2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഭൂരിഭാഗവും മുന്നോക്കക്കാര്‍

നായർ സമുദായത്തിന് 40.5 ശതമാനം അധികം പ്രാതിനിധ്യം

എ.കെ ഫസലുറഹ്മാന്‍.

മലപ്പുറം: സംവരണ തത്വങ്ങള്‍ മറികടന്ന് സാമ്പത്തിക സംവരണവുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുപോകുമ്പോഴും സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിലവില്‍ തന്നെ സവര്‍ണ ആധിപത്യം.

വിവിധ പിന്നോക്ക സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട ജനസംഖ്യാനുപാതിക പ്രാതിനിധ്യം പോലും ലഭിക്കാതിരിക്കുമ്പോഴാണ് മുന്നോക്ക വിഭാഗങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ കൈയടക്കിവച്ചിരിക്കുന്നത്. സര്‍ക്കാര്‍ തസ്തികകളിലെ ആനുപാതിക പ്രാതിനിധ്യം വിവരിക്കുന്നതിന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തില്‍ നായര്‍ സമുദായത്തിന് 40.5 ശതമാനം അധികം പ്രാതിനിധ്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ജനസംഖ്യയിലെ 12.5 ശതമാനമുണ്ടെന്ന് അവകാശപ്പെടുന്ന നായര്‍ സമുദായത്തിന് സര്‍ക്കാര്‍ ഉദ്യോഗത്തില്‍ 21 ശതമാനം പ്രാതിനിധ്യം ഉണ്ട്. ജനസംഖ്യാനുപാതികമായുള്ള ഉദ്യോഗ പ്രാതിനിധ്യത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിലുള്ളത് മുസ്‌ലിംകളാണ്. ഔദ്യോഗിക കണക്കുപ്രകാരം ജനസംഖ്യയുടെ 26. 9 ശതമാനമുള്ള മുസ്‌ലിംകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തില്‍ 136 ശതമാനം കുറവ് പ്രാതിനിധ്യമാണുള്ളത്. ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ സര്‍ക്കാര്‍ സര്‍വിസില്‍ 11.4 ശതമാനമേയുള്ളൂ. പട്ടിക വര്‍ഗക്കാരേക്കാള്‍ പിന്നാക്കമാണ് മുസ്‌ലിംകളെന്ന് ഈ കണക്ക് സൂചിപ്പിക്കുന്നു.


2001 ലെ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ സര്‍വിസില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള സംവരണ സമുദായങ്ങളുടെ പ്രാതിനിധ്യം വേണ്ടത്ര മെച്ചപ്പെട്ടിട്ടില്ലെന്നും ബാക്ക് ലോഗ് നികത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വേണ്ടത്ര ഇടപെടലുകള്‍ ഉണ്ടായില്ല. നാമമാത്ര സംവരണവും അന്‍പത് ശതമാനം ഓപണ്‍ മെറിറ്റ് അവസരവും ഉണ്ടായിട്ടും ആവശ്യമായ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പിന്നോക്കവിഭാഗങ്ങള്‍ പിന്നോക്കമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിലവില്‍ തന്നെ സര്‍ക്കാര്‍ ഉദ്യോഗം കൈയടക്കിയ മുന്നോക്ക വിഭാഗങ്ങള്‍ക്ക് അധികമായി പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.