ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. അദാനി വിവാദവുമായി ബന്ധപ്പെട്ട് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്ത നല്‍കുന്നത് തടയണമെന്ന് കാട്ടി അഭിഭാഷകന്‍ എം എല്‍ ശര്‍മ്മ നല്‍കിയ ഹര്‍ജി പരാമര്‍ശിച്ചപ്പോളാണ് കോടതി ഈക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ഒരു നിര്‍ദ്ദേശവും കോടതികള്‍ക്ക് നല്‍കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.
അതേസമയം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതി സമിതി സംബന്ധിച്ചുള്ള ഉത്തരവ് ഉടനുണ്ടാകുമെന്ന് കോടതി അറിയിച്ചു. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരിവിപണിയിലുണ്ടായ തകര്‍ച്ച ആവര്‍ത്തിക്കാതെയിരിക്കാന്‍ പഠനത്തിനായുള്ളതാണ് സമിതി. സമിതിയെ കുറിച്ച് കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു.
Comments are closed for this post.