2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംവരണം: കോടതി ചോദ്യംചെയ്യുന്നത് ദേശീയ മൂല്യങ്ങളെ

എന്‍.പി ചെക്കുട്ടി

 

2020 ഫെബ്രുവരി ഏഴിനു സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് സംവരണ വിഷയത്തില്‍ നല്‍കിയ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് തീര്‍ച്ചയാണ്. സുപ്രിംകോടതിയിലെ ജസ്റ്റിസ് നാഗേശ്വര്‍ റാവു, ഹേമന്ത് ഗുപ്ത എന്നീ ജഡ്ജിമാരാണ് ഇപ്പോള്‍ വിവാദമായ വിധിന്യായം തയാറാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച പാര്‍ലമെന്റില്‍ വലിയ ബഹളങ്ങള്‍ക്കു ഈ വിധി കാരണമായിത്തീര്‍ന്നു. ദേശീയതലത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങാന്‍ ദലിത് നേതാവും ഭീം ആര്‍മി തലവനുമായ ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ആഹ്വാനം നല്‍കിയിരിക്കുകയാണ്. സമരം വ്യാപിക്കുന്നതോടെ അത് ദേശീയ തലത്തില്‍ ഏറ്റവും വിവാദപരമായ രാഷ്ട്രീയ പ്രശ്‌നമായി ഉയരും എന്നു തീര്‍ച്ചയാണ്.

എന്തുകൊണ്ട് ഈ വിധിന്യായം ഇത്രമേല്‍ ഉത്കണ്ഠകള്‍ക്കു ഇടയാക്കുന്നു എന്ന കാര്യം ആദ്യമേ പരിശോധിക്കപ്പെടേണ്ടതാണ്. വിധിയില്‍ പറയുന്നത് ഒരു പൗരനു സര്‍ക്കാര്‍ ജോലിയില്‍ സംവരണം ആവശ്യപ്പെടാനുള്ള അര്‍ഹതയോ സര്‍ക്കാരിന് അത് നല്‍കാനുള്ള ബാധ്യതയോ ഇല്ലെന്നാണ്. അതായതു ഇന്ന് നല്‍കപ്പെടുന്ന സംവരണം രാജ്യത്തെ സാമൂഹികമായ പിന്നാക്കാവസ്ഥയുടെ പീഡനങ്ങള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഒരു അവകാശം എന്ന നിലയില്‍ നല്‍കപ്പെടുന്നതല്ല. മറിച്ചു സമൂഹത്തിലെ ചില വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടനാ ശില്‍പികള്‍ ഏര്‍പ്പെടുത്തിയ ഒരു താത്കാലിക പരിഹാരം മാത്രമാണ് ഇന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കവിഭാഗങ്ങളും സമുദായങ്ങളും അനുഭവിച്ചു വരുന്ന സംവരണം എന്ന ആനുകൂല്യം. ഭരണഘടനയുടെ പതിനാറാം അനുച്ഛേദം സെക്ഷന്‍ 4, 4 (ബി) എന്നിവയുടെ വ്യാഖ്യാനം വഴി സുപ്രിംകോടതി എത്തിചേരുന്ന നിഗമനം ഇന്ന് അനുഭവിച്ചു വരുന്ന സംവരണ ആനുകൂല്യം ഭാവിയില്‍ അവര്‍ക്കു അപ്രാപ്യമാക്കും എന്നതാണ് നിലവിലുള്ള സാഹചര്യം.

സുപ്രിംകോടതി വിധി വന്നത് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഒരു വിധിയെ സംബന്ധിച്ച് ഫയല്‍ ചെയ്യപ്പെട്ട കേസിന്റെ അടിസ്ഥാനത്തിലാണ്. കേസിന്റെ തുടക്കം 2012ല്‍ ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഒരു ഉത്തരവിലാണ്. അന്ന് കോണ്‍ഗ്രസാണ് അവിടെ ഭരിക്കുന്നത്. അന്നത്തെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നിയമനങ്ങളിലും പ്രമോഷനുകളിലും നിര്‍ബന്ധമായും സംവരണം പാലിക്കേണ്ടതില്ല എന്നാണ് പറഞ്ഞത്. ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും സംവരണ മാനദണ്ഡം പാലിക്കണം എന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. അതിനെ വീണ്ടും സുപ്രിംകോടതിയില്‍ അപ്പീലിലൂടെ ചോദ്യം ചെയ്തപ്പോള്‍ ഭരണം മാറി, സംസ്ഥാനത്തു ബി.ജെ.പി അധികാരത്തില്‍ എത്തിയിരുന്നു. സുപ്രിംകോടതിയില്‍ സംവരണത്തെ എതിര്‍ക്കുന്ന വാദമുഖങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഉന്നയിച്ചത് ബി.ജെ.പി സര്‍ക്കാരിന്റെ അഭിഭാഷകരാണ്.
സംവരണ തത്വങ്ങള്‍ സര്‍ക്കാര്‍ നിയമനങ്ങളില്‍ പാലിക്കേണ്ടതില്ല എന്ന് സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് പറയുന്നത് ഭരണഘടനയില്‍ അങ്ങനെയൊരു കാര്യം പറയുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ്. നിലവിലുള്ള പിന്നാക്കാവസ്ഥക്കു പരിഹാരം എന്ന നിലയില്‍ ചില മാര്‍ഗനിര്‍ദേശങ്ങളാണ് മേല്‍പറഞ്ഞ പതിനാറാം അനുച്ഛേദത്തില്‍ വരുന്നത്. അങ്ങനെ ആര്‍ക്കെങ്കിലും പിന്നാക്കാവസ്ഥയുണ്ടോ എന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്നത് അത് സംബന്ധമായ വസ്തുതാ പഠനങ്ങള്‍ നടത്തിയാണ്. പക്ഷെ പുതിയ സുപ്രിംകോടതി വിധി പ്രകാരം പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്താനും സര്‍ക്കാരിന് ഒരു ബാധ്യതയുമില്ല. അങ്ങനെയൊരു പഠനത്തിന്റെ അഭാവത്തില്‍ പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണമോ സംവരണാടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റമോ നല്‍കാനും സര്‍ക്കാരിന് ബാധ്യതയില്ല.

