. വിദേശ വിദ്യാര്‍ഥികളുടെ സീറ്റുകള്‍ക്ക് പ്രവിശ്യാ ഗ്രാന്റുകളും സബ്‌സിഡിയും നല്‍കാറുമില്ല. അതുകൊണ്ട് തന്നെ മൂന്ന് മുതല്‍ പത്തിരട്ടി വരെയാണ് പ്രാദേശിക വിദ്യാര്‍ഥികളെ അപേക്ഷിച്ച് വിദേശ വിദ്യാര്‍ഥികളുടെ ഫീസ്.

വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങിക്കുന്ന ഈ അധിക ട്യൂഷന്‍ ഫീയാണ് കനേഡിയന്‍ പോസ്റ്റ്‌സെക്കന്‍ഡറി വിദ്യാഭ്യാസ സമ്പ്രദായം മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാന ഘടകം. ഇതുകൊണ്ട് ഒക്കെ തന്നെയാണ് ചില പ്രവിശ്യകള്‍ വിദേശ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതും.

150ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കാനഡയില്‍ പഠിക്കുന്നുണ്ടെങ്കിലും അതില്‍ 40 ശതമാനവും ഇന്ത്യക്കാരാണ്. ഒന്റാറിയോയിലെ ആറ് കോളേജുകളിലെങ്കിലും കാനഡയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളായി ഇന്ത്യാക്കാരുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപകാലത്ത് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ടെങ്കിലും കാനഡയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവൊന്നുമില്ല.പുതിയ നിയമം പ്രാപല്യത്തിലെത്തിയാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോവുന്നതും മലയാളികളടക്കമുള്ള ഇന്ത്യക്കാരെ തന്നെയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.