വാഷിങ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മെക്കാര്‍ത്തിയെ പുറത്താക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഡെമോക്രറ്റ് അംഗങ്ങളുമായുള്ള കെവിന്‍ മെക്കാര്‍ത്തിയുടെ സഹകരണമാണ് സ്പീക്കര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രമേയം കൊണ്ടു വരാന്‍ കാരണമായത്.
യു.എസ് ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ ഇത്തരത്തില്‍ വോട്ടെടുപ്പിലൂടെ പുറത്താകുന്നത്. 210 നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്. അമേരിക്കയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീക്കര്‍ ഇത്തരത്തില്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.
സര്‍ക്കാരിന്റെ അടിയന്തര ധനവിനിയോഗ ബില്‍ പാസാക്കാന്‍ സ്പീക്കര്‍ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്പീക്കറുടെ പ്രവൃത്തിയില്‍ അതൃപ്തി രേഖപ്പെടുത്തി അംഗങ്ങള്‍ തന്നെയാണ് പുറത്താക്കാനുള്ള പ്രമേയം കൊണ്ടു വന്നത്.
എട്ട് റിപ്പബ്ലിക്ക് പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ചെയ്തതോടെയാണ് മെക്കാര്‍ത്തിക്ക് പുറത്ത് പോകേണ്ടി വന്നത്. 216 പേര്‍ മെക്കാര്‍ത്തിയെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 210പേരാണ് എതിര്‍ത്തത്. എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെ മെക്കാര്‍ത്തിക്ക് സ്ഥാനം നഷ്ടമാവുകയായിരുന്നു. റിപ്പബ്ലിക്കന്മാര്‍ക്ക് 221 അംഗങ്ങളും ഡെമോക്രാറ്റുകള്‍ക്ക് 212 അംഗങ്ങളുമാണുള്ളത്.
നോര്‍ത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി പാട്രിക് മക്‌ഹെന്റിയാണ് താല്‍ക്കാലികമായി സഭയെ നയിക്കുക. മക്കാര്‍ത്തിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒരാളായ മക്‌ഹെന്റി സ്പീക്കര്‍ പ്രോ ടെംപോര്‍ എന്നാണ് അറിയപ്പെടുന്നത്. ഹൗസ് സ്പീക്കറെ അപേക്ഷിച്ച് പ്രോ ടെം സ്പീക്കര്‍ക്ക് വളരെ പരിമിതമായ അധികാരങ്ങളാണുള്ളത്, എന്നാല്‍ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം ചേംബറില്‍ അധ്യക്ഷനാകും.
യു.എസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ശേഷമുള്ള ഉന്നത പദവിയാണ് ജനപ്രതിനിധിസഭ സ്പീക്കറുടേത്. 2019 മുതല്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്മാരുടെ നേതാവായിരുന്നു മക്കാര്‍ത്തി. ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു മക്കാര്‍ത്തി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ വര്‍ഷം ജനുവരിയിലാണ് അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ 55ാം സ്പീക്കറായി കെവിന്‍ മക്കാര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടത്. നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു മക്കാര്‍ത്തി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 20 വിമത ആംഗങ്ങള്‍ മക്കാര്‍ത്തിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെയാണ് തെരഞ്ഞെടുപ്പ് നാടകീയമായി മാറിയത്. 14 വിമതര്‍ പിന്നീട് നിലപാട് മയപ്പെടുത്തിയതോടെയാണ് മക്കാര്‍ത്തി സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് വിമതനീക്കത്തിന് ചുക്കാന്‍ പിടിച്ച മാറ്റ് ഗേറ്റ്‌സ് മക്കാര്‍ത്തിക്ക് വോട്ട് ചെയ്യാന്‍ വിമത അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
15ാം റൗണ്ട് വോട്ടെടുപ്പിലായിരുന്നു മക്കാര്‍ത്തിക്ക് വിജയിക്കാനായത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു സ്പീക്കറെ തിരഞ്ഞെടുക്കാന്‍ ഒന്നിലേറെ റൗണ്ട് വോട്ടെടുപ്പ് ആവശ്യമായി വന്നത്. ഭൂരിപക്ഷം ഉണ്ടായിട്ടും സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ അംഗങ്ങളെ ഒരുമിച്ച് നിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അന്നേ തലവേദനയായിരുന്നു. നേരത്തെ വിമതനീക്കത്തിന് നേതൃത്വം നല്‍കിയ മാറ്റ് ഗെയ്റ്റ്‌സ് തന്നെയാണ് മക്കാര്‍ത്തിയെ പുറത്താക്കാനുള്ള നോട്ടിസ് നല്‍കിയത്.
Comments are closed for this post.