നേരത്തെ സുപ്രിംകോടതിയുടെ തന്നെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് സംവരണം, സംവരണാടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങള്‍ നടന്നു വന്നത്. അഞ്ചംഗ ബെഞ്ചിന്റെ വിധിയെ രണ്ടംഗ ബെഞ്ചിന് അസ്ഥിരപ്പെടുത്താന്‍ കഴിയുമോ, ഭാവിയില്‍ പ്രശ്‌നം വീണ്ടും ഒരു വിപുലമായ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്കു പോകുമോ തുടങ്ങിയ വിഷയങ്ങള്‍ നിയമവിദഗ്ധര്‍ക്കു വിട്ടുകൊടുക്കാം. കാരണം വളരെയേറെ നിയമപരമായ നൂലാമാലകള്‍ വിഷയത്തില്‍ അടങ്ങിയിരിക്കുന്നുണ്ട്. പക്ഷെ രാഷ്ട്രീയമായി സംവരണ വിഷയം വീണ്ടും ഒരു ടൈം ബോംബായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പൊട്ടിത്തെറിക്കാന്‍ പോകുകയാണ് എന്ന് ബോധ്യപ്പെടാന്‍ അധികം പ്രയാസപ്പെടേണ്ടതില്ല.
1990ല്‍ പ്രധാനമന്ത്രി വി.പി സിങ് മണ്ഡല്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയില്‍ സവര്‍ണ വിഭാഗങ്ങളും അവയുടെ മാധ്യമങ്ങളും അവര്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും എങ്ങനെയാണ് അതിനോട് പ്രതികരിച്ചത് എന്ന കാര്യം ഓര്‍ക്കുക. വി.പി സിങ്ങിന്റെ രക്തം ചോദിച്ചുകൊണ്ടാണ് ഇക്കൂട്ടര്‍ അന്ന് തെരുവുകളില്‍ കാപാലിക താണ്ഡവം നടത്തിയത്. ഇന്ത്യയുടെ നാനാപ്രദേശങ്ങളിലും അന്ന് സംവരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. മെറിറ്റ് കുളത്തിലാവും, കഴിവുകെട്ടവര്‍ പദവികള്‍ കയ്യടക്കും എന്നതായിരുന്നു അവരുടെ വായ്ത്താരി. ഉന്നത ജാതിക്കാര്‍ സവിശേഷമായ കഴിവുള്ള കൂട്ടരും പിന്നാക്കക്കാര്‍ കഴിവുകെട്ടവരും എന്നായിരുന്നു അതിന്റെ വ്യംഗ്യം.
ഇന്ത്യാ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്സ് തുടങ്ങിയ മാധ്യമങ്ങള്‍ അന്ന് സംവരണ വിരുദ്ധ പ്രചാരവേലയില്‍ മുന്നില്‍ നിന്ന മാധ്യമങ്ങളാണ്. സംവരണത്തെ എതിര്‍ക്കുന്നത് രാജ്യ താല്‍പര്യത്തിനു വേണ്ടിയാണ്, യോഗ്യതയില്ലാത്തവര്‍ കേറിവന്നു ഭരണവും മറ്റു മേഖലകളും കുട്ടിച്ചോറാവുന്നതു തടയുകയാണ് തങ്ങളുടെ ലക്ഷ്യം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അന്ന് അവര്‍ മുഴക്കിയത്.

