ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തിമാരെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചില്ല.
മുഗള്‍ ചക്രവര്‍ത്തിമാരായ ഔറംഗസേബിനെയും ഷാജഹാനെയും പരാമര്‍ശിക്കുന്ന 12-ാം ക്ലാസ് എന്‍.സി.ഇ.ആര്‍.ടി ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് ഒരു ഖണ്ഡിക നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. കോടതിയുടെ വിലയേറിയ സമയം അപഹരിച്ചാല്‍ വന്‍ തുക പിഴ ചുമത്തുമെന്നും ഹരജിക്കാരന് മുന്നറിയിപ്പ് നല്‍കി. ഇതോടെ ഹര്‍ജിക്കാരന്‍ തന്നെ ഹരജി പിന്‍വലിച്ചു.
യുദ്ധങ്ങളില്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ പോലും പിന്നീട് അവയുടെ പുനരുദ്ധാരണത്തിന് മുഗള്‍ ചക്രവര്‍ത്തിമാര്‍ സഹായം നല്‍കിയിരുന്നെന്നാണ് പാഠഭാഗത്തില്‍ പറയുന്നത്. എന്നാല്‍, ഇത് വസ്തുതാപരമല്ലെന്നും കുട്ടികളെ പഠിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഹരജികാരന്റെ ആവശ്യം.
ഷാജഹാന്റെയും ഔറംഗസേബിന്റെയും നയങ്ങളില്‍ നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് കരുതി അവരുടെ നയങ്ങള്‍ ഞങ്ങള്‍ മാറ്റണമെന്നാണോ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു.
‘ഇപ്പോഴത്തെ സര്‍ക്കാരുകളുടെ ഭരണനയങ്ങളില്‍ ഇടപെടാന്‍തന്നെ കോടതികള്‍ക്ക് പരിമിതിയുണ്ട്. അപ്പോഴാണ് 400 കൊല്ലംമുമ്പുള്ള കാര്യങ്ങളില്‍ ഇടപെടണമെന്ന ആവശ്യം’ ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
Comments are closed for this post.