പക്ഷെ അത് എത്രമാത്രം യാഥാര്‍ഥ്യ വിരുദ്ധവും അടിസ്ഥാനരഹിതവുമായ വാദമുഖങ്ങളായിരുന്നു എന്ന് ഇന്ന് പരിശോധിക്കുമ്പോള്‍ മനസ്സിലാവും. കാരണം സംവരണത്തിന്റെ ആനുകൂല്യം ഇന്ത്യയിലെ പിന്നാക്ക ദലിത് വിഭാഗങ്ങള്‍ നേടിയെടുത്ത തൊണ്ണൂറുകള്‍ക്കു ശേഷമാണ് സാമ്പത്തിക രംഗത്തും സാങ്കേതിക മേഖലയിലും മറ്റു സുപ്രധാന രംഗങ്ങളിലും ഇന്ത്യ സാര്‍വദേശീയ തലത്തില്‍ തന്നെ ഉയര്‍ന്നുവന്നത്. അതിനു ഒരു കാരണം ഇന്നലെ വരെ അടിച്ചമര്‍ത്തലിനു വിധേയമായി നിലകൊണ്ട സാമൂഹിക വിഭാഗങ്ങളുടെ അപാരമായ നിര്‍മാണശേഷി രാജ്യപുരോഗതിക്കു ലഭ്യമായത് ഭരണകൂടം വിവിധതലങ്ങളില്‍ അവരെക്കൂടി ഉള്‍കൊണ്ടതിന് ശേഷമാണ്.

സംവരണം മെറിറ്റിനെ തടയുകയല്ല, കൂടുതല്‍ വൈവിധ്യപൂര്‍ണമായ ശേഷികള്‍ രാജ്യത്തിന് ലഭ്യമാക്കുകയാണ് ചെയ്തത്. ഇന്ന് ആരും അത്തരത്തിലുള്ള വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ ധൈര്യപ്പെടുകയില്ല. കാരണം ഇന്ത്യയുടെ സമീപകാല വികസന കുതിപ്പിന് രാസത്വരകമായതു ഇന്നലെവരെ അകറ്റിനിര്‍ത്തപ്പെട്ടവര്‍ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളായി രംഗത്തെത്തി എന്നത് തന്നെയാണ്. ഈ മാറ്റത്തിന്റെ സൂചനയായാണ് ബഹുജന്‍ സമാജ് പാര്‍ട്ടി ഇന്ത്യയിലെ പ്രമുഖ സംസ്ഥാനത്തു അധികാരത്തിലേറിയതും കെ.ആര്‍ നാരായണനെപ്പോലുള്ള ഒരു പ്രഗത്ഭന്‍ രാഷ്ട്രപതി മന്ദിരത്തില്‍ എത്തിയതും.
നിര്‍ഭാഗ്യവശാല്‍, രാജ്യത്തിന്റെ ഈ പുരോഗതിയുടെ സാമൂഹികമായ അടിത്തറ മനസ്സിലാക്കി അതിനെ പ്രോത്സാഹിപ്പിക്കാന്‍ തയാറുള്ള ഒരു ഭരണകൂടമല്ല ഇന്ന് ഇന്ത്യയില്‍ അധികാരത്തില്‍ ഇരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ബ്രാഹ്മണ്യത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ഒരു പ്രസ്ഥാനമാണ്. അവര്‍ ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാന നിയമങ്ങളില്‍ വിശ്വസിക്കുന്നവരാണ്. ദസ്യുക്കള്‍ എന്ന് അവര്‍ പണ്ട് വിശേഷിപ്പിച്ച കൂട്ടര്‍ അധികാരഘടനയില്‍ പങ്കാളിത്തത്തിന് അര്‍ഹരല്ല എന്നത് ഈ ചിന്തയുടെ സ്വഭാവമാണ്. സുപ്രിംകോടതിയും ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ ഈ സവര്‍ണ മൂല്യങ്ങളെയാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. ജാതീയമായ താല്‍പര്യങ്ങളും ചിന്തകളും നമ്മുടെ സമുന്നത നീതിന്യായ കോടതികളെപ്പോലും ഭരിക്കുന്നു എന്ന് കാണാന്‍ പ്രയാസമില്ല.

ഇതും പക്ഷെ പുതിയ കാര്യമല്ല. നേരത്തെ പട്ടികജാതി പട്ടികവര്‍ഗ പീഡനം സംബന്ധിച്ച നിയമത്തില്‍ വെള്ളം ചേര്‍ക്കാനും ജാതി പീഡന കേസുകളില്‍ പ്രതികളെ സഹായിക്കാനും കോടതി തയാറായി. ഇത്തരം കേസുകള്‍ പലതും കെട്ടിച്ചമച്ചവയാണ് എന്ന് കോടതി നിഗമനത്തിലെത്തി. വസ്തുതകള്‍ അങ്ങനെയല്ല എന്ന് ഇന്ത്യയിലെ ജാതിപീഡനത്തിന്റെ ക്രൂരതകള്‍ അനുഭവിച്ചവര്‍ക്ക് അറിയാം. പക്ഷെ അവരുടെ പ്രതിനിധികള്‍ അപൂര്‍വമായി മാത്രമാണ് അധികാരത്തിന്റെ ഈ ഉത്തുംഗ മണ്ഡലങ്ങളില്‍ എത്തുന്നത്. ഇനി ഭാവിയില്‍ അതിനുള്ള വിദൂര സാധ്യത കൂടി തല്ലിക്കെടുത്താനുള്ള സംഘടിത നